ബൈജൂസ് സ്ഥാപകനും മലയാളിയുമായ ബൈജു രവീന്ദ്രന് എതിരെ സിംഗപ്പൂർ കോടതിയുടെ കർശന നടപടി. കോടതിയലക്ഷ്യക്കേസിൽ ആറുമാസത്തെ തടവുശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്.
ശിക്ഷാവിധിക്കൊപ്പം ഉദ്യോഗസ്ഥർക്ക് മുൻപിൽ ഉടൻ കീഴടങ്ങാനും, 70,500 ഡോളർ (ഏകദേശം 68 ലക്ഷം രൂപ) പിഴയായി കെട്ടിവയ്ക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ബ്ലൂംബെർഗാണ് ഈ വാർത്ത പുറത്തുവിട്ടത്.
എന്നാൽ, ഈ വിഷയത്തിൽ ബൈജു രവീന്ദ്രൻ ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. സ്വന്തം ആസ്തികൾ സംബന്ധിച്ച് 2024 ഏപ്രിൽ മുതൽ കോടതി പുറപ്പെടുവിച്ച വിവിധ നിർദ്ദേശങ്ങൾ പാലിക്കാൻ ബൈജു രവീന്ദ്രൻ തയ്യാറായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നിയമനടപടി.
നിലവിൽ ഇദ്ദേഹം സിംഗപ്പൂരിലാണോ ഉള്ളതെന്ന കാര്യത്തിൽ വ്യക്തതയില്ല. ബീആർ ഇൻവെസ്റ്റ്കോ എന്ന കമ്പനിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട
കേസിന്റെ ഭാഗമായാണ് കോടതിയുടെ ഈ ഇടപെടൽ. കമ്പനിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
നേരത്തെ, 120 കോടി ഡോളർ (ഏകദേശം 11,500 കോടി രൂപ) വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതുമായി ബന്ധപ്പെട്ട് യുഎസിലെ ധനകാര്യ സ്ഥാപനങ്ങൾ ബൈജൂസ് സ്ഥാപകർക്കെതിരെ കേസ് ഫയൽ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് യുഎസിലും ഇന്ത്യയിലും നിലവിൽ കേസുകൾ നടന്നുവരികയാണ്.
ബൈജൂസ് എന്ന ആഗോള വിദ്യാഭ്യാസ സാങ്കേതിക കമ്പനിയുടെ മാതൃസ്ഥാപനമായ തിങ്ക് ആൻഡ് ലേൺ വലിയ വളർച്ച കൈവരിച്ചെങ്കിലും, പിന്നീട് കടുത്ത സാമ്പത്തിക പ്രതിസന്ധികളിലേക്ക് കൂപ്പുകുത്തുകയായിരുന്നു. കോവിഡ് കാലത്തെ ഓൺലൈൻ പഠന സൗകര്യങ്ങളിലൂടെ വൻനേട്ടം കൊയ്ത കമ്പനി, പിന്നീട് എതിരാളികളായ ഒട്ടേറെ സ്ഥാപനങ്ങളെ ഏറ്റെടുത്ത് വിപുലീകരിച്ചിരുന്നു.
എന്നാൽ, പിന്നീട് വന്ന സാമ്പത്തിക ആസൂത്രണത്തിലെ പാളിച്ചകളും വായ്പാ തിരിച്ചടവ് മുടങ്ങിയതും കമ്പനിയെ പാപ്പരത്ത നടപടികളിലേക്ക് നയിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

