സുൽത്താൻ ബത്തേരി: സാങ്കേതിക വിദ്യയോടുള്ള അഭിനിവേശവും പ്രായോഗിക ബുദ്ധിയും ഒത്തുചേർന്നപ്പോൾ തിരുനെല്ലി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥികൾ നിർമിച്ചത് ശ്രദ്ധേയമായൊരു മൾട്ടിപർപ്പസ് വാഹനം. പ്ലസ് ടു വിദ്യാർഥികളായ വസുദേവും നാജിഹും ചേർന്ന് ഒരു മാസം കൊണ്ടാണ് ഈ വാഹനം പൂർത്തീകരിച്ചത്.
‘മൾട്ടിപർപ്പസ് ഹോട്ട് വീൽ’ എന്ന് പേരിട്ടിരിക്കുന്ന ഈ വാഹനം കാർഷിക ആവശ്യങ്ങൾക്കും ശുചീകരണ പ്രവർത്തനങ്ങൾക്കും ഒരുപോലെ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. കൃഷിയിടങ്ങളിലെ മണ്ണ് കിളയ്ക്കുന്നതിനും, റോഡുകളിലും മറ്റും വെള്ളം തളിക്കുന്നതിനും ഈ വാഹനം സഹായിക്കുന്നു.
ഇതിനുപുറമെ, ഭാരമേറിയ സാധനങ്ങൾ കൊണ്ടുപോകുന്നതിനും ഗ്രൗണ്ട് ക്ലീനിംഗിനും ഈ വാഹനം ഉപയോഗിക്കാം. പാഷൻ പ്രോ ബൈക്കിന്റെ എൻജിൻ, ഓട്ടോറിക്ഷയുടെ ചക്രങ്ങൾ, ആധുനിക ബൈക്കിന്റെ ഡിസ്ക് ബ്രേക്ക്, ജീപ്പിന്റെ സ്റ്റിയറിങ് എന്നിവ ഒത്തിണക്കിയാണ് ഈ വാഹനം നിർമിച്ചിരിക്കുന്നത്.
സ്ക്രാപ്പ് മെറ്റീരിയലുകൾ ഉപയോഗിച്ച് തയ്യാറാക്കിയ ഈ വാഹനത്തിനായി ഏകദേശം മുപ്പതിനായിരം രൂപയാണ് ചെലവായത്. ഓട്ടോമൊബൈൽ വിഭാഗത്തിലെ വിദ്യാർഥികളാണ് ഇരുവരും.
കുപ്പാടി സ്വദേശികളായ ബിനോയി–സുജിമോൾ ദമ്പതികളുടെ മകനാണ് വസുദേവ്. ബത്തേരി ബ്ലോക്ക് ഓഫീസ് സ്വദേശികളായ മുഹമ്മദ് നസുറുദ്ദീൻ–ഉമ്മു കുൽസു എന്നിവരുടെ മകനാണ് നാജിഹ്.
അധ്യാപകരുടെ പൂർണ പിന്തുണയോടെയാണ് ഈ നേട്ടം കൈവരിച്ചത്. ബത്തേരി നഗരസഭ സംഘടിപ്പിച്ച സ്റ്റുഡന്റ്സ് കൗൺസിൽ അവതരിപ്പിച്ച പ്രോജക്ടിന്റെ ഭാഗമായാണ് ഈ വാഹനം ഇവർ പ്രാവർത്തികമാക്കിയത്.
സ്വന്തമായി നിർമിച്ച വാഹനത്തിൽ സ്കൂളിലെത്തിയാണ് ഇരുവരും തങ്ങളുടെ വിജയം ആഘോഷിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

