മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കുക, എസ്ഐആർ നടപടികൾ നിർത്തിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചും ‘വോട്ടു ചോരി’ പ്രതിഷേധം ഉയർത്തിയും ഇന്ത്യാ മുന്നണി നടത്താനിരുന്ന മഹാറാലി മാറ്റിവച്ചേക്കും. രാംലീല മൈതാനിയിൽ നിന്നാണ് റാലി സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നത്.
മഹാറാലിയും സമരങ്ങളും അടിയന്തരമായി മാറ്റിവയ്ക്കണമെന്ന് ഡൽഹിയിലെ വ്യാപാരികൾ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയായാണ് സമരം മാറ്റിവയ്ക്കണോ എന്ന് ആലോചിക്കുമെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ അറിയിച്ചത്.
നവംബർ 10 വരെ റാലിയും സമരവും ഒഴിവാക്കണമെന്ന് ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രിയാണ് (സിടിഐ) ആവശ്യപ്പെട്ടത്. ദീപാവലിയോട് അനുബന്ധിച്ചുള്ള ‘ധൻതേരസ്’ ദിനത്തിൽ സാധാരണ 25,000 കോടി രൂപയിൽ കുറയാത്ത കച്ചവടം ഡൽഹിയിൽ നടക്കാറുണ്ടെന്ന് രാഹുൽ ഗാന്ധിക്ക് അയച്ച കത്തിൽ സിടിഐ ചെയർമാൻ ബ്രിജേഷ് ഗോയൽ വ്യക്തമാക്കിയിരുന്നു.
ഇക്കുറി നവംബർ 6നാണ് ധൻതേരസ്. നവംബർ എട്ടിനാണ് ദീപാവലി.
ഇതിനിടെ സമരങ്ങളും റാലിയും നടക്കുന്നത് കച്ചവടത്തെ ബാധിക്കുമെന്നും 10,000 കോടിയുടെ നഷ്ടമുണ്ടാകുമെന്നും ഗോയൽ ചൂണ്ടിക്കാട്ടി. ഒക്ടോബറിൽ ഇതുവരെ സമരങ്ങളും റാലികളും മൂലം 3000 കോടിയിൽപ്പരം രൂപയുടെ നഷ്ടം വ്യാപാരികൾക്കുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
ചില്ലറ, മൊത്ത വ്യാപാരികളെ ഒരുപോലെ ബാധിക്കുകയാണ് ഈ പ്രതിഷേധങ്ങൾ. രാംലീല മൈതാനിയുടെ 5 കിലോമീറ്റർ ചുറ്റളവിലാണ് സുപ്രധാന കച്ചവട
കേന്ദ്രങ്ങളായ ചാന്ദിനി ചൗക്, സദർ ബസാർ, ചാവ്രി ബസാർ, ഭാഗീരഥ് പാലസ്, ഖാരി ബൗളി, കശ്മീർ ഗേറ്റ്, നായ് സരക്, മോറി ഗേറ്റ്, കിനാരി ബസാർ, ദാരിബ, ദര്യഗഞ്ച്, അജ്മീരി ഗേറ്റ്, ജമാ മസ്ജിജ്, കരോൾ ബാഗ്, ആസാദ് മാർക്കറ്റ് എന്നിവ സ്ഥിതി ചെയ്യുന്നത്. ബാരിക്കേഡുകളും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തുന്നത് ഇവിടങ്ങളിലെ കച്ചവടത്തെ സ്തംഭിപ്പിക്കും.
ഈ വിപണികളിൽ നിന്നാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഒട്ടേറെ ഉൽപന്നങ്ങൾ പോകുന്നതെന്നും ബ്രിജേഷ് ഗോയൽ കൂട്ടിച്ചേർത്തു. വ്യാപാരികളുടെ ആവശ്യം ഗൗരവമായി ചർച്ച ചെയ്യുമെന്നും റാലി മാറ്റിവയ്ക്കണോ എന്ന് ഇന്നോ നാളെയോ തീരുമാനമെടുക്കുമെന്നും മല്ലികാർജുൻ ഖർഗെ വ്യക്തമാക്കി.
വ്യാപാരികൾക്കും പൊതുജനങ്ങൾക്കും വേണ്ടിയാണ് തങ്ങൾ സമരങ്ങൾ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “വോട്ടുചോരി ഒരു ഗൗരവമുള്ള വിഷയമാണ്.
വോട്ട് ചെയ്യാൻ ജനത്തെ അനുവദിക്കുന്നില്ലെങ്കിൽ ഒരു വ്യാപാരിക്കും കച്ചവടം ചെയ്യാനാവില്ല. ഒരു വിദ്യാർഥിക്കും നല്ലൊരു ഭാവി കെട്ടിപ്പടുക്കാനാവില്ല.
എങ്കിലും, വ്യാപാരികളുടെ അപേക്ഷ ഞങ്ങൾ പരിഗണിക്കും”, ഖർഗെ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

