കോഴിക്കോട് ജില്ലയിലെ റവന്യു വകുപ്പിൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്സി) മുഖേന നിയമനം നേടിയ വനിതാ ജീവനക്കാരെ പിരിച്ചുവിട്ട നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.
തൊഴിൽ നഷ്ടപ്പെട്ട അഞ്ച് വനിതാ ജീവനക്കാരിൽ നാല് പേരാണ് കോഴിക്കോട് കലക്ടറേറ്റിൽ രാത്രി വൈകിയും പ്രതിഷേധം തുടരുന്നത്.
തങ്ങൾക്ക് അനുകൂലമായ തീരുമാനം ഉണ്ടാകുന്നതുവരെ സമരം തുടരുമെന്ന് സമരത്തിലുളളവർ വ്യക്തമാക്കി. യാതൊരുവിധ വിശദീകരണവും തേടാതെയും തങ്ങളുടെ ഭാഗം കേൾക്കാതെയുമാണ് കലക്ടർ പിരിച്ചുവിടൽ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഇവർ ആരോപിക്കുന്നു.
കഴിഞ്ഞ രണ്ടര വർഷത്തോളമായി സർവീസിലുള്ള തങ്ങളെ തിരിച്ചെടുക്കണമെന്നാണ് പ്രധാന ആവശ്യം. ഒരുവേള പുനർനിയമനം ലഭിച്ചാൽ പോലും മുൻകാല സർവീസിന്റെ തുടർച്ച നഷ്ടപ്പെടുത്തരുതെന്നും ഇവർ ആവശ്യപ്പെടുന്നു.
പ്രതിഷേധത്തിന്റെ ഭാഗമായി ഇന്നലെ രാത്രി എട്ട് മണിയോടെയാണ് നാല് പേർ കലക്ടറേറ്റിൽ എത്തിയത്. തുടർന്ന് ഇവർ കലക്ടറേറ്റ് വരാന്തയിൽ കുത്തിയിരുന്ന് പ്രതിരോധം തീർക്കുകയായിരുന്നു.
സംഭവമറിഞ്ഞ് നൽകാവ് എസ്ഐ എൻ.ലീലയുടെ നേതൃത്വത്തിലുള്ള പൊലീസ്സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. എന്നാൽ ക്രമസമാധാന പ്രശ്നങ്ങളൊന്നും ഇല്ലാത്ത സാഹചര്യത്തിൽ രാത്രി 10:30ഓടെ പൊലീസ് മടങ്ങിപ്പോയി.
പിന്നീട് രാത്രി 11 മണിയോടെ പ്രതിഷേധത്തിൽ പങ്കെടുത്ത രണ്ട് പേർ കൂടി പിരിഞ്ഞുപോയി. എങ്കിലും എസ്.അമൃത, എം.കെ.ഷിങ്കി എന്നിവർ രാത്രി വൈകിയും കുത്തിയിരിപ്പ് സമരം തുടരുകയാണ്.
തൊഴിൽ നഷ്ടപ്പെട്ടതിനെ തുടർന്ന് ഇവർ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുകയും അനുകൂലമായി താൽക്കാലിക സ്റ്റേ ഉത്തരവ് വാങ്ങി കലക്ടർക്ക് കൈമാറുകയും ചെയ്തിരുന്നു. എന്നാൽ റവന്യു വിഭാഗത്തിന്റെ ഭാഗത്തുനിന്ന് യാതൊരു മറുപടിയും ലഭിച്ചില്ലെന്ന് ജീവനക്കാർ ആരോപിക്കുന്നു.
ഇതിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്ക് ഇവർ പരാതി നൽകിയിട്ടുണ്ട്. കൂടാതെ എം.കെ.രാഘവൻ എംപി, എംഎൽഎമാരായ വി.ടി.സൂരജ്, ഫാത്തിമ തഹ്ലിയ എന്നിവരെയും തങ്ങളുടെ ദുരിതാവസ്ഥ നേരിട്ട് ധരിപ്പിച്ചിട്ടുണ്ടെന്ന് ജീവനക്കാർ അറിയിച്ചു.
ഇന്നലെ അവധിയായതിനാൽ കലക്ടറേറ്റിൽ സുരക്ഷാ ജീവനക്കാർ മാത്രമാണ് ഉണ്ടായിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

