അഗ്നിപരീക്ഷയിലൂടെ ബിഗ് ബോസ് ഹൗസിലേക്ക് പ്രവേശനം നേടുമെന്ന് ആരും തന്നെ പ്രതീക്ഷിക്കാത്ത മുഖമായിരുന്നു ഷിജിൻറേത്. എന്നാൽ, ഷോയുടെ തുടക്കം മുതൽ തന്നെ ഈ സീസണിലെ ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന വ്യക്തികളിൽ ഒരാളായി അദ്ദേഹം മാറി.
വിവിധ ഗ്രൂപ്പുകളും സഖ്യങ്ങളും രൂപപ്പെടുന്ന ബിഗ് ബോസ് വീട്ടിൽ തികച്ചും ഒറ്റയ്ക്കുള്ള കളിയാണ് ഷിജിൻ കാഴ്ചവെയ്ക്കുന്നത്. നിലവിൽ പുറത്തുവരുന്ന വിലയിരുത്തലുകൾ പ്രകാരം, തന്ത്രങ്ങൾ മെനയുന്ന ഷിജിൻ ഗെയിമിൽ നായകനാണോ അതോ വില്ലനാണോ എന്ന സംശയത്തിലാണ് ആരാധകർ.
അഗ്നിപരീക്ഷയിൽ മികച്ച തുടക്കം കുറിച്ചെങ്കിലും പിന്നീട് ഷിജിന്റെ പ്രകടനത്തിന്റെ ഗ്രാഫ് താഴേക്ക് പോകുന്ന കാഴ്ചയാണ് പ്രേക്ഷകർ കണ്ടത്. ടാസ്കുകളിൽ അതിരുകടന്ന രീതിയിൽ അഗ്രസീവ് ആകുന്നുണ്ടെന്ന് ജഡ്ജസ് ചൂണ്ടിക്കാണിച്ചതോടെ അദ്ദേഹം സ്വയം ഉൾവലിയുന്ന സ്ഥിതിയുണ്ടായി.
ഒപ്പമുള്ള മത്സരാർത്ഥികൾ ഓരോരുത്തരായി തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തിയപ്പോൾ ഷിജിന് ആ നിലവാരത്തിലേക്ക് ഉയരാൻ സാധിച്ചില്ല. ബിഗ് ബോസ് കളികൾക്ക് ഒട്ടും അനുയോജ്യനല്ലെന്ന് ജഡ്ജസും സഹമത്സരാർത്ഥികളും ആവർത്തിച്ച് വിലയിരുത്തിയത് ഷിജിന്റെ ആത്മവിശ്വാസത്തെ സാരമായി ബാധിച്ചു.
അതുകൊണ്ടുതന്നെ മുഖ്യ വീട്ടിലേക്ക് പ്രവേശനം നേടുന്നവരുടെ പട്ടികയിൽ താൻ ഉണ്ടാകുമെന്ന് ഷിജിൻ പോലും കരുതിയിരുന്നില്ല. എന്നാൽ, പ്രധാന വീട്ടിലേക്കുള്ള അദ്ദേഹത്തിന്റെ ചുവടുമാറ്റം പുതിയൊരു ഷിജിൻ 2.0 പതിപ്പിനെയാണ് വെളിപ്പെടുത്തിയത്.
പഴയതിനേക്കാൾ കൂടുതൽ ആത്മവിശ്വാസവും ധൈര്യവുമുള്ള കളിക്കാരനായി അദ്ദേഹം മാറി. തനിക്ക് ജനങ്ങളുടെ ശക്തമായ പിന്തുണയുണ്ടെന്ന തിരിച്ചറിവാണ് ഇതിന് പ്രധാന കാരണം.
അതുകൊണ്ടാണ് ബിഗ് ബോസ് വീട്ടിലെത്തിയപ്പോൾ ‘താൻ ഒറ്റയ്ക്കല്ല വന്നത്’ എന്ന് അദ്ദേഹം ആവർത്തിക്കുന്നത്. അഗ്നിപരീക്ഷയിൽ താൻ ദുർബലനാണെന്ന് എല്ലാവരും വിധിയെഴുതിയിട്ടും ബിഗ് ബോസിലെത്താൻ സാധിച്ചതിന് പിന്നിൽ പ്രേക്ഷകരുടെ വോട്ടുകളാണെന്ന കൃത്യമായ ബോധ്യം ഷിജിനുണ്ട്.
ഈ ആത്മവിശ്വാസത്തിലാണ് അദ്ദേഹത്തിന്റെ തുടർന്നുള്ള മുന്നേറ്റങ്ങൾ. മുൻ സീസണുകളിലെ വിവിധ തന്ത്രങ്ങളുടെ ഒരു മിശ്രണമാണ് ഷിജിന്റെ ഗെയിം പ്ലാൻ.
ചില സന്ദർഭങ്ങളിൽ വിജയം കാണാറുണ്ടെങ്കിലും പലപ്പോഴും അത് കൈവിട്ടുപോകുന്ന അവസ്ഥയുമുണ്ട്. അഗ്നിപരീക്ഷയുടെ ആദ്യ ദിനം തന്നെ വീട്ടിലേക്ക് പ്രവേശനം നേടിയ നാല് പേരിൽ ഷിജിൻ, എൽദോ, രാകേഷ്, ലോലീറ്റ എന്നിവരുണ്ടായിരുന്നു.
ഇവരിൽ ഷിജിൻ ഒഴികെയുള്ള മൂന്ന് പേരും ഒരു ടീമായിട്ടാണ് തുടക്കം മുതൽ കളിക്കുന്നത്. എന്നാൽ ഷിജിൻ ആദ്യ ദിവസം തന്നെ ഈ കൂട്ടായ്മയിൽ നിന്നും വ്യക്തമായി അകലം പാലിക്കുകയും താൻ ആ ഗ്രൂപ്പിന്റെ ഭാഗമല്ലെന്ന് വീടിനകത്തും പുറത്തുമുള്ളവർക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുകയും ചെയ്തു.
മറ്റേതെങ്കിലും ഗ്രൂപ്പുകളുടെ ഭാഗമാകാനും അദ്ദേഹം ഇതുവരെ ശ്രമിച്ചിട്ടില്ല. താൻ പൂർണ്ണമായും ഒറ്റയ്ക്കാണ് മത്സരിക്കുന്നത് എന്ന പ്രതീതി സൃഷ്ടിക്കാൻ ഇതിലൂടെ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
താൻ മറ്റുള്ളവരാൽ ഒറ്റപ്പെടുത്തപ്പെടുന്നുവെന്നും എല്ലാവരും തനിക്ക് എതിരാണെന്നുമുള്ള രീതിയിലുള്ള തന്ത്രങ്ങളും ഷിജിൻ പയറ്റാറുണ്ട്. വീട്ടിനുള്ളിൽ കൊമ്പനുമായാണ് ഷിജിന് കുറച്ചെങ്കിലും അടുപ്പമുള്ളതായി കാണാൻ സാധിക്കുന്നത്.
തന്നെപ്പോലെയുള്ള ഒരാളായി അദ്ദേഹം കൊമ്പനെ കാണുന്നുണ്ടെന്ന് തോന്നിയിട്ടുണ്ട്. ഐശ്വര്യയിൽ നിന്ന് മാറി കൊമ്പൻ ഒറ്റയ്ക്ക് ഗെയിം കളിക്കണമെന്ന് ഷിജിൻ ആഗ്രഹിക്കുന്നുണ്ട്.
തന്നാൽ കഴിയും വിധമെല്ലാം ഇത് കൊമ്പന് മനസ്സിലാക്കിക്കൊടുക്കാനും അദ്ദേഹം ശ്രമിക്കുന്നുണ്ട്. എല്ലാവരും ഒരു വഴിക്ക് സഞ്ചരിക്കുമ്പോൾ താൻ വിപരീത ദിശയിൽ സഞ്ചരിക്കുമെന്നത് ഷിജിന്റെ മറ്റൊരു പ്രത്യേകതയാണ്.
ബിഗ് ബോസ് ഹൗസിലെ ‘വ്യത്യസ്തൻ’ എന്ന ലേബൽ മറ്റാർക്കും വിട്ടുകൊടുക്കില്ലെന്ന ദൃഢനിശ്ചയത്തോടെയാണ് അദ്ദേഹം ഓരോ തീരുമാനങ്ങളും എടുക്കുന്നത്. കഴിഞ്ഞ വീക്കിലി ടാസ്കിൽ അടക്കം ഷിജിന്റെ ഇത്തരം പ്രവൃത്തികൾ വളരെ വ്യക്തമായിരുന്നു.
പക്ഷേ, മുൻപിൻ നോക്കാതെയുള്ള എടുത്തുചാട്ടങ്ങൾ പലപ്പോഴും അദ്ദേഹത്തിന് തിരിച്ചടിയാകാറുണ്ട്. കാര്യങ്ങളുടെ വരുംവരായ്കകളെക്കുറിച്ച് ചിന്തിക്കാതെ ഒറ്റബുദ്ധിയിൽ പ്രവർത്തിക്കുന്നതാണ് ഷിജിന്റെ ശൈലി.
മോഹൻലാൽ നൽകിയ ബെസ്റ്റ് പെർഫോമർക്കുള്ള ബർഗർ നിരസിച്ചതും വീടിനകത്തേക്ക് പ്രവേശിക്കാൻ പ്രോപ്പർട്ടികൾ നശിപ്പിച്ചതും ഇത്തരത്തിലുള്ള പെട്ടെന്നുളള തീരുമാനങ്ങളുടെ ഭാഗമാണ്. ലോലീറ്റയുടെ സ്വാധീനത്തിന് വഴങ്ങിയാണ് വീടിനകത്തേക്ക് കയറാൻ ഷിജിൻ തീരുമാനിച്ചത്.
എന്നാൽ ലോലീറ്റ തന്നെ കരുവാക്കുകയാണെന്ന് തിരിച്ചറിയാനോ അതിനെ ഫലപ്രദമായി പ്രതിരോധിക്കാനോ അദ്ദേഹത്തിന് സാധിച്ചില്ല. വീട്ടിലെ എല്ലാ വിഷയങ്ങളിലും ഇടപെടാനും ശ്രദ്ധ തന്നിലേക്ക് ആകർഷിക്കാനും ഷിജിൻ നിരന്തരം ശ്രമിക്കാറുണ്ട്.
ചിലപ്പോഴൊക്കെ ഇത് ഫലം കാണാറുമുണ്ട്. എങ്കിലും, പ്രധാനമായും അഗ്നിപരീക്ഷയിലൂടെ എത്തിയ മത്സരാർത്ഥികളെയാണ് അദ്ദേഹം തന്റെ എതിരാളികളായി കാണുന്നത്.
അവർ മാത്രമാണ് തന്റെ നേരിട്ടുള്ള എതിരാളികൾ എന്ന ചിന്ത അദ്ദേഹത്തിനുണ്ട്. എല്ലാ വിഷയങ്ങളിലും ഇടപെടുന്നുണ്ടെങ്കിലും മറ്റുള്ളവരുടെ പ്രശ്നങ്ങളിൽ നിന്ന് നേട്ടം കൊയ്യാൻ അദ്ദേഹം ശ്രമിക്കാറില്ല.
താഷി – ഗൗതം വിഷയത്തിൽ പലരും എരിതീയിൽ എണ്ണയൊഴിക്കാൻ ശ്രമിച്ചപ്പോൾ ഷിജിൻ അതിന് മുതിർന്നില്ല. സംസാരത്തിലെ വ്യക്തതക്കുറവാണ് ഷിജിന്റെ പ്രധാന പോരായ്മയായി ചൂണ്ടിക്കാണിക്കാനുള്ളത്.
തന്റെ ഭാഗത്തുള്ള ന്യായങ്ങൾ പോലും കൃത്യമായി സംസാരിച്ച് ഫലിപ്പിക്കാൻ അദ്ദേഹത്തിന് കഴിയാറില്ല. ഉദാഹരണത്തിന്, കഴിഞ്ഞ വീക്കിലി ടാസ്കിൽ വീടിനുള്ളിലേക്ക് താൻ കയറിയത് ലോലീറ്റയുടെ കൂടി പ്രേരണ കൊണ്ടാണെന്ന വസ്തുത പറയാനോ, ലോലീറ്റയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടാനോ അദ്ദേഹത്തിന് സാധിച്ചില്ല.
ആ വിഷയം കൃത്യമായി അവതരിപ്പിച്ചിരുന്നെങ്കിൽ ലോലീറ്റ വീടിനുള്ളിൽ എക്സ്പോസ് ചെയ്യപ്പെട്ടേനെ. ആളുകളുടെ കള്ളത്തരങ്ങളും ഇരട്ടത്താപ്പും സംസാരത്തിലൂടെ തുറന്നുകാട്ടാൻ ഷിജിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
ഇതിനോടകം തന്നെ മികച്ചൊരു ഫാൻ ബേസ് സൃഷ്ടിക്കാൻ സാധിച്ച ചുരുക്കം ചില മത്സരാർത്ഥികളിൽ ഒരാളാണ് ഷിജിൻ. അദ്ദേഹം പുലർത്തുന്ന ആത്മാർത്ഥതയാണ് പ്രേക്ഷകരുമായി പെട്ടെന്ന് കണക്റ്റ് ചെയ്യാൻ കാരണമായത്.
എങ്കിലും, ഈ എടുത്തുചാട്ടങ്ങളും മുൻപിൻ നോക്കാത്ത പ്രവൃത്തികളും അല്പമെങ്കിലും നിയന്ത്രിച്ചില്ലെങ്കിൽ അത് അദ്ദേഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെ ബാധിച്ചേക്കാം. ഇത്തരം കാര്യങ്ങളിൽ ആത്മനിയന്ത്രണം പാലിക്കുകയും ഗെയിമിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്താൽ ഷിജിന് ബിഗ് ബോസ് ഹൗസിൽ നൂറു ദിവസങ്ങൾ വരെ പിന്നിടാൻ സാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

