കേരള ക്രിക്കറ്റ് ടൂർണമെന്റിൽ യുവതാരങ്ങളുടെ കരുത്തിൽ തൃശൂർ ടൈറ്റൻസിന് ഉജ്ജ്വല വിജയം. ട്രിവാൺഡ്രം റോയൽസ് ഉയർത്തിയ 182 റൺസ് വിജയലക്ഷ്യം, അവസാന ഓവറുകളുടെ ആവേശം ഒടുവിൽ രണ്ട് പന്തുകൾ ശേഷിക്കെ ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് തൃശൂർ മറികടന്നത്.
മത്സരത്തിന്റെ അവസാന ഘട്ടത്തിൽ വെറും 15 പന്തുകളിൽ നിന്ന് 41 റൺസ് നേടി പുറത്താകാതെ നിന്ന മുഹമ്മദ് ഇനാന്റെ വെടിക്കെട്ട് പ്രകടനമാണ് ടീമിന് അവിശ്വസനീയ ജയം സമ്മാനിച്ചത്. മികച്ച പ്രകടനം കാഴ്ചവെച്ച ഇനാൻ തന്നെയാണ് മാൻ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.
മത്സരത്തിന്റെ സ്കോർനില: ട്രിവാൺഡ്രം റോയൽസ് – 20 ഓവറിൽ 181/6, തൃശൂർ ടൈറ്റൻസ് – 19.4 ഓവറിൽ 183/9. ടോസ് നേടി ബാറ്റിംഗിനെത്തിയ റോയൽസിന് മികച്ച തുടക്കമാണ് ഓപ്പണർമാർ നൽകിയത്.
അഭിഷേക് പി. നായരും കൃഷ്ണപ്രസാദും ചേർന്ന് തൃശൂർ ബൗളർമാരെ കരുതലോടെ നേരിട്ട് ആദ്യ വിക്കറ്റിൽ 69 റൺസ് കൂട്ടിച്ചേർത്തു.
എന്നാൽ അധികം വൈകാതെ ഇരുവരും അടുത്തടുത്ത ഓവറുകളിൽ പുറത്തായത് ടീമിന് തിരിച്ചടിയായി. കൃഷ്ണപ്രസാദ് 30 റൺസും അഭിഷേക് 40 റൺസും നേടി മടങ്ങി.
അഞ്ച് റൺസ് മാത്രം എടുത്ത വിഷ്ണു വിനോദ് കൂടി വീണതോടെ റോയൽസ് പ്രതിരോധത്തിലായി. തുടർന്ന് ക്രീസിലെത്തിയ ഗോവിന്ദ് ദേവ് പൈയുടെ തകർപ്പൻ ബാറ്റിംഗാണ് റോയൽസ് സ്കോർ മാന്യമായ നിലയിലെത്തിച്ചത്.
അവസാന അഞ്ച് ഓവറിൽ മാത്രം 66 റൺസാണ് റോയൽസ് അടിച്ചുകൂട്ടിയത്. ആദിത്യ വിനോദ് എറിഞ്ഞ അവസാന ഓവറിൽ രണ്ട് സിക്സും രണ്ട് ഫോറുമടക്കം 22 റൺസാണ് ഗോവിന്ദ് വാരിയത്.
ആകെ 35 പന്തുകളിൽ നിന്ന് എട്ട് ഫോറും അഞ്ച് സിക്സുമടക്കം 76 റൺസുമായി ഗോവിന്ദ് പുറത്താകാതെ നിന്നു. കൂടാതെ അക്ഷയ് മനോഹർ (10), എം.
നിഖിൽ (12) എന്നിവരും ഭേദപ്പെട്ട പിന്തുണ നൽകി.
തൃശൂരിനു വേണ്ടി ബിജു നാരായണൻ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ തൃശൂരിന് രണ്ടാം ഓവറിൽ തന്നെ ഓപ്പണർ കെ.ആർ.
രോഹിതിന്റെ (9) വിക്കറ്റ് നഷ്ടമായി. പിന്നാലെ 12 റൺസെടുത്ത അഹ്മദ് ഇമ്രാനും എട്ട് റൺസെടുത്ത സഞ്ജീവ് സതീശനും മടങ്ങിയതോടെ ടൈറ്റൻസ് 3 വിക്കറ്റിന് 62 റൺസ് എന്ന നിലയിലേക്ക് വീണു.
എന്നാൽ ഒരറ്റത്ത് പക്വതയോടെ ബാറ്റേന്തിയ ഷോൺ റോജറുടെ പ്രകടനമാണ് കളിയിൽ വഴിതിരിവായത്. മികച്ച ഷോട്ടുകളിലൂടെ സ്കോർ ഉയർത്തിയ ഷോൺ 42 പന്തുകളിൽ നിന്ന് 68 റൺസ് അടിച്ചെടുത്തു.
13-ാം ഓവറിൽ ഷോൺ പുറത്താകുമ്പോൾ തൃശൂരിന് ജയിക്കാൻ 44 പന്തുകളിൽ നിന്ന് 75 റൺസ് വേണ്ടിയിരുന്നു. ക്യാപ്റ്റൻ എം.എസ്.
അഖിലും മടങ്ങിയതോടെ ക്രീസിൽ ഒന്നിച്ച എ.കെ. അർജുനും മുഹമ്മദ് ഇനാനും ചേർന്ന് ടീമിനെ വിജയത്തിലേക്ക് നയിക്കാൻ ശ്രമിച്ചു.
ഇരുവരും ചേർന്ന് 43 റൺസ് കൂട്ടിച്ചേർത്തെങ്കിലും 27 റൺസെടുത്ത അർജുൻ പുറത്തായത് കളി വീണ്ടും ആവേശത്തിലാക്കി. സിജോമോൻ ജോസഫ് എറിഞ്ഞ 19-ാം ഓവറിൽ മൂന്ന് വിക്കറ്റുകളാണ് വീണത്.
ഇതോടെ തൃശൂർ ഒൻപത് വിക്കറ്റിന് 165 റൺസ് എന്ന നിലയിലേക്ക് തകർന്നു. അവസാന ഓവറിൽ ഒരു വിക്കറ്റ് മാത്രം ശേഷിക്കെ തൃശൂരിന് ജയിക്കാൻ 17 റൺസ് വേണ്ടിയിരുന്നു.
വിനോദ് കുമാർ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തുകളിൽ ആത്മവിശ്വാസത്തോടെ ബാറ്റുവീശിയ ഇനാൻ തുടർച്ചയായി സിക്സറുകൾ പറത്തി ടീമിന് ചരിത്രവിജയം സമ്മാനിച്ചു. റോയൽസ് നിരയിൽ രണ്ട് ഓവറിൽ വെറും ഏഴ് റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ സിജോമോൻ ജോസഫ് മികച്ച ബൗളിംഗ് കാഴ്ചവെച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

