കർണാടകയിലെ മണ്ഡ്യയിൽ ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്ത സർക്കാർ ഉന്നത ഉദ്യോഗസ്ഥൻ യാതൊരു ആരോഗ്യപ്രശ്നങ്ങളുമില്ലാതെ ആശുപത്രിയിൽ പ്രത്യേക പരിഗണനയോടെ കഴിയുന്നതായി കണ്ടെത്തി. മണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ (എംഐഎംഎസ്) മണ്ഡ്യ ജില്ലാ ആൻഡ് സെഷൻസ് ജഡ്ജി സി.
ചന്ദ്രശേഖർ നടത്തിയ അപ്രതീക്ഷിത പരിശോധനയിലാണ് ഈ ഗുരുധാന വീഴ്ച പുറത്തുവന്നത്. ശ്രീരംഗപട്ടണയിലെ അസിസ്റ്റന്റ് ഡയറക്ടർ ഓഫ് ലാൻഡ് റെക്കോർഡ്സ് (എഡിഎൽആർ) മുഹമ്മദ് ഹുസൈനാണ് ചട്ടങ്ങൾ മറികടന്ന് ആശുപത്രിയിൽ സുഖവാസത്തിൽ കഴിഞ്ഞിരുന്നത്.
അനധികൃത അക്കൗണ്ടുകളുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായി ജയിലിൽ അടയ്ക്കപ്പെട്ട
ഹുസൈനെ പിന്നീട് എംഐഎംഎസിലെ പ്രത്യേക മുറിയിലേക്ക് മാറ്റുകയായിരുന്നു. ഒരു സംഘത്തോടൊപ്പം ആശുപത്രിയിലെത്തിയ ജഡ്ജി സി.
ചന്ദ്രശേഖർ, ഇയാളെ പ്രവേശിപ്പിച്ചിരുന്ന വാർഡ് നേരിട്ട് പരിശോധിച്ച് ആരോഗ്യസ്ഥിതിയെ കുറിച്ച് ഡോക്ടർമാരോട് ചോദിച്ചറിഞ്ഞു. എന്നാൽ ഹുസൈന് ആശുപത്രിയിൽ തുടരേണ്ട
യാതൊരു സാഹചര്യവുമില്ലെന്ന് ഡോക്ടർ വ്യക്തമാക്കുകയുണ്ടായി. ഇതിനിടെ പരിശോധനയ്ക്കിടെ ഈ മുറിയിൽ ഒരു യുവതിയെയും ജഡ്ജി കണ്ടെത്തുകയുണ്ടായി.
ഇവരുടെ സാന്നിധ്യത്തെക്കുറിച്ച് ചോദ്യം ചെയ്തപ്പോൾ താൻ ഹുസൈന്റെ കാമുകിയാണെന്ന മറുപടിയാണ് ലഭിച്ചത്. ആശുപത്രിയിൽ കഴിയാൻ തക്കവണ്ണം ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലാതിരുന്നിട്ടും ഹുസൈനെ എംഐഎംഎസിൽ പ്രവേശിപ്പിച്ച തീരുമാനത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് ജഡ്ജി ജയിൽ അധികൃതരോട് വിശദീകരണം തേടി.
ജയിൽ ഡോക്ടറുടെ ശുപാർശ പ്രകാരമാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയതെന്നാണ് അധികൃതർ നൽകിയ മറുപടി. എന്നാൽ ഈ നടപടി കോടതിയെ മുൻകൂട്ടി അറിയിച്ചിരുന്നോ എന്ന ജഡ്ജിയുടെ ചോദ്യത്തിന്, അങ്ങനെയൊരു വിവരം കോടതിയെ അറിയിച്ചിരുന്നില്ലെന്ന് ഉദ്യോഗസ്ഥർ സമ്മതിച്ചു.
ഭാവിയിൽ ഇത്തരം വീഴ്ചകൾ ആവർത്തിക്കില്ലെന്നും വിഷയം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താമെന്നും ജയിൽ അധികൃതർ അറിയിച്ചു. ഉത്തരവാദികളായ ജയിൽ അധികൃതരെ കടുത്ത ഭാഷയിൽ ശാസിച്ച ജഡ്ജി, മുഹമ്മദ് ഹുസൈന്റെ ആശുപത്രി പ്രവേശനവുമായി ബന്ധപ്പെട്ട
സമഗ്രമായ റിപ്പോർട്ടുകൾ ഉടൻ സമർപ്പിക്കാൻ ജയിൽ അധികൃതർക്കും എംഐഎംഎസ് അധികൃതർക്കും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

