നഗരത്തിൽ റോഡിൽ ഗതാഗത തടസ്സവും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടും സൃഷ്ടിച്ച സംഭവത്തിൽ രണ്ട് ബസ് ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് അധികൃതർ ഉത്തരവിട്ടു. തൃപ്രയാർ ജോയിന്റ് ആർ.ടി.ഒ ആണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
പ്രശാന്ത്, അഖിൽ ടി വി എന്നീ ഡ്രൈവർമാർക്കെതിരെയാണ് മോട്ടോർ വാഹന നിയമപ്രകാരമുള്ള നടപടികൾ ഉണ്ടായിരിക്കുന്നത്. സംഭവത്തിന്റെ പശ്ചാത്തലം ഇങ്ങനെയാണ്: ജൂലൈ 22 ന് കെ എൽ 47 5888 നമ്പർ ബസ്, മുന്നിൽ സഞ്ചരിച്ചുകൊണ്ടിരുന്ന കെ എൽ 40 എസ് 9394 നമ്പർ ബസ്സിന്റെ പിന്നിലേക്ക് മനഃപൂർവ്വം ഇടിക്കുകയായിരുന്നു.
ഇതിൽ പ്രകോപിതനായ രണ്ടാമത്തെ ബസ്സിന്റെ ഡ്രൈവർ അഖിൽ വാഹനം റോഡിന് നടുവിൽ നിർത്തിയിടുകയും, തുടർന്ന് യാത്രക്കാർക്കും പൊതുജനങ്ങൾക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന രീതിയിൽ യാത്രക്കാരുടെ മുന്നിൽ വെച്ച് പ്രശാന്തുമായി തർക്കിക്കുകയും പ്രകോപനപരമായി പെരുമാറുകയും ചെയ്തു. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ നിശാന്ത് ടി ജി നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇരുഡ്രൈവർമാരുടെയും ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയത്.
റൂട്ട് ബസ്സുകൾ തമ്മിലുള്ള ഇത്തരം അനാരോഗ്യ മത്സരങ്ങളും അച്ചടക്കമില്ലായ്മയും വിവിധ ഭാഗങ്ങളിൽ ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണ് മാതൃകാപരമായ നടപടി അധികൃതർ കടുപ്പിച്ചത്. ഇതിന്റെ ഭാഗമായി ഇരു ഡ്രൈവർമാരുടെയും ലൈസൻസ് സസ്പെൻഡ് ചെയ്യുകയും, ബോധവത്കരണത്തിന്റെയും പെരുമാറ്റച്ചട്ട
പരിശീലനത്തിന്റെയും ഭാഗമായി ഇവരെ എടപ്പാളിലെ ഐ.ഡി.ടി.ആറിലേക്ക് പരിശീലന ക്ലാസുകൾക്കായി അയക്കാൻ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്ന ഇത്തരം നിയമലംഘനങ്ങൾ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്ന് തൃപ്രയാർ ജോയിന്റ് ആർ.ടി.ഒ വ്യക്തമാക്കിയിട്ടുണ്ട്.
കൂടാതെ, തൃശൂർ-തൃപ്രയാർ പരിധിയിലെ റൂട്ട് ബസ്സുകളിലും ബസ് സ്റ്റാൻഡുകളിലും വരുന്ന ദിവസങ്ങളിൽ പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്നും നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

