തലസ്ഥാന നഗരിയിൽ കൊലപാതകം. വഞ്ചിയൂർ ചമ്പക്കട സ്വദേശി വിശാഖ് ആണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് നാല് പ്രതികളെയും പൊലീസ് പിടികൂടി. പുലയനാർ കോട്ടയ്ക്ക് സമീപത്തുനിന്നാണ് ഇവർ പിടിയിലായത്.
അതിർത്തിത്തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. കൊല്ലപ്പെട്ടയാളുടെ അയൽവാസിയും സുഹൃത്തുമായ ചമ്പക്കട
സ്വദേശി പ്രദീപാണ് കേസിലെ മുഖ്യപ്രതി. മുൻപ് പ്രദീപിനെ വെട്ടിപ്പരുക്കേൽപ്പിച്ച കേസിലെ പ്രതിയാണ് വിശാഖ്.
ഈ മുൻവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പ്രദീപും വിശാഖും തമ്മിൽ വഴിതർക്കം നിലനിന്നിരുന്നു.
ഇതിന്റെ തുടർച്ചയെന്നോണം കഴിഞ്ഞ ഡിസംബറിൽ വിശാഖ് പ്രദീപിനെ വെട്ടി പരുക്കേൽപ്പിക്കുകയായിരുന്നു. ഈ കേസിൽ റിമാൻഡിലായിരുന്ന വിശാഖ് അടുത്തിടെയാണ് ജയിൽ മോചിതനായത്.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ വഞ്ചിയൂർ പാസ്പോർട്ട് ഓഫിസിന് സമീപത്തെ ചമ്പക്കടയിലുള്ള വിശാഖിന്റെ വീടിനു മുന്നിലെ റോഡിൽ വെച്ചായിരുന്നു ആക്രമണം നടന്നത്. കൈക്കും കാലിനും വയറിനും ഗുരുതരമായി വെട്ടേറ്റു വീണ വിശാഖിനെ ആശുപത്രിയിൽ എത്തിക്കാൻ നാട്ടുകാർ തയ്യാറായില്ല.
പിന്നീട് പൊലീസും ആംബുലൻസും സ്ഥലത്തെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.
KL 27 H 9286 എന്ന നമ്പറിലുള്ള കാറിലാണ് പ്രദീപ് സ്ഥലത്തെത്തിയത്. ഇയാൾക്ക് പുറമെ ആയുധങ്ങളുമായി മൂന്ന് പേർ കൂടി സംഘത്തിലുണ്ടായിരുന്നു.
കൃത്യത്തിന് ശേഷം ഇവർ ഇതേ കാറിൽ തന്നെ രക്ഷപ്പെടുകയായിരുന്നു. പ്രതികൾ സഞ്ചരിച്ച വാഹനം പിന്നീട് പുലയനാർ കോട്ടയിലെ പാർക്കിങ് ഗ്രൗണ്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

