ഹരാരെ: സിംബാബ്വെക്കെതിരായ ടി20 പരമ്പര ഇന്ത്യ സമ്പൂർണ്ണമായി സ്വന്തമാക്കി. ഹരാരെ സ്പോര്‍ട്സ് ക്ലബില്‍ നടന്ന ആവേശകരമായ മൂന്നാം മത്സരത്തില്‍ 35 റണ്‍സിനായിരുന്നു സന്ദർശകരുടെ വിജയം.
ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സ് ആണ് ബോർഡിൽ ചേർത്തത്. വൈഭവ് സൂര്യവംശിയുടെ (49 പന്തില്‍ 81) മിന്നുന്ന ഇന്നിംഗ്സാണ് ഇന്ത്യൻ വിജയത്തിൽ നിർണ്ണായകമായത്.
ഇഷാന് കിഷന് (29), റിങ്കു സിംഗ് (25) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്വെക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മൂന്ന് വിക്കറ്റ് വീഴ്ത്തിയ മായങ്ക് യാദവ്, രണ്ട് പേരെ പുറത്താക്കിയ യാഷ് താക്കൂര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ബൗളിംഗ് നിരയാണ് സിംബാബ്വെ ബാറ്റിംഗ് നിരയെ തകർത്തത്.
43 പന്തില്‍ 54 റണ്‍സെടുത്ത് പുറത്താവാതെ നിന്ന റയാന് ബേളാണ് ആതിഥേയരുടെ ടോപ് സ്കറോറര്‍. വെസ്ലി മധെവേരെ (28), ബെന്‍ കറന് (20), ഡിയോണ്‍ മെയേഴ്സ് (19), ബ്രാഡ് ഇവാന്‍സ് (14) എന്നിവരാണ് രണ്ടക്കം കണ്ട
മറ്റുതാരങ്ങള്‍. നേരത്തെ, ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തിയതോടെയാണ് മത്സരത്തിന് തുടക്കമായത്.
നേരിട്ട നാലാം പന്തില്‍ തന്നെ താരം പുറത്തായി.
രണ്ട് റണ്‍സ് മാത്രമായിരുന്നു സമ്പാദ്യം. പിന്നാലെ വൈഭവും – ഇഷാന് കിഷനും (26 പന്തില്‍ 29) ചേർന്ന് 75 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി.
ഈ കൂട്ടുകെട്ടാണ് ഇന്ത്യക്ക് അടിത്തറയായത്. എന്നാല്‍ കിഷന് 11-ാം ഓവറില്‍ മടങ്ങി.
തൊട്ടുപിന്നാലെ 15-ാം ഓവറില്‍ വൈഭവും പവലിയനില്‍ തിരിച്ചെത്തി. 49 പന്തുകള്‍ മാത്രം നേരിട്ട
താരം നാല് സിക്സും എട്ട് ഫോറും നേടിയിരുന്നു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കാവട്ടെ (18 പന്തില്‍ 27) അവസാനം വരെ പിടിച്ചുനില്ക്കാന് സാധിച്ചില്ല.
പിന്നീട് തിലക് വര്‍മ (11) – റിങ്കു സിംഗ് സഖ്യം കൂട്ടിചേര്‍ത്ത 28 റണ്‍സ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിക്കുകയായിരുന്നു. സിംബാബ്വെക്ക് വേണ്ടി ബ്രാഡ് ഇവാന്‍സ് രണ്ട് വിക്കറ്റെടുത്തു.
പ്ലേയിംഗ് ഇലവൻ വിവരങ്ങൾ:
സിംബാബ്വെ: ബ്രയാൻ ബെനെറ്റ്, ബെന്‍ കറന്, ഡിയോണ്‍ മയേഴ്സ്, സിക്കന്ദര്‍ റാസ (ക്യാപ്റ്റന്‍), റയാന് ബേര്‍ള്‍, വെസ്ലി മാധെവെരെ, തടിവനഷെ മരുമാനി (വിക്കറ്റ് കീപ്പര്‍), ബ്രാഡ് എവന്‍സ്, ന്യുമന്‍ ന്യാമുരി, വെല്ലിംഗ്ടണ്‍ മസാകദ്സ, ബ്ലെസ്സിംഗ് മുസരബാനി. ഇന്ത്യ: വൈഭവ് സൂര്യവംശി, അഭിഷേക് ശര്‍മ്മ, ഇഷാന് കിഷന് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ്മ, റിങ്കു സിംഗ്, സൂര്യാംശ് ഷെഡ്ജ്, രവി ബിഷ്ണോയ്, യാഷ് താക്കൂര്‍, മയങ്ക് യാദവ്, അശോക് ശര്‍മ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

