സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ നേതൃത്വത്തില്‍ ലഹരി വസ്തുക്കള്‍ക്കും മയക്കുമരുന്നിനുമെതിരെ ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ പദ്ധതിക്കൊപ്പം മലയാള ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ സാംസ്കാരിക കൂട്ടായ്മയായ മാക്ടയും അണിചേരുന്നു. ഈ കൂട്ടായ്മയുടെ ഔദ്യോഗിക പങ്കാളിത്തവും പിന്തുണയും പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രത്യേക ലോഗോ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പ്രകാശനം ചെയ്തു.
ഹരിപ്പാട്ട് നടന്ന ചടങ്ങില്‍ വെച്ചാണ് ലോഗോ പുറത്തിറക്കിയത്. മലയാള സിനിമയിലെ മുൻനിര കലാകാരന്മാരുടെ സംഘടനയായ മാക്ട
ഈ ലഹരിവിരുദ്ധ ദൗത്യത്തോടൊപ്പം സഹകരിക്കുന്നത് പദ്ധതിയുടെ ലക്ഷ്യങ്ങളും ആശയങ്ങളും യുവതലത്തിലേക്ക് എളുപ്പത്തിൽ എത്തിക്കുവാൻ ഏറെ സഹായകരമാകുമെന്ന് ലോഗോ പ്രകാശനം നിര്‍വഹിച്ചുകൊണ്ട് മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കുകയുണ്ടായി. മൂന്ന് പതിറ്റാണ്ടിലേറെ പാരമ്പര്യമുള്ള ഒരു സാംസ്കാരിക സംഘടന ഇത്തരം ഒരു സാമൂഹിക ദൗത്യം ഏറ്റെടുക്കുന്നത് കേരളത്തിലെ മറ്റ് സന്നദ്ധ-സാമൂഹിക സംഘടനകൾക്കും വലിയ മാതൃകയാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
ഹരിപ്പാട്ട് നടന്ന ലോഗോ പ്രകാശന ചടങ്ങിൽ മാക്ട ചെയർമാൻ ജോഷി മാത്യു, ജനറൽ സെക്രട്ടറി ശ്രീകുമാർ അരൂക്കുറ്റി, ജോയിന്റ് സെക്രട്ടറി ഉത്പൽ വി നായനാർ, കമ്മിറ്റിയംഗം എ എസ് ദിനേശ് എന്നിവരും മറ്റ് ഭാരവാഹികളായ ശ്രീകുമാർ ഹരിപ്പാട്, സജി ഹരിപ്പാട്, സാബു എന്നിവരും സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

