പനമരം വലിയപുഴയിലെ കൊറ്റില്ലം തുരുത്തിനു ചുറ്റും പകൽ സമയങ്ങളിൽ പോലും മുതലകൾ കരയിൽ കയറിക്കിടക്കുന്നത് പ്രദേശവാസികളിൽ കടുത്ത ആശങ്ക പരത്തുന്നു. ഇന്നലെ മാത്രം കൊറ്റില്ലത്തുരുത്തിൽ മണിക്കൂറുകളോളം വിവിധ ഭാഗങ്ങളിലായി മൂന്ന് വലിയ മുതലകൾ ആണ് കരയിൽ നിലയുറപ്പിച്ചത്.
മേഖലയിലേക്ക് ദേശാടനക്കിളികൾ എത്തിത്തുടങ്ങിയതിന് പിന്നാലെയാണ് ഇവിടെ മുതലകളുടെ സാന്നിധ്യം വർധിച്ചിരിക്കുന്നത്. സാധാരണയായി മുൻവർഷങ്ങളിൽ മഴക്കാലവും വെള്ളപ്പൊക്കവും കഴിഞ്ഞ് പുഴകളിലെ ജലനിരപ്പ് താഴ്ന്നുതുടങ്ങുന്ന വേളയിലാണ് മുതലകളെയും ചീങ്കണ്ണികളെയും കരകളിൽ കണ്ടിരുന്നത്.
എന്നാൽ, ഇത്തവണ മഴക്കാലത്തിന്റെ തുടക്കത്തിൽത്തന്നെ പനമരം, കബനി തുടങ്ങിയ പുഴകളിൽ മുതലകളുടെയും ചീങ്കണ്ണികളുടെയും സാന്നിധ്യം വ്യാപകമായിരിക്കുകയാണ്. പകൽ സമയങ്ങളിൽ പുഴയോരത്തെ മൺതിട്ടകളിൽ കയറിക്കിടക്കുന്ന ചീങ്കണ്ണികൾ പനമരം വലിയ പുഴക്കരയിലും കൊറ്റില്ലത്തും കബനിയിലെ കൂടൽക്കടവിലും ഇപ്പോൾ പതിവ് കാഴ്ചയായി മാറിയിട്ടുണ്ട്.
ജലത്തിൽ ആവശ്യത്തിന് ഇര ലഭ്യമാകുന്നതും അനുകൂലമായ കാലാവസ്ഥയുമാണ് ഇവയുടെ പെരുപ്പത്തിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. പനമരം പുഴയിൽ മുതലകളുടെ എണ്ണം ക്രമാതീതമായി വർധിച്ചതായി പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു.
ചെറിയ കുഞ്ഞുങ്ങൾ മുതൽ ഭീമാകാരമായ വലിപ്പമുള്ള മുതലകൾ വരെ കരയിലേക്ക് കയറുന്നത് പതിവാണ്. ദൂരെ നിന്ന് നോക്കുമ്പോൾ പാറക്കല്ലുകൾ പോലെ തോന്നിക്കുന്ന ഇവ, മനുഷ്യരുടെ സാന്നിധ്യം തിരിച്ചറിഞ്ഞാൽ വേഗത്തിൽ പാഞ്ഞടുക്കുകയും വലിയ ശബ്ദത്തോടെ പുഴയിലേക്ക് ചാടുകയും ചെയ്യുന്നത് നാട്ടുകാരിൽ ഭീതി പടർത്തുന്നു.
മുട്ടയിടാനും മറ്റ് ആവശ്യങ്ങൾക്കുമാണ് ഇവ പ്രധാനമായും കരയിലേക്ക് എത്തുന്നത്. പുഴകളിൽ അനിയന്ത്രിതമായി പെരുകിക്കൊണ്ടിരിക്കുന്ന മുതലകളെ ശാസ്ത്രീയമായി നിയന്ത്രിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

