നെടുമ്പാശേരി മേഖലയിൽ വീടുകളുടെ നെയിം ബോർഡുകൾ ലക്ഷ്യമിട്ട് വ്യാപക മോഷണം. വീടുകൾക്ക് പുറത്തും മതിലുകളിലും സ്ഥാപിച്ചിരിക്കുന്ന പിച്ചള അഥവാ ബ്രാസ് കൊണ്ടുള്ള നെയിം പ്ലേറ്റുകളാണ് സാമൂഹ്യവിരുദ്ധർ അടർത്തിമാറ്റി കടത്തിക്കൊണ്ടുപോകുന്നത്.
നെടുമ്പാശേരി പ്രദേശത്ത് മാത്രം കഴിഞ്ഞ ഒരു മാസത്തിനിടയിൽ ഇത്തരത്തിൽ ഏകദേശം നൂറോളം നെയിം ബോർഡുകൾ നഷ്ടപ്പെട്ടതായി നിരവധി പരാതികളാണ് ഉയർന്നിരിക്കുന്നത്. യാതൊരുവിധ ജോലിയോ വലിയ റിസ്കോ എടുക്കാതെ എളുപ്പത്തിൽ പണം സമ്പാദിക്കാമെന്ന ലക്ഷ്യമാണ് മോഷ്ടാക്കളെ ഇത്തരം കൃത്യങ്ങൾക്ക് പ്രേരിപ്പിക്കുന്നത്.
നെയിം ബോർഡ് മോഷണം മാത്രമായി പ്രത്യേകമായി നടത്തുന്ന സംഘങ്ങൾ തന്നെ മേഖലയിൽ സജീവമാണെന്നാണ് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം നൽകുന്ന വിവരം. വിപണിയിൽ ബ്രാസ് നെയിം ബോർഡുകൾക്ക് ഉയർന്ന വിലയാണ് ഉള്ളത്.
ഒരു ബോർഡിന് 1500 രൂപ മുതൽ വില ആരംഭിക്കുന്നുണ്ട്. നിർമാതാക്കൾ സ്ക്വയർ ഇഞ്ചിന് 30 രൂപ നിരക്കിലാണ് ഇതിനായി ഈടാക്കുന്നത്.
ബോർഡിന്റെ വലിപ്പവും ഉപയോഗിച്ചിരിക്കുന്ന തകിടിന്റെ കനവും പരിഗണിക്കുമ്പോൾ 10,000 രൂപ വരെ വിലമതിക്കുന്ന നെയിം ബോർഡുകൾ വീടുകളിലുണ്ട്. നിലവിൽ പിച്ചളയ്ക്ക് കിലോഗ്രാമിന് 1400 രൂപയോളമാണ് വിപണിവില.
പഴയ പിച്ചള വിൽപന നടത്തുമ്പോൾ കിലോഗ്രാമിന് കുറഞ്ഞത് 800 രൂപ വരെ ലഭിക്കും. കേവലം രണ്ട് നെയിം ബോർഡുകൾ മോഷ്ടിച്ച് വിറ്റാൽ പോലും ഒരു ദിവസത്തെ ഉയർന്ന കൂലി തുക എളുപ്പത്തിൽ സ്വന്തമാക്കാൻ മോഷ്ടാക്കൾക്ക് സാധിക്കുന്നു.
പല വീടുകളിലും നെയിം ബോർഡുകൾ ഗേറ്റിന് പുറത്തോ മതിലുകൾക്ക് പുറംവശത്തോ ആയി സ്ഥാപിച്ചിരിക്കുന്നതിനാൽ ഇവ ഊരിയെടുക്കാൻ മോഷ്ടാക്കൾക്ക് വളരെ എളുപ്പമാണ്. വലിയ പ്രയാസങ്ങളോ പ്രത്യേക ഉപകരണങ്ങളോ ഇല്ലാതെയെും പല ബോർഡുകളും ഇളക്കിയെടുക്കാൻ സാധിക്കും.
നെടുമ്പാശേരി മേഖലയിൽ സമാനമായ രീതിയിൽ നെയിം ബോർഡുകൾ നഷ്ടപ്പെട്ട സംഭവങ്ങളിൽ പൊലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിവിധയിടങ്ങളിലെ ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും ഹെൽമറ്റ് ധരിച്ചെത്തുന്ന ചിലരെയും ഒരേ വാഹനം തന്നെ മോഷണത്തിനായി ഉപയോഗിക്കുന്നതായും പ്രാഥമികമായി കണ്ടെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആക്രിക്കടകൾ കേന്ദ്രീകരിച്ച് വ്യാപകമായ പരിശോധന നടത്താനൊരുങ്ങുകയാണ് പൊലീസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

