സിക്കിമിലെ തുരങ്കസ്ഫോടനത്തിൽ ജീവൻ നഷ്ടമായ ജിയോളജിസ്റ്റ് പത്താഴക്കുഴി സ്വദേശി കൂരോത്തുപറമ്പിൽ അനീഷ് മോഹൻ (43) വിടവാങ്ങി. നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് ഔദ്യോഗിക ചടങ്ങുകളോടെ വീട്ടുവളപ്പിൽ സംസ്കരിച്ചത്.
രാവിലെ ഏഴോടെ കൊൽക്കത്തയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിലാണ് മൃതദേഹം നെടുമ്പാശേരിയിൽ എത്തിച്ചത്. ബന്ധുക്കളും പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് സിജു കെ.ഐസക്കും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി.
തുടർന്ന് നോർക്ക ഒരുക്കിയ ആംബുലൻസിൽ രാവിലെ 10.35ഓടെ പത്താഴക്കുഴിയിലെ വസതിയിലെത്തിച്ചു. നാട്ടുകാരും സുഹൃത്തുക്കളും ബന്ധുക്കളുമടക്കം വലിയൊരു ജനക്കൂട്ടമാണ് അന്തിമോപചാരം അർപ്പിക്കാനെത്തിയത്.
ഭാര്യ സംഗീത, മകൻ അർണവ്, എട്ടുമാസം പ്രായമുള്ള മകൾ കാർത്യായനി, പിതാവ് ടി.കെ.മോഹനൻ, മാതാവ് അമ്മിണിക്കുട്ടി, സഹോദരൻ ബിനീഷ് മോഹൻ, ബിനീഷിന്റെ ഭാര്യ ദീപ, സംഗീതയുടെ മാതാപിതാക്കൾ എന്നിവർ ചേർന്ന് ആദരാഞ്ജലികൾ അർപ്പിച്ചു. തുടർന്ന് നടന്ന ചടങ്ങുകളിൽ മകൻ അർണവ് ചിതയ്ക്ക് തീകൊളുത്തി.
സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രി മോൻസ് ജോസഫ്, കെ.ഫ്രാൻസിസ് ജോർജ് എംപി, വി.എൻ.വാസവൻ തുടങ്ങിയ പ്രമുഖർ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. സൗഹൃദങ്ങളുടെ ഓർമകളിൽ
നാട്ടകം ഗവ.
കോളജിലെ ജിയോളജി ക്ലാസിൽ 2001 ജൂലൈയിൽ ഒന്നിച്ചുകൂടിയ ആ 12 സുഹൃത്തുക്കൾ കാൽ നൂറ്റാണ്ടിനു ശേഷം വീണ്ടും ഒത്തുകൂടിയത് പ്രിയസുഹൃത്തിന് യാത്രാമൊഴിയേകാനാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി നോക്കുന്ന സഹപാഠികൾ അവധിയെടുത്താണ് പത്താഴക്കുഴിയിലെ വീട്ടിലെത്തിയത്.
ഡിഗ്രിക്കും പിജിക്കും ഒപ്പം പഠിച്ചവരിൽ ആറുപേർക്ക് മാത്രമാണ് അവസാന യാത്രയിൽ പങ്കെടുക്കാനായത്. ബെംഗളൂരുവിൽനിന്ന് ടി.കെ.അനീഷ്, ബിബിൻ ദാസ്, ലഖ്നൗവിൽനിന്ന് റൺസി പോൾ മാത്യൂസ്, മംഗളൂരുവിൽനിന്ന് സാജു വർഗീസ്, കുട്ടിക്കാനത്തുനിന്ന് അനു ജോസ്, അഹമ്മദാബാദിൽനിന്ന് പ്രബിൻ സുകുമാരൻ എന്നിവരാണ് എത്തിയത്.
നർമബോധത്തോടെ ജീവിതത്തെ സമീപിച്ചിരുന്ന അനീഷിന്റെ ഓർമകൾ സുഹൃത്തുക്കൾ പങ്കുവെച്ചു. “മാർച്ച് മാസം അവസാനമാണ് അനീഷ് വിളിച്ചത്.
സിക്കിമിൽ തന്നെയായിരുന്നു. തുരങ്ക നിർമാണത്തിനിടെ ചെറിയൊരു അപകടം ഉണ്ടായെന്നും താൻ രക്ഷപ്പെട്ടെന്നും ചിരിച്ചുകൊണ്ടാണ് പറഞ്ഞത്.
അത്ര വലിയ അപകടത്തെപ്പോലും നിസ്സാരമായി കാണുന്ന സ്വഭാവമായിരുന്നു അവന്റേത്” എന്ന് സുഹൃത്ത് പ്രബിൻ സുകുമാരൻ ഓർക്കുന്നു. കണ്ണീരായി കുടുംബാംഗങ്ങൾ
ഓടിയെത്തി വാരിപ്പുണരുന്ന അച്ഛനെ തേടി എട്ടുമാസം പ്രായമുള്ള കാർത്യായനി പലതവണ കൈനീട്ടി.
ശരീരമാസകലം പൊതിഞ്ഞുകെട്ടി കിടക്കുന്നത് അച്ഛനാണോയെന്ന സംശയം ആ കുഞ്ഞു കണ്ണുകളിൽ പ്രകടമായിരുന്നു. ഇരുപത്തെട്ട് കെട്ടിനാണ് അനീഷ് ഒടുവിൽ നാട്ടിലെത്തിയത്.
ഓണത്തിനു വരാമെന്നുറപ്പു നൽകിയാണ് അന്ന് മടങ്ങിയത്. മൂത്തമകൻ അർണവും പിതാവിന്റെ വേർപാട് താങ്ങാനാവാതെ വിഷമിച്ചു.
ബന്ധുക്കളും നാടൊന്നാകെയും ഈ കുടുംബത്തിന്റെ വേദനയിൽ പങ്കുചേർന്നു. നടുക്കം മാറാതെ സഹപ്രവർത്തകൻ
സിക്കിമിലെ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കത്തിൽ അനീഷിനൊപ്പം ജിയോളജിസ്റ്റായി ജോലി ചെയ്തിരുന്ന അനൂപ് പട്ടേൽ സംഭവത്തിന്റെ ഭീതിജനകമായ ഓർമകൾ പങ്കുവെച്ചു.
“തുരങ്കത്തിന് തൊട്ടടുത്തുവരെ ഞങ്ങൾ ഒരുമിച്ചായിരുന്നു. അപ്പോഴാണ് എന്റെ വണ്ടി കേടായത്.
അനീഷിന്റെ വണ്ടിയിൽ 5 സീറ്റുണ്ടായിരുന്നു. എല്ലാ സീറ്റിലും ആളുകൾ ഉണ്ടായിരുന്നു.
എന്നോട് പുറത്തു നിൽക്കൂ, താൻ തിരികെ വന്നിട്ട് എന്റെ സൈറ്റിൽ പോകാം എന്നു പറഞ്ഞാണ് അനീഷ് തുരങ്കത്തിന് ഉള്ളിലേക്കു കയറിയത്. കാതടപ്പിക്കുന്ന സ്ഫോടനമായിരുന്നു പിന്നീട്” – അനൂപ് പട്ടേൽ പറഞ്ഞു.
“ഉച്ചഭക്ഷണ സമയം കഴിഞ്ഞ് തുരങ്കത്തിന്റെ കവാടത്തിൽ കോൺക്രീറ്റ് ഉപയോഗിച്ച് അടയ്ക്കുന്ന (ഷോട്ട്ക്രീറ്റ്) പ്രവർത്തനങ്ങൾ നടക്കുകയായിരുന്നു. വെള്ളമോ വാതകങ്ങളോ പുറത്തേക്ക് വരാതിരിക്കാനാണ് ഇത് ചെയ്യുന്നത്.
എന്നാൽ തുരങ്കകവാടത്തിൽ എത്തിയതും സ്ഫോടനം ഉണ്ടാവുകയായിരുന്നു”- അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

