തിരുവനന്തപുരം: രണ്ടേകാൽ കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തിയ ജിഎസ്ടി ജോയിന്റ് കമ്മിഷണർ പ്രജനി രാജനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. വിജിലൻസ് കേസെടുത്തിട്ടും ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്യാത്തതിൽ വലിയ വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെയാണ് സർക്കാർ കർശന നടപടിയുമായി രംഗത്തെത്തിയത്.
വിജിലൻസ് സംഘം വസതിയിൽ റെയ്ഡ് നടത്തിയിട്ടും പ്രജനി രാജൻ മൂന്ന് ദിവസത്തോളം ഓഫീസിൽ ഹാജരായിരുന്നത് വിവാദമായിരുന്നു. സർവീസിൽ തുടരുന്നത് തെളിവുകൾ നശിപ്പിക്കുന്നതിനും അന്വേഷണ നടപടികൾ തടസ്സപ്പെടുത്തുന്നതിനും സാക്ഷികളെ സ്വാധീനിക്കുന്നതിനും ഇടയാക്കുമെന്ന് വിലയിരുത്തിയാണ് ഈ നടപിയെന്ന് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
കൊച്ചി തേവരയിലെ ഓഫീസിലും പച്ചാളത്തെ വസതിയിലും വിജിലൻസ് നടത്തിയ പരിശോധനയിൽ 14.10 ലക്ഷം രൂപയും 788 യുഎസ് ഡോളറും ഒരു പവൻ വീതം തൂക്കം വരുന്ന 4 സ്വർണനാണയങ്ങളും 190 ഗ്രാം സ്വർണാഭരണങ്ങളും അധികൃതർ പിടിച്ചെടുത്തിരുന്നു. ഒന്നാം പിണറായി സർക്കാരിന്റെ കാലം മുതൽ തന്നെ പ്രജനിക്കെതിരെ ഒട്ടേറെ പരാതികൾ വിജിലൻസിന് ലഭിച്ചിരുന്നു.
തുടർന്ന് വിജിലൻസ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പിണറായി സർക്കാരിന്റെ കാലത്ത് ജിഎസ്ടി വകുപ്പിലെ ഇടതുപക്ഷ സർവീസ് സംഘടനയുടെ സജീവ പ്രവർത്തകയായിരുന്ന പ്രജനി, ഭരണം മാറിയതിന് ശേഷം യുഡിഎഫ് അനുകൂല സർവീസ് സംഘടനയിൽ കഴിഞ്ഞ മാസം അംഗത്വമെടുത്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

