താരസംഘടനയായ അമ്മയിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് വെളിപ്പെടുത്തലുമായി നടി അൻസിബ ഹസൻ. സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് നടി ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.
തന്നെ ജിഹാദിയായി ചിത്രീകരിക്കാൻ ജനപ്രതിനിധി ഉൾപ്പെടെയുള്ളവർ ശ്രമിച്ചെന്നും, തന്റെ കുടുംബാംഗങ്ങളെപ്പോലും തേജോവധം ചെയ്യാൻ ഗൂഢശ്രമങ്ങൾ നടക്കുന്നതായും അൻസിബ വ്യക്തമാക്കുന്നു. തന്റെ ഔദ്യോഗിക കുറിപ്പിൽ അൻസിബ ഇങ്ങനെ പറയുന്നു: “എന്റെ ഓരോ തരിയിലും കത്തിയെരിയുന്ന ഈ വേദനയ്ക്ക് വാക്കുകളില്ല.
ആദ്യം ‘മേത്തച്ചി’യാക്കി, പിന്നെ ‘ജിഹാദി’യാക്കി, മതപരിവർത്തനത്തിന്റെ പേരിൽ എന്നെ ഒറ്റപ്പെടുത്തി. ജനപ്രതിനിധി മുതൽ പലരും ഇതിന് കൂട്ടുനിന്നു.
പക്ഷേ, അതെല്ലാം കഴിഞ്ഞ് ആ ജനപ്രതിനിധിയുടെ മകൻ എനിക്ക് അയച്ച സന്ദേശം മാത്രം ബാക്കി: ‘തളരരുത്’.” തുടർന്ന് നടി തന്റെ കുറിപ്പിൽ ആരോപിക്കുന്നത് ഇപ്രകാരമാണ്: “ചാരുകസേരയിൽ ഇരുന്ന് അവർ എന്റെ സ്വഭാവഹത്യ നടത്തി. മഹാനടൻ മുതൽ സഹപ്രവർത്തകർ വരെ, അവസാനമെന്റെ രണ്ടാനച്ഛന്റെ പേരിൽ പോലും എന്നെ തേജോവധം ചെയ്തു.
ഇപ്പോൾ സുഹൃത്തുക്കളിലേക്കും ആ ക്രൂരമായ വിരലുകൾ നീളുന്നു. കൂടെപ്പിറന്ന നാല് സഹോദരങ്ങൾ കൂടി എനിക്കുണ്ട് എന്ന ചിന്ത പോലും അവർക്ക് എന്നെ തകർക്കാൻ തടസ്സമായില്ല.
ലക്ഷങ്ങൾ ഒഴുക്കി പിആര് ഏജൻസികളെക്കൊണ്ട് അവർ എനിക്കെതിരെ ഗൂഢാലോചന മെനയുന്നു. ഇനിയും അവർ ആക്രമിക്കും, ഇനിയും അവർ എന്നെ വേട്ടയാടും.
എനിക്കറിയാം. പക്ഷേ, എന്റെ സംഘടനയിൽ ഞാൻ ചോദിച്ച, ഉത്തരമില്ലാത്ത ആ ചോദ്യങ്ങൾ വായുവിൽ അലയുന്നുണ്ട്… അവ എന്നെന്നേക്കുമായി മൗനമാക്കപ്പെടില്ല.” തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ബോധ്യപ്പെട്ട
സാഹചര്യത്തിലാണ് നിയമനടപടികളുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതെന്ന് നടി വ്യക്തമാക്കി. നീതി ലഭിക്കുമെന്ന പൂർണ്ണ വിശ്വാസത്തോടെ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതായും അവർ അറിയിച്ചു.
അതേസമയം, ശ്വേത മേനോൻ പ്രസിഡന്റായിരുന്ന അമ്മ ഭരണസമിതി അടുത്തിടെ കൂട്ടത്തോടെ രാജിവെച്ചിരുന്നു. വാർഷിക ജനറൽ ബോഡി യോഗത്തിലുണ്ടായ നാടകീയ സംഭവങ്ങൾക്കൊടുവിലായിരുന്നു ഭരണസമിതിയുടെ പിരിച്ചുവിടൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

