ആരോഗ്യമേഖലയിൽ മികച്ച നിലവാരവും സേവന മികവും കാഴ്ചവെച്ചതിന് ആലപ്പുഴ ജനറൽ ആശുപത്രിക്ക് ദേശീയ അംഗീകാരം. നാഷനൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ് (എൻക്യുഎഎസ്) മാനദണ്ഡങ്ങൾ പാലിച്ചാണ് ആശുപത്രി ഈ നേട്ടം കൈവരിച്ചത്.
ചികിത്സാ സൗകര്യങ്ങൾ, ഭൗതിക സാഹചര്യങ്ങൾ, സേവനങ്ങളുടെ ഗുണനിലവാരം എന്നിവ വിലയിരുത്താൻ എത്തിയ വിദഗ്ധ സമിതിയുടെ പരിശോധനയ്ക്ക് ശേഷമാണ് അംഗീകാരം ലഭ്യമായത്. ഈ നേട്ടത്തിലൂടെ വരും മൂന്ന് വർഷക്കാലത്തേക്ക് 40 ലക്ഷം രൂപയുടെ വികസന ഫണ്ട് ആശുപത്രിക്ക് ലഭ്യമാകും.
പ്രധാന സൗകര്യങ്ങൾ 400 കിടക്കകളുള്ള ഈ ആശുപത്രിയിൽ പ്രതിദിനം 2500-ൽ അധികം രോഗികളാണ് ചികിത്സ തേടിയെത്തുന്നത്. ഗ്യാസ്ട്രോഎന്ററോളജി, നെഫ്രോളജി എന്നീ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ ആശുപത്രിയുടെ കരുത്താണ്.
ഗ്യാസ്ട്രോ വിഭാഗത്തിൽ ഫൈബ്രോസ്കാൻ, ഗ്യാസ്ട്രോ എൻഡോസ്കോപ്പി തുടങ്ങിയ ആധുനിക സേവനങ്ങൾ ലഭ്യമാണ്. പത്ത് കിടക്കകളുള്ള ഡയാലിസിസ് യൂണിറ്റിലൂടെ ആഴ്ചതോറും 70-ലധികം രോഗികൾക്ക് സൗജന്യ സേവനം ഉറപ്പാക്കുന്നുണ്ട്.
മെഡിസിൻ, സർജറി, ഓർത്തോപീഡിക്സ്, ഡെർമറ്റോളജി, ഇഎൻടി, പീഡിയാട്രിക്സ്, പൾമനോളജി, പാലിയേറ്റീവ് കെയർ, ഓങ്കോളജി, ഡെന്റൽ, ഒഫ്താൽമോളജി, ഗൈനക്കോളജി തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി സമഗ്ര ചികിത്സയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. അത്യാധുനിക സേവനങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗം, ലബോറട്ടറി, ഫാർമസി എന്നിവയ്ക്കൊപ്പം ട്രാൻസ്ജെൻഡർ ഒപി, ജെറിയാട്രിക്സ് ഒപി, ജീവിതശൈലി ക്ലിനിക് എന്നിവ ആശുപത്രിയുടെ പ്രത്യേകതകളാണ്.
പാലിയേറ്റീവ് ടെർഷ്യറി കെയർ വിഭാഗത്തിന്റെ നേതൃത്വത്തിൽ മികച്ച ഒപി സേവനങ്ങളും ഗൃഹസന്ദർശന ചികിത്സകളും ആരോഗ്യപ്രവർത്തകർക്കായി പരിശീലന പരിപാടികളും നടപ്പിലാക്കുന്നു. കഴിഞ്ഞ വർഷം കായകൽപ കമൻഡേഷൻ പുരസ്കാരവും ഈ വർഷം ഹരിത പ്ലസ് അംഗീകാരവും ആശുപത്രി നേടിയിരുന്നു.
നഗരസഭയുടെ നേതൃത്വത്തിൽ 60 ലക്ഷം രൂപ ചെലവിൽ സ്ഥാപിച്ച എസ്ടിപി, സോളർ എനർജി പ്ലാന്റ്, അത്യാഹിത വിഭാഗത്തിന്റെ നവീകരണം, 35 ലക്ഷം രൂപയുടെ എൻഡോസ്കോപ്പി മെഷീൻ എന്നിവ സേവന നിലവാരം ഉയർത്തുന്നതിൽ നിർണായകമായി. ആശുപത്രിയുടെ ചരിത്രത്തിലെ സുപ്രധാന നേട്ടമാണിതെന്ന് നഗരസഭാധ്യക്ഷ മോളി ജേക്കബ്, ആരോഗ്യ സ്ഥിരസമിതി ചെയർമാൻ എ.എം.നൗഫൽ എന്നിവർ വ്യക്തമാക്കി.
പുതിയ ഓപ്പറേഷൻ തിയറ്റർ, പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ് എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. നഗരസഭ, ആശുപത്രി മാനേജ്മെന്റ്, ഡോക്ടർമാർ, നഴ്സുമാർ തുടങ്ങി മുഴുവൻ ജീവനക്കാരുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ അംഗീകാരമെന്നും അവർ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

