പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾക്കിടയിലും ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ ശക്തമായ വളർച്ച പ്രകടമാകുമെന്ന് പ്രമുഖ ആഗോള സാമ്പത്തിക സേവന സ്ഥാപനമായ ഗോൾഡ്മാൻ സാക്സ്. നടപ്പു വർഷം ഇന്ത്യ 6.5 ശതമാനം സാമ്പത്തിക വളർച്ച കൈവരിക്കുമെന്നാണ് സ്ഥാപനത്തിന്റെ പുതിയ വിലയിരുത്തൽ.
നേരത്തെ 6.1 ശതമാനം വളർച്ചയാണ് പ്രതീക്ഷിച്ചിരുന്നതെങ്കിൽ, നിലവിലെ അനുകൂല സാഹചര്യങ്ങൾ പരിഗണിച്ച് ഈ പ്രവചനം പരിഷ്കരിക്കുകയായിരുന്നു. പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാവുകയും ഹോർമൂസ് കടലിടുക്ക് അടയുമെന്ന ആശങ്കകൾ ഉടലെടുക്കുകയും ചെയ്തത് നേരത്തെ സാമ്പത്തിക മേഖലയെ ബാധിക്കുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു.
എന്നാൽ, ഇറാൻ-യുഎസ് തർക്കങ്ങളിൽ പരിഹാരത്തിനായുള്ള ചർച്ചകൾ മുന്നോട്ട് പോയതും ആഗോള വിപണിയിലെ ക്രൂഡോയിൽ വില കുറഞ്ഞതും ഇന്ത്യൻ വിപണിക്ക് ആശ്വാസമായി. ഇതേത്തുടർന്ന് നടപ്പ് കലണ്ടർ വർഷത്തിലെ രണ്ടാം പാദത്തിൽ (ഏപ്രിൽ-ജൂൺ) പ്രതീക്ഷിച്ചതിലും മികച്ച ജിഡിപി വളർച്ച രേഖപ്പെടുത്തുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
കോവിഡ് മഹാമാരിക്ക് ശേഷമുള്ള കണക്കുകൾ പരിശോധിച്ചാൽ 7 ശതമാനത്തിൽ താഴെ വളർച്ച കൈവരിക്കുന്നത് ഇതാദ്യമായാണ്. ആദ്യ പാദത്തിൽ 7.8 ശതമാനമായിരുന്നു ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക്.
പശ്ചിമേഷ്യൻ പ്രതിസന്ധി ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയെ സാരമായി ബാധിച്ചിട്ടില്ലെന്നും, സർക്കാരിന്റെ കൃത്യസമയത്തുള്ള ഇടപെടലുകൾ പ്രതിസന്ധികളെ മറികടക്കാൻ സഹായിച്ചെന്നും ഗോൾഡ്മാൻ സാക്സ് വ്യക്തമാക്കി. അതേസമയം, ക്രൂഡോയിൽ വിലയിലുണ്ടായ വർധനവ് കാരണം രണ്ടാം പാദത്തിൽ ചെലവിടൽ വളർച്ചയിൽ നേരിയ കുറവുണ്ടായേക്കാം.
എന്നാൽ നിലവിൽ ക്രൂഡോയിൽ വിലയിലുണ്ടായ കുറവ് മൂന്നാം പാദത്തിൽ (ജൂലൈ-സെപ്റ്റംബർ) സമ്പദ്വ്യവസ്ഥയ്ക്ക് ഗുണകരമാകുമെന്നും വിലയിരുത്തപ്പെടുന്നു. ഇതിനുപുറമെ, യൂറിയ ഉൾപ്പെടെയുള്ള രാസവളങ്ങളുടെ രാജ്യാന്തര വിലയിലുണ്ടായ ഇടിവ് ഇന്ത്യയുടെ ഇറക്കുമതി ചെലവ് കുറയ്ക്കാനും, വളം സബ്സിഡി ഇനത്തിൽ സർക്കാർ ചെലവാക്കുന്ന തുകയിൽ ലാഭം ഉണ്ടാക്കാനും വഴിയൊരുക്കിയിട്ടുണ്ട്.
രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനും ക്രൂഡോയിൽ വിലയിലെ ഇടിവ് സഹായകമാകും. വിദേശനിക്ഷേപം ആകർഷിക്കാനായി കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നടപടികളും സാമ്പത്തിക മേഖലയ്ക്ക് കരുത്താകുന്നുണ്ട്.
കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന താൽക്കാലിക തിരിച്ചടികൾ ഒഴിച്ചുനിർത്തിയാൽ, ഈ വർഷത്തിന്റെ അവസാനത്തോടെ ഇന്ത്യൻ സമ്പദ്വ്യവസ്ഥ വലിയ കുതിച്ചുചാട്ടത്തിന് തയ്യാറെടുക്കുകയാണെന്നും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

