ജന്മനാട്ടിൽ വെച്ച് തന്നെ അന്ത്യവിശ്രമം കൊള്ളണമെന്ന അതിയായ ആഗ്രഹവുമായി 94 വയസ്സുകാരിയായ വയോധിക അധികൃതരുടെ സഹായം തേടി. ആന്ധ്രാപ്രദേശിലെ ബപട്ലയിലാണ് സംഭവം.
അമേരിക്കൻ പൗരത്വം ഉപേക്ഷിക്കാനായി കൊണ്ട്രഗുണ്ട മഹാലക്ഷ്മമ്മ എന്ന വയോധിക ജില്ലാ കളക്ടറുടെ ഓഫീസിലെത്തി നിയമസഹായം അഭ്യർത്ഥിക്കുകയായിരുന്നു.
യുവതലമുറ ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലുമായി വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറാൻ മത്സരിക്കുമ്പോൾ, ജീവിതത്തിന്റെ സായാഹ്നത്തിൽ ജന്മനാട്ടിലേക്ക് തിരികെ വരാനും ഇന്ത്യക്കാരിയായി മരിക്കാനും ആഗ്രഹിക്കുന്ന മഹാലക്ഷ്മമ്മയുടെ തീരുമാനം ഏവരിലും കൗതുകമുണർത്തുന്നു. ആന്ധ്രാപ്രദേശിലെ ചിന്താഗുപാല ഗ്രാമവാസിയാണ് ഇവർ.
ഭർത്താവിന്റെ വിയോഗത്തിന് ശേഷമാണ് ഇവർ അമേരിക്കയിലേക്ക് താമസം മാറിയത്. ക്യാൻസർ ചികിത്സാ വിദഗ്ധനായ മകനൊപ്പമായിരുന്നു ഇവർ താമസിച്ചിരുന്നത്.
2000 ജൂലൈ മാസത്തിലാണ് ഇവർക്ക് അമേരിക്കൻ പൗരത്വം ലഭിക്കുന്നത്. നീണ്ട
രണ്ട് പതിറ്റാണ്ടുകാലം അമേരിക്കയിൽ ചിലവഴിച്ച ശേഷം 2018-ൽ ഇവർ നാട്ടിലേക്ക് തിരിച്ചെത്തിയിരുന്നു. എങ്കിലും അതുവരെ അമേരിക്കൻ പൗരത്വം ഉപേക്ഷിക്കാൻ ഇവർ തയ്യാറായിരുന്നില്ല.
എന്നാൽ, വാർധക്യസഹജമായ ശാരീരിക അസ്വസ്ഥതകൾ വർധിച്ച സാഹചര്യത്തിൽ, ശേഷിക്കുന്ന കാലം സ്വന്തം നാട്ടിൽ ഇന്ത്യക്കാരിയായി തന്നെ ജീവിക്കണമെന്നും ഇവിടെ വെച്ച് തന്നെ അന്ത്യകർമ്മങ്ങൾ നടക്കണമെന്നും ഇവർ ഉറപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച കളക്ട്രേറ്റിലെത്തിയ ഇവർ ഇതിനാവശ്യമായ നിയമനടപടികൾ അധികൃതരുടെ സാന്നിധ്യത്തിൽ പൂർത്തിയാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

