സത്യപ്രതിജ്ഞാ വിവാദങ്ങളെത്തുടർന്നുണ്ടായ ഭരണസ്തംഭനത്തിന്റെ പശ്ചാത്തലത്തിൽ, തിരുവനന്തപുരം കോർപറേഷനിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള നീക്കവുമായി യുഡിഎഫ് മുന്നോട്ട്. ഭരണപരമായ കാര്യങ്ങളിൽ വലിയ വീഴ്ച സംഭവിച്ചുവെന്നും കൗൺസിൽ യോഗം വിളിക്കാൻ പോലും നിലവിലെ ഭരണസമിതി തയ്യാറാകുന്നില്ലെന്നും യുഡിഎഫ് നേതൃത്വം ആരോപിക്കുന്നു.
വിഷയം ചർച്ച ചെയ്യുന്നതിനായി ഇന്ന് വൈകിട്ട് പാർലമെന്ററി പാർട്ടി യോഗം ചേരും. നിലവിൽ 101 അംഗങ്ങളുള്ള കൗൺസിലിൽ 50 സീറ്റുകളുമായി ബിജെപിയാണ് ഭരണത്തിലുള്ളത്.
ഒരു സ്വതന്ത്ര അംഗത്തിന്റെ പിന്തുണയോടെയാണ് ഭരണം മുന്നോട്ട് പോകുന്നത്. എൽഡിഎഫിന് 29 സീറ്റുകളും യുഡിഎഫിന് 20 സീറ്റുകളുമാണുള്ളത്.
കൂടാതെ, യുഡിഎഫ് വിമതനായി മത്സരിച്ച മറ്റൊരു സ്വതന്ത്ര അംഗവും കൗൺസിലിലുണ്ട്. അവിശ്വാസ പ്രമേയം പാസാക്കുന്നതിന് ആവശ്യമായ കേവല ഭൂരിപക്ഷം യുഡിഎഫിന് ഒറ്റയ്ക്ക് ലഭിക്കില്ല.
അതിനാൽ, എൽഡിഎഫും യുഡിഎഫ് വിമതനായി മത്സരിച്ച സ്വതന്ത്രനും അവിശ്വാസ പ്രമേയത്തെ പിന്തുണച്ചാൽ മാത്രമേ ബിജെപി ഭരണത്തെ പ്രതിരോധത്തിലാക്കാൻ സാധിക്കൂ. നിലവിൽ കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ.സുഗതന്റെ അസാന്നിധ്യം വോട്ടെടുപ്പിൽ നിർണ്ണായകമാകും.
ഇരുപക്ഷവും ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ ഭരണപക്ഷത്തിനെതിരെ 50 വോട്ടുകൾ സമാഹരിക്കാൻ സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് പ്രതിപക്ഷം. വരും ദിവസങ്ങളിൽ കൗൺസിൽ യോഗം ചേരാനിരിക്കെ രാഷ്ട്രീയ നീക്കങ്ങൾ സജീവമായിട്ടുണ്ട്.
ഇതിനിടെ, കൗൺസിലർമാർ തമ്മിലടിച്ച സംഭവത്തിൽ രണ്ട് കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എൽഡിഎഫ് കൗൺസിലർ സിന്ധു ശശി നൽകിയ പരാതിയിൽ മേയർക്കും ഡപ്യൂട്ടി മേയർക്കുമെതിരെയും, ബിജെപി കൗൺസിലർ ശ്രുതി നൽകിയ പരാതിയിൽ എസ്.പി.
ദീപക്, മുൻ മേയർ ശ്രീകുമാർ, വഞ്ചിയൂർ ബാബു ഉൾപ്പെടെ അഞ്ച് പേർക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. എന്നാൽ, എഫ്ഐആറിൽ പ്രതിയായ എസ്.പി.
ദീപക്കിന്റെ പേര് തെറ്റായി ‘ദീപക് ദേവ്’ എന്ന് രേഖപ്പെടുത്തിയതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പിഴവ് തിരുത്തുമെന്ന് പോലീസ് അറിയിച്ചു.
മറ്റൊരു സംഭവത്തിൽ, വിഴിഞ്ഞം ഹാർബർ വാർഡിൽ രാജീവ് ഗാന്ധി ആവാസ് യോജന പ്രകാരം നിർമിച്ച ഫ്ലാറ്റുകളുടെ നിർമാണത്തിലെ അപാകതകൾ പരിശോധിക്കുമെന്ന് മേയർ വി.വി. രാജേഷ് അറിയിച്ചു.
ഇത് സംബന്ധിച്ച് തിരുവനന്തപുരം എൻജിനീയറിങ് കോളജിനെക്കൊണ്ട് അന്വേഷണം നടത്തും. സ്മാർട് സിറ്റി പദ്ധതിയിലെ അപാകതകൾ കണ്ടെത്താൻ ഫൊറൻസിക് ഓഡിറ്റിങ് നടത്താൻ സർക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

