സംസ്ഥാനത്ത് സ്വർണവിലയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഇടിവിന് വിരാമമിട്ടുകൊണ്ട് നേരിയ മുന്നേറ്റം. പവന് 200 രൂപ വർധിച്ചതോടെ സ്വർണവില 1,03,840 രൂപയിലേക്ക് എത്തിയിരിക്കുകയാണ്.
ഗ്രാമിന് 25 രൂപ വർധിച്ച് 12,980 രൂപ എന്ന നിലയിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയിൽ ഔൺസിന് 4000 ഡോളർ നിലവാരത്തിൽ സ്വർണം തുടരുന്നതാണ് ആഭ്യന്തര വിപണിയിലെ ഈ ചലനങ്ങൾക്ക് കാരണം.
കഴിഞ്ഞ ജനുവരി 29-ന് സംസ്ഥാനത്ത് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണത്തിന്റെ എക്കാലത്തെയും ഉയർന്ന നിരക്ക്. അതിനുശേഷം പവന് ഏകദേശം 27,320 രൂപയുടെ കുറവാണ് വിപണിയിൽ ഉണ്ടായത്, ഇത് ശതമാനക്കണക്കിൽ 21 ശതമാനത്തോളമാണ്.
പ്രധാന കാരണങ്ങൾ
അമേരിക്കൻ ഡോളറിന്റെ മൂല്യം വർധിച്ചതും, അടിസ്ഥാന പലിശ നിരക്ക് ഉയർത്തിയേക്കുമെന്ന സൂചനകളും സ്വർണവിപണിക്ക് തിരിച്ചടിയായിട്ടുണ്ട്. 2025 നവംബറിനു ശേഷം ആദ്യമായാണ് സ്വർണവില ഔൺസിന് 4000 ഡോളറിന് താഴേക്ക് എത്തിയത്.
2025-ന്റെ തുടക്കത്തിൽ ഔൺസിന് 5594.82 ഡോളർ എന്ന റെക്കോർഡ് നിലവാരത്തിൽ നിന്ന് 29 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തുടർച്ചയായ നാലാം ആഴ്ചയും സ്വർണം നഷ്ടത്തിലാണ് സഞ്ചരിക്കുന്നത്.
ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചേക്കുമെന്ന പ്രതീക്ഷകളും വിലയിൽ സമ്മർദം ചെലുത്തുന്നു. അതേസമയം, പുറത്തുവന്ന വ്യക്തി ഉപഭോക്തൃ സൂചിക (പിസിഇ) വിപണിക്ക് നേരിയ ആശ്വാസം നൽകിയിട്ടുണ്ട്.
പ്രതീക്ഷിച്ചതിനേക്കാൾ 0.4 ശതമാനം കുറവാണ് പിസിഇ രേഖപ്പെടുത്തിയത്. ഫെഡ് റിസർവിന്റെ നയരൂപീകരണത്തിൽ നിർണായകമായ സൂചികയാണിത്.
എന്നിരുന്നാലും, ഈ വർഷം മൂന്നു തവണ പലിശ വർധനയുണ്ടാകുമെന്ന ഭയം നിക്ഷേപകരിൽ തുടരുന്നുണ്ട്. നിരക്ക് ഉയരുമ്പോൾ സ്വർണത്തിൽ നിന്ന് നിക്ഷേപകർ യുഎസ് കടപത്രങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നതാണ് ഡിമാൻഡ് കുറയാൻ കാരണം.
വില പ്രവചനം
ഫെഡറൽ റിസർവിന്റെ അന്തിമ തീരുമാനങ്ങൾ വരുന്നത് വരെ വിപണിയിൽ ചാഞ്ചാട്ടം തുടരുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. നിലവിൽ 4000 ഡോളർ എന്ന താങ്ങ് സ്വർണം ഭേദിച്ചു കഴിഞ്ഞു.
ഇനി 3950 ഡോളറിലാണ് നിർണായക പിന്തുണയുള്ളത്. ഇത് തകർന്നാൽ വില 3600 ഡോളറിലേക്ക് എത്താൻ സാധ്യതയുണ്ട്.
അങ്ങനെയെങ്കിൽ കേരളത്തിൽ പവൻ വില 90,000 രൂപ എന്ന നിലവാരത്തിലേക്ക് താഴാൻ സാധ്യതയുണ്ട്. ദീർഘകാലാടിസ്ഥാനത്തിൽ സ്വർണം മികച്ച നേട്ടം നൽകുമെന്ന് വിദഗ്ധർ ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുന്നു.
ഇന്നത്തെ നിരക്കുകൾ
കേരളത്തിൽ നിലവിലെ വിപണി വില പ്രകാരം, പത്തുശതമാനം പണിക്കൂലി, നികുതി, ഹോൾമാർക്കിങ് ചാർജ് എന്നിവ ഉൾപ്പെടെ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1,17,700 രൂപ ആവശ്യമായി വരും. 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും മാറ്റമുണ്ട്.
ഗ്രാമിന് 20 രൂപ വർധിച്ച് 10,770 രൂപയ്ക്കും 10,670 രൂപയ്ക്കും വിപണിയിൽ വിൽക്കുന്നു. വെള്ളിയുടെ വിലയിൽ ഗ്രാമിന് 5 രൂപ വർധിച്ച് 240 രൂപയായി ഉയർന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

