ന്യൂഡൽഹി: അമേരിക്കയിലെ വിവാദമായ ലൈംഗിക കുറ്റവാളിയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയുടെ ചിത്രങ്ങളും ഔദ്യോഗിക രേഖകളും പുറത്തുവന്നത് കേന്ദ്ര സർക്കാരിന് വലിയ രാഷ്ട്രീയ തലവേദനയായി മാറിയിരിക്കുകയാണ്. അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ട
പുതിയ രേഖകളിൽ കേന്ദ്രമന്ത്രിയും ജെഫ്രി എപ്സ്റ്റീനും മാത്രമായി ഒരു മുറിയിൽ ഇരിക്കുന്ന ചിത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ വിവരങ്ങൾ പുറത്തുവന്നതോടെ മന്ത്രി നേരത്തെ നൽകിയ വിശദീകരണം കള്ളമാണെന്ന ശക്തമായ വാദവുമായി കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.
മുമ്പ് ‘എപ്സ്റ്റീൻ ഫയൽസിൽ’ പുരിയുടെ പേര് ഉൾപ്പെട്ടിട്ടുണ്ടെന്ന തരത്തിൽ ആരോപണങ്ങൾ ഉയർന്നിരുന്നുവെങ്കിലും കേന്ദ്ര സർക്കാർ അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. ഇതിന്റെ ഭാഗമായി ബിജെപി ദേശീയ ആസ്ഥാനത്ത് പ്രത്യേക വാർത്താ സമ്മേളനം വിളിച്ച് ചേർത്ത് തന്റെ നിലപാട് വിശദീകരിക്കാൻ മന്ത്രിക്ക് അവസരവും നൽകിയിരുന്നു.
അന്ന് ഇൻ്റർനാഷണൽ പീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവർത്തിച്ചിരുന്ന കാലയളവിൽ ഔദ്യോഗിക ആവശ്യങ്ങളുടെ ഭാഗമായി പ്രതിനിധി സംഘത്തോടൊപ്പം മൂന്നോ നാലോ തവണ മാത്രമാണ് എപ്സ്റ്റീനെ കണ്ടിട്ടുള്ളതെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. ഒരേ ഒരു ഇ–മെയിൽ സന്ദേശത്തിൽ മാത്രമാണ് തന്റെ പേര് പരാമർശിക്കപ്പെട്ടിട്ടുള്ളതെന്നും, അത് ലിങ്ക്ഡ്ഇൻ സ്ഥാപകൻ റീഡ് ഹോഫ്മാനുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ഇൻ്റർനെറ്റ് ബിസിനസ് സാധ്യതകളെക്കുറിച്ചുള്ള ചർച്ചയായിരുന്നുവെന്നും പുരി അന്ന് അവകാശപ്പെട്ടിരുന്നു.
എന്നാൽ, കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി എപ്സ്റ്റീനുമായി 14 തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നാണ് കോൺഗ്രസ് ഇപ്പോൾ പുതിയ ആരോപണം ഉന്നയിച്ചിരിക്കുന്നത്. മാത്രമല്ല, 62 തവണ ഇ–മെയിലുകൾ വഴി ഇവർ പരസ്പരം ബന്ധപ്പെട്ടിട്ടുണ്ടെന്നും കോൺഗ്രസ് മാധ്യമവിഭാഗം മേധാവി പവൻ ഖേര ആരോപിച്ചു.
ഇവർ തമ്മിൽ നടത്തിയ ചർച്ചകളുടെ വിശദാംശങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ വെളിപ്പെടുത്തണമെന്നും കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു. സംഭവത്തിൽ രൂക്ഷമായ പരിഹാസവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും രംഗത്തെത്തി.
“യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ മുംബൈയിലേക്ക് പോകുന്നു. യുഎസ് നീതിന്യായ വകുപ്പ് എപ്സ്റ്റീന്റെയും പുരിയുടെയും ചിത്രം പുറത്തിറക്കുന്നു.
പ്രിയപ്പെട്ട ബിജെപി, ആർഎസ്എസ് പ്രവർത്തകരേ, ഏതു രാജ്യദ്രോഹിയെയാണ് അവർ ബ്ലാക്ക്മെയിൽ ചെയ്യുന്നതെന്നാണ് നിങ്ങൾ കരുതുന്നത്?” എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ചോദ്യം.
എപ്സ്റ്റീനുമായി ബന്ധമുണ്ടെന്ന് വ്യക്തമായിട്ടും ഇതുവരെയും പുരിയെ സംരക്ഷിക്കുന്ന നിലപാടാണ് പ്രധാനമന്ത്രി സ്വീകരിച്ചതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ കുറ്റപ്പെടുത്തി. അതേസമയം, ഇത്രയും കാലം പ്രതിരോധം തീർത്തിരുന്നെങ്കിലും ഹർദീപ് സിങ് പുരിക്ക് ഇനി അധികനാൾ കേന്ദ്രമന്ത്രിസ്ഥാനത്ത് തുടരാനാകില്ലെന്നാണ് സൂചന.
ഉത്തർപ്രദേശിൽനിന്നുള്ള രാജ്യസഭാംഗമായ പുരിക്ക് വീണ്ടും സീറ്റ് നൽകേണ്ടതില്ലെന്ന് പാർട്ടി തീരുമാനിച്ചതിലൂടെ ബിജെപി അദ്ദേഹത്തിന് മന്ത്രിസഭയിൽനിന്നുള്ള പുറത്തേക്കുള്ള വഴി ഇതിനോടകം ഒരുക്കിക്കഴിഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

