തൃശൂർ ജില്ലയിൽ കടുത്ത ജലക്ഷാമം തുടരുന്നതിനിടയിലും ജലവിതരണ ശൃംഖലയിലെ ചോർച്ചകൾ വലിയ പ്രതിസന്ധിയാകുന്നു. 2016-17 സാമ്പത്തിക വർഷം മുതൽ 2026 മേയ് 5 വരെയുള്ള കാലയളവിൽ മാത്രം ചാലക്കുടി ജലവിതരണ പദ്ധതി സബ് ഡിവിഷൻ പരിധിയിൽ 24,076 പൈപ്പ് പൊട്ടലുകൾ റിപ്പോർട്ട് ചെയ്തതായി വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു.
ഈ ചോർച്ചകൾ പരിഹരിക്കുന്നതിനായി ഇതുവരെ 13 കോടി രൂപയാണ് ജല അതോറിറ്റി ചെലവഴിച്ചിരിക്കുന്നത്. ഇതിൽ വലിയ തോതിലുള്ള 245 പൈപ്പ് പൊട്ടലുകൾക്ക് മാത്രമായി 82.23 ലക്ഷം രൂപ അറ്റകുറ്റപ്പണികൾക്കായി വിനിയോഗിച്ചതായും കണക്കുകൾ സൂചിപ്പിക്കുന്നു.
കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരി സമർപ്പിച്ച അപേക്ഷയ്ക്ക് ചാലക്കുടി ജലവിതരണ പദ്ധതി സബ് ഡിവിഷൻ പബ്ലിക് ഇൻഫർമേഷൻ ഓഫിസർ നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.
കൂടാതെ, ജല മോഷണവുമായി ബന്ധപ്പെട്ട് 229 കേസുകൾ ഈ കാലയളവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങളിൽ പിഴയായി 11.96 ലക്ഷം രൂപ ഈടാക്കിയതായും രേഖകൾ പറയുന്നു.
ചാലക്കുടി സബ് ഡിവിഷൻ വഴി നിലവിൽ 42.99 എംഎൽഡി വെള്ളമാണ് വിതരണം ചെയ്യുന്നത്. ഇത് പ്രദേശത്തെ ആകെ ആവശ്യത്തിന്റെ 80% വരും.
നിലവിൽ 90 സ്ഥിരം ജീവനക്കാരും 83 കരാർ ജീവനക്കാരുമാണ് ഈ വിഭാഗത്തിൽ സേവനം അനുഷ്ഠിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

