2004 ഫെബ്രുവരി 6-ാം തീയതി രാവിലെ എട്ട് മണിയോടെയാണ് തേവലപ്പുറം മംഗലത്ത് വീട്ടിൽ കെ.കുമാരന്റെ ജീവിതത്തിൽ ഒരിക്കലും ഉണങ്ങാത്ത മുറിവുകൾ സമ്മാനിച്ച ആ ദുരന്തം സംഭവിച്ചത്. ചുങ്കത്തറയിലെ കശുവണ്ടി ഫാക്ടറിയിലേക്ക് ജോലിക്കായി പോവുകയായിരുന്ന ഭാര്യ ആനന്ദവല്ലി (48), വീടിന് സമീപത്തെ വയൽ കടന്ന് പുത്തൂർ–കൊട്ടാരക്കര റോഡിലേക്ക് പ്രവേശിച്ചതായിരുന്നു.
നിർഭാഗ്യവശാൽ, പടിഞ്ഞാറ് ഭാഗത്ത് നിന്ന് അമിതവേഗതയിൽ വന്ന ടിപ്പർ ലോറി ആനന്ദവല്ലിയെ ഇടിച്ചിടുകയും 50 മീറ്ററിലേറെ ദൂരത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയുമായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന ദൃക്സാക്ഷികൾക്കും സഹപ്രവർത്തകർക്കും ആ കാഴ്ച താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
നിലവിളി കേട്ട് ഓടിയെത്തിയ കുമാരൻ കണ്ടത് രക്തത്തിൽ കുളിച്ച, തിരിച്ചറിയാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്ന സ്വന്തം പത്നിയുടെ മൃതദേഹമാണ്. വസ്ത്രത്തിന്റെ ഭാഗം കണ്ടാണ് അതീവ ദുഃഖത്തോടെ താൻ പ്രിയപ്പെട്ടവളെ തിരിച്ചറിഞ്ഞതെന്ന് അദ്ദേഹം ഓർക്കുന്നു.
അപകടത്തിന് കാരണമായ ടിപ്പർ ലോറിക്ക് ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരുന്നില്ല എന്നത് കേസിന്റെ ഗൗരവം വർദ്ധിപ്പിച്ചു. ക്രഷറിലേക്ക് പാറയുമായി അതിവേഗം പാഞ്ഞുവന്ന ലോറിയുടെ ഉടമ സ്വാധീനം ഉപയോഗിച്ച് കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെങ്കിലും കുമാരൻ അതിന് തയ്യാറായില്ല.
റോഡിന് വീതിയില്ലായിരുന്നു എന്ന വിചിത്രമായ വാദമുയർത്തി പ്രതിഭാഗം ഹൈക്കോടതി വരെ നിയമപോരാട്ടം നടത്തി. ഒടുവിൽ നീതിപീഠം ആനന്ദവല്ലിയുടെ മരണത്തിൽ നീതി നടപ്പിലാക്കുകയും 4 ലക്ഷം രൂപ നഷ്ടപരിഹാരം വിധിക്കുകയും ചെയ്തു.
കുടുംബത്തിന് സംഭവിച്ച തീരാനഷ്ടത്തിന് പകരമാവില്ലെങ്കിലും, പ്രിയതമയ്ക്ക് വേണ്ടി നടത്തിയ പോരാട്ടം വിജയിച്ചതിന്റെ ആശ്വാസം മാത്രമാണ് ഇന്ന് കുമാരനുള്ളത്. അടുത്തിടെ മുക്കോണിമുക്കിലുണ്ടായ ടിപ്പർ അപകടത്തിൽ മൂന്ന് പേർ മരിച്ച വാർത്ത അറിഞ്ഞപ്പോൾ താൻ വീണ്ടും ഭയവിഹ്വലനായെന്നും, ടിപ്പർ ലോറികളെ കാണുമ്പോൾ ഇന്നും ഉള്ളിൽ പേടിയാണെന്നും അദ്ദേഹം പറയുന്നു.
22 വർഷങ്ങൾക്കിപ്പുറവും ആ ഓർമ്മകൾക്ക് മുന്നിൽ കുമാരന്റെ കണ്ണുകൾ ഇന്നും നിറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

