കുമരകം പരിപ്പ് തൊള്ളായിരം കള്ള് ഷാപ്പിൽ നിന്നുണ്ടായ ഭക്ഷ്യവിഷബാധയെത്തുടർന്ന് ഒരാൾ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ, കുമരകം, അയ്മനം പഞ്ചായത്തുകളിലെ ഹോട്ടലുകളിലും കള്ള് ഷാപ്പുകളിലും ആരോഗ്യ വകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ കർശന പരിശോധന നടന്നു. ഭക്ഷണശാലകളിലെ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തതും, ലൈസൻസില്ലാതെ പ്രവർത്തിക്കുന്നതും, ജീവനക്കാർക്ക് മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്തതുമായ 6 സ്ഥാപനങ്ങൾക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരം നോട്ടീസ് നൽകി.
പരിശോധനയുടെ വിശദാംശങ്ങൾ
ഹെൽത്ത് ഇൻസ്പെക്ടർ എം. ബിബീഷ്, ഹെൽത്ത് സൂപ്പർവൈസർ കാളിദാസ്, ജെഎച്ച്ഐമാരായ ഷിബു, നിജിത്ത്, പ്രതിഭ എന്നിവരും പഞ്ചായത്ത് ജീവനക്കാരായ സൗമ്യ, ആശ എന്നിവരും കുമരകത്തെ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
അയ്മനത്ത് മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പരിശോധന നടത്തിയത്. വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഭക്ഷണം പാകം ചെയ്യുന്നതായും പകർച്ചവ്യാധികൾ പടരാൻ സാധ്യതയുള്ള സാഹചര്യം നിലനിൽക്കുന്നതായും സംഘം കണ്ടെത്തി.
സംഭവത്തിൽ ഭക്ഷണ സാംപിളുകൾ ശേഖരിക്കുകയും പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. നടപടി നേരിട്ട
സ്ഥാപനങ്ങളുടെ വിവരങ്ങൾ ആരോഗ്യ വകുപ്പ് പുറത്തുവിട്ടിട്ടില്ല. ഇതിനിടെ, കോട്ടയം നഗരത്തിലെ ഹോട്ടലുകളിൽ പഴകിയ ഭക്ഷണം പിടികൂടിയിട്ടും സ്ഥാപനങ്ങളുടെ പേര് വെളിപ്പെടുത്താത്ത നഗരസഭ അധികൃതരുടെ നടപടിക്കെതിരെ പൊതുപ്രവർത്തകനായ പ്രിൻസ് കിഷോർ ആരോഗ്യ മന്ത്രിക്ക് പരാതി നൽകി.
ചികിത്സാ ചെലവ് താങ്ങാനാവാതെ കുടുംബങ്ങൾ
ഭക്ഷ്യവിഷബാധയെത്തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. കുമരകം സ്വദേശിയായ ജ്യോതിഷ് (41) മരിച്ചതോടെ ഷാപ്പ് ഉടമ ഒളിവിൽ പോയത് ഇരകളുടെ കുടുംബങ്ങളെ കൂടുതൽ ദുരിതത്തിലാക്കി.
ഐസിയുവിൽ ചികിത്സയിലായിരുന്ന കുമളി സ്വദേശി അഖിൽ (27), കുമളി കയ്പിൻകര സ്വദേശി സുജിത്ത് (26) എന്നിവരെ ഇന്നലെ വാർഡിലേക്ക് മാറ്റി. അഖിലിന്റെ ചികിത്സാ ചെലവിനായി സുഹൃത്തുക്കളിൽ നിന്നും കടം വാങ്ങേണ്ടി വന്നതായി ബന്ധുക്കൾ പറഞ്ഞു.
കൂടാതെ, കുമളി സ്വദേശി ഗിരീഷ് (27), കുമരകം സ്വദേശികളായ അരുൺ ബാബു (30), നിഖിൽ (26), ആകേഷ് (31) എന്നിവർ കഴിഞ്ഞ 5 ദിവസമായി ചികിത്സയിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

