മാസപ്പടി കേസിൽ അന്വേഷണം പുതിയ തലങ്ങളിലേക്ക് കടക്കുന്നു. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിന്റെ കാലയളവിൽ സിഎംആർഎൽ (CMRL) എന്ന കമ്പനിക്ക് ലഭിച്ച ആനുകൂല്യങ്ങളെയും സഹായങ്ങളെയും കേന്ദ്രീകരിച്ചാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) ഇപ്പോൾ പരിശോധന നടത്തുന്നത്.
വീണ ടിക്ക് ലഭിച്ച തുകയ്ക്കു പിന്നിൽ സർക്കാർ തലത്തിൽ നിന്ന് കമ്പനിക്ക് ലഭിച്ച വഴിവിട്ട ഇടപെടലുകൾ ഉണ്ടോയെന്ന സംശയമാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.
ഈ ഇടപാടുകളിൽ അസ്വാഭാവികതയുണ്ടെന്ന് നിരീക്ഷിക്കുന്ന കേന്ദ്ര ഏജൻസി, കരാറുകളിലെ അഴിമതി സാധ്യതകൾ സംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. എൽഡിഎഫ് സർക്കാരിന്റെ ആദ്യ കാലയളവിൽ സിഎംആർഎല്ലും സർക്കാരും തമ്മിലുണ്ടായ ബന്ധങ്ങളിലേക്കാണ് അന്വേഷണം നീളുന്നത്.
ഇതുമായി ബന്ധപ്പെട്ട് നടന്ന ചോദ്യം ചെയ്യലിൽ വീണ ടി നൽകിയ മൊഴികളിൽ അവ്യക്തത തുടരുന്നതായാണ് റിപ്പോർട്ട്. തനിക്ക് ലഭിച്ച കരാറിൽ അസ്വാഭാവികതയില്ലെന്ന നിലപാടാണ് വീണ ടി സ്വീകരിക്കുന്നത്.
എന്നാൽ ഈ മൊഴികൾ പൂർണമായും വിശ്വാസത്തിലെടുക്കാൻ ഇഡി തയാറായിട്ടില്ല. പത്ത് മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷം വീണ്ടും വീണയെ വിളിപ്പിക്കുമെന്നാണ് സൂചന.
എസ്എഫ്ഐഒ (SFIO) സമർപ്പിച്ച കുറ്റപത്രത്തിന്റെ അനുബന്ധമായി ലഭിച്ച 134 സുപ്രധാന രേഖകൾ ലഭിച്ചതിന് പിന്നാലെയാണ് അന്വേഷണം കൂടുതൽ ശക്തമായത്. ഈ രേഖകൾ അടിസ്ഥാനമാക്കി, സാമ്പത്തിക ഇടപാടുകളിൽ മാത്രമല്ല, മുൻ മുഖ്യമന്ത്രി പിണറായി വിജയന് കമ്പനിയുമായുള്ള ബന്ധങ്ങളെക്കുറിച്ചും ചോദ്യങ്ങൾ ഉയർന്നതായി വിവരം ലഭിക്കുന്നു.
സുപ്രധാന പദവിയിലിരിക്കെ സിഎംആർഎല്ലിന് അനുകൂലമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ എന്ന കാര്യത്തിലും വ്യക്തത തേടുന്നുണ്ട്. നേരത്തെ നിശ്ചയിച്ചിരുന്ന തീയതിയിൽ ഹാജരാകാൻ ബുദ്ധിമുട്ട് അറിയിച്ചതിനെ തുടർന്ന്, ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം ഭർത്താവ് മുഹമ്മദ് റിയാസിനൊപ്പം എത്തിയാണ് വീണ ടി ചോദ്യം ചെയ്യലിൽ പങ്കെടുത്തത്.
നേരത്തെ വീണ ടിയുടെ എച്ച്ഡിഎഫ്സി ബാങ്ക് ലോക്കറുകൾ ഉൾപ്പെടെ ഇഡി പരിശോധിച്ചിരുന്നു. കേസിൽ സിഎംആർഎൽ അധികൃതരുടെ മൊഴികൾ നേരത്തെ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

