പാലക്കാട് ജില്ലയിൽ കഞ്ചാവ് കേസിലെ പ്രതിയെ പിടികൂടാനെത്തിയ എക്സൈസ് സംഘത്തിനു നേരെ ഇരുപതോളം വളർത്തുനായ്ക്കളെ അഴിച്ചുവിട്ട് ആക്രമണം. സാഹസികമായ നീക്കത്തിലൂടെയാണ് ഉദ്യോഗസ്ഥർ പ്രതിയെ കീഴ്പ്പെടുത്തിയത്.
നായ്ക്കൾക്ക് ബിസ്കറ്റ് നൽകി തന്ത്രപരമായി അവയെ ശാന്തമാക്കിയാണ് ഉദ്യോഗസ്ഥർ പ്രതിയിലേക്ക് എത്തിയത്. കൊല്ലങ്കോട് പോസ്റ്റ് ഓഫിസ് വഴി 7.34 കിലോഗ്രാം കഞ്ചാവ് പാഴ്സലായി കടത്തിയ കേസിലെ മുഖ്യപ്രതിയായ താടനാറ ത്രാമണിയിൽ ജിജിറ്റ് (19) ആണ് ഒടുവിൽ പിടിയിലായത്.
ഫെബ്രുവരി നാലിന് ഇയാളുടെ പേരിൽ എത്തിയ പാഴ്സൽ പിടിച്ചെടുത്തതോടെയാണ് അന്വേഷണം തുടങ്ങിയത്. ഈ കേസിൽ നേരത്തെ കൊല്ലങ്കോട് തെക്കേ പാവടി ശ്രീനിവാസ് വീട്ടിൽ സഹോദരങ്ങളായ ആർ.സഞ്ജയ് (22), ആർ.രാഹുൽ (26) എന്നിവരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തിരുന്നു.
കേരള ആന്റി ടെററിസ്റ്റ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട്, കൊല്ലങ്കോട് എന്നിവിടങ്ങളിൽ പുലർച്ചെ ഒരേസമയം റെയ്ഡ് നടന്നു. വീടുകൾ വളഞ്ഞ സമയം വൻ നായക്കൂട്ടം ഉദ്യോഗസ്ഥർക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു.
കടുത്ത പ്രതിരോധം മറികടന്ന് പാലക്കാട് പുത്തൂർ വെള്ളോളി ലൈനിലെ വാടകവീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന ജിജിറ്റ് ടെറസ് വഴി ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് നർക്കോട്ടിക്സ് സ്പെഷൽ സ്ക്വാഡും ചിറ്റൂർ എക്സൈസ് സർക്കിൾ, കൊല്ലങ്കോട് എക്സൈസ് റേഞ്ച് സംഘവും ചേർന്ന് ഇയാളെ പിടികൂടുകയായിരുന്നു. മേഘാലയയിൽ നിന്നാണ് കഞ്ചാവ് എത്തിയതെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർമാരായ എൻ.ജി.അജയകുമാർ, പി.കെ.മുഹമ്മദ് ഷഫീഖ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ഇൻസ്പെക്ടർമാരായ കെ.അഭിലാഷ്, തൻസീൽ താഹ, യു.കെ.ജിതിൻ എന്നിവരുൾപ്പെടെയുള്ള വലിയൊരു ഉദ്യോഗസ്ഥ നിര പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

