ഡബ്ലിനിൽ ആരംഭിക്കുന്ന ഇന്ത്യ-അയർലൻഡ് ടി20 പരമ്പരയിൽ യുവതാരം വൈഭവ് സൂര്യവംശി ഇന്ത്യൻ ടീമിൽ ഇടംപിടിക്കുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികൾ. ടോപ്പ് ഓർഡറിൽ അഭിഷേക് ശർമ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ തുടങ്ങിയ മുൻനിര താരങ്ങളുടെ സാന്നിധ്യം സൂര്യവംശിയുടെ അരങ്ങേറ്റത്തിന് വെല്ലുവിളിയാകുന്നുണ്ട്.
ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൃത്യമായ സൂചനകൾ നൽകാൻ ബാറ്റിംഗ് കോച്ച് സിതാൻഷു കൊടക് തയ്യാറായില്ലെങ്കിലും, മികച്ച ഫോമിലുള്ള കളിക്കാരെ ടീമിലെത്തിക്കുകയെന്നതാണ് മാനേജ്മെന്റിന്റെ നയമെന്ന് അദ്ദേഹം വ്യക്തമാക്കി.
വാർത്താസമ്മേളനത്തിൽ സിതാൻഷു കൊടക് പറഞ്ഞതിങ്ങനെ: ”ഇന്ത്യയില്‍ നിരവധി പ്രതിഭകളുണ്ട്. നിലവില്‍ മികച്ച ഫോമിലുള്ള താരങ്ങളെ അവഗണിക്കാന്‍ കഴിയില്ല.
പുതിയ താരങ്ങള്‍ വരുന്നത് ആരോഗ്യകരമായ മത്സരം കാഴ്ചവെക്കും. എല്ലാവര്ക്കും അവരുടേതായ സമയം വരും.” വൈഭവ് സൂര്യവംശിയുടെ സാധ്യതകളെക്കുറിച്ച് ചോദിച്ചപ്പോൾ, വൈകുന്നേരം ചേരുന്ന നിർണായക യോഗത്തിൽ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും ക്യാപ്റ്റൻ ശ്രേയസ് അയ്യരും ചേർന്ന് അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു.
അണ്ടർ-19 തലം മുതൽ താരത്തിന്റെ മികവിനെക്കുറിച്ച് ബോധ്യമുണ്ടെന്നും, സീനിയർ ടീമിനൊപ്പമുള്ള അന്തരീക്ഷവുമായി വേഗത്തിൽ ഇണങ്ങിച്ചേരാൻ അദ്ദേഹത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കോച്ച് കൂട്ടിച്ചേർത്തു. ഐപിഎല്ലിലെ മികച്ച പ്രകടനത്തിലൂടെ തിരിച്ചെത്തിയ ശ്രേയസ് അയ്യർ ടീമിനെ നയിക്കുന്നതിൽ തങ്ങൾക്ക് പൂർണ വിശ്വാസമുണ്ടെന്നും സിതാൻഷു കൊടക് പറഞ്ഞു.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ വിജയത്തിൽ ഗൗതം ഗംഭീറിനൊപ്പം നിർണായക പങ്കുവഹിച്ച ശ്രേയസ് അയ്യർക്ക് മികച്ച നേതൃപാടവമുണ്ടെന്നും, ടീമിലെ എല്ലാവരെയും ഒരേപോലെ പരിഗണിക്കുന്ന സംസ്കാരമാണ് പിന്തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ടീം മീറ്റിംഗിന് ശേഷമേ അന്തിമ ഇലവനെ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിക്കുകയുള്ളൂ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

