ഇസ്ലാമാബാദ്: ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം സാധാരണനിലയിലാക്കുന്നതിനായി ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച ഏബ്രഹാം ഉടമ്പടിയിൽ പാക്കിസ്ഥാൻ ഭാഗമാകില്ലെന്ന് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് വ്യക്തമാക്കി. ഇറാനുമായി സമാധാനക്കരാറിലെത്താൻ ആറ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങൾ ഒപ്പുവയ്ക്കണമെന്ന മുൻ യുഎസ് പ്രസിഡന്റിന്റെ നിർദേശം പാക്കിസ്ഥാന്റെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം അറിയിച്ചു.
പാക്കിസ്ഥാനിലെ ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. “വ്യക്തിപരമായി പറഞ്ഞാൽ, നമ്മുടെ ആശയസംഹിതകൾക്ക് വിരുദ്ധമായ ഇത്തരം ഉടമ്പടികളിൽ നാം ചേരുമെന്ന് കരുതുന്നില്ല.
അത് സ്വീകാര്യമല്ലെന്ന വ്യക്തമായ നിലപാട് നമുക്കുണ്ട്”– ഖ്വാജ ആസിഫ് പറഞ്ഞു. ഇസ്രയേലുമായുള്ള ബന്ധത്തെക്കുറിച്ച് രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്.
“ഒറ്റ ദിവസത്തേക്കുപോലും വിശ്വസിക്കാനാകാത്ത ആളുകൾക്കൊപ്പം എങ്ങനെയാണ് പാക്കിസ്ഥാന് മുന്നോട്ടുപോകാനാകുക?” എന്ന് അദ്ദേഹം ചോദിച്ചു. ഇസ്രയേലിന്റെ പേര് പാസ്പോർട്ടിൽ ഉൾപ്പെടുത്താത്ത ഏക രാജ്യം പാക്കിസ്ഥാനാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഏബ്രഹാം ഉടമ്പടി എന്നാൽ
ഇസ്രയേലും വിവിധ അറബ് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര, സാമ്പത്തിക, സുരക്ഷാ സഹകരണം ലക്ഷ്യമിട്ട് 2020-ൽ ഡോണൾഡ് ട്രംപ് മുൻകൈ എടുത്ത് രൂപീകരിച്ച കരാറാണ് ഏബ്രഹാം ഉടമ്പടി. യുഎഇ, ബഹ്റൈൻ എന്നീ രാജ്യങ്ങൾ കരാറിൽ ആദ്യഘട്ടത്തിൽ ഒപ്പുവയ്ക്കുകയും തുടർന്ന് മൊറോക്കോ, സുഡാൻ എന്നിവരും ഭാഗമാവുകയും ചെയ്തു.
സൗദി അറേബ്യ, ഖത്തർ, പാക്കിസ്ഥാൻ, ഈജിപ്ത്, ജോർദാൻ, തുർക്കി എന്നീ രാജ്യങ്ങളും കരാറിലേക്ക് വരണമെന്നാണ് ട്രംപിന്റെ നിലപാട്. പലസ്തീൻ നിലപാട് നിർണ്ണായകം
പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ചുകൊണ്ട് ദ്വിരാഷ്ട്ര പരിഹാരം ഉറപ്പാക്കിയാൽ മാത്രമേ ഇസ്രയേലുമായി സഹകരിക്കുകയുള്ളൂവെന്നതാണ് പാക്കിസ്ഥാന്റെ പ്രഖ്യാപിത നയം.
ഈ വിഷയത്തിൽ യാതൊരു മാറ്റവുമില്ലെന്ന് പാക്ക് വിദേശകാര്യമന്ത്രി ഇസ്ഹാഖ് ദർ നേരത്തെ വ്യക്തമാക്കിയിരുന്നു. 78 വർഷമായി തുടരുന്ന ഈ വിദേശനയത്തിൽ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം അന്ന് ആവർത്തിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

