മീനങ്ങാടിയിൽ കഴിഞ്ഞ ഒരു മാസത്തിലേറെയായി തുടരുന്ന കടുവാ ശല്യത്തിന് അയവില്ലാത്ത സാഹചര്യത്തിൽ വനംവകുപ്പിന്റെ നേതൃത്വത്തിൽ നിരീക്ഷണം ശക്തമാക്കി. ഒരപ്പുവയൽ, അരിമുള, പാലക്കമൂല, കാര്യമ്പാടി തുടങ്ങിയ പ്രദേശങ്ങളിലാണ് കടുവയുടെ സാന്നിധ്യം സ്ഥിരമായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് വനംവകുപ്പ് ഒരപ്പുവയൽ കേന്ദ്രീകരിച്ച് കൂട് സ്ഥാപിച്ചിരുന്നു. കൂട് സ്ഥാപിച്ച് തൊട്ടടുത്ത ദിവസം തന്നെ ഇതിന് സമീപത്തുകൂടി കടുവ ചാടിപ്പോയതായി പ്രദേശവാസികൾ വ്യക്തമാക്കിയിരുന്നു.
എന്നാൽ, കഴിഞ്ഞ മൂന്ന് ദിവസങ്ങളായി പ്രദേശത്ത് കടുവയുടെ യാതൊരുവിധ സാന്നിധ്യവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കൂടിന് പുറമെ നാല് ക്യാമറകൾ കൂടി വിവിധയിടങ്ങളിലായി വനംവകുപ്പ് സ്ഥാപിച്ചിട്ടുണ്ട്.
പ്രതിദിനം ഈ ക്യാമറകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ വഴി ഉദ്യോഗസ്ഥർ പരിശോധന നടത്തിവരുന്നുണ്ടെങ്കിലും കടുവയെ കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ മാസം തുടർച്ചയായി പ്രദേശത്ത് സാന്നിധ്യമറിയിച്ച കടുവ പിന്നീട് ആഴ്ചകളോളം വിട്ടുനിന്നിരുന്നു.
തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ വീണ്ടും പ്രത്യക്ഷപ്പെട്ട സാഹചര്യത്തിലാണ് വനംവകുപ്പ് കൂട് സ്ഥാപിക്കാൻ തീരുമാനിച്ചത്.
കടുവ വീണ്ടും എത്തുമെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥരും നാട്ടുകാരും. അതേസമയം, കൂടിന് സമീപത്തായി ക്യാമറകൾ സ്ഥാപിക്കാത്തതിൽ പ്രദേശവാസികൾക്കിടയിൽ പരാതി ഉയർന്നിട്ടുണ്ട്.
ദൂരസ്ഥലങ്ങളിൽ മാത്രമാണ് നിലവിൽ ക്യാമറകൾ ഉള്ളതെന്നും, കടുവ അടുത്തെത്തുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ കഴിയുന്നില്ലെന്നുമാണ് നാട്ടുകാരുടെ ആരോപണം. നിലവിൽ വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള ദൈനംദിന പരിശോധനകൾ തുടരുകയാണ്.
പ്രദേശവാസികൾ യോഗം ചേർന്ന് കടുവയെ എത്രയും വേഗം പിടികൂടണമെന്ന ശക്തമായ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

