തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയ്ക്കിടെ ശരീരത്തിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവത്തിൽ നീതി തേടി പുതിയ സർക്കാരിനെ സമീപിക്കുമെന്ന് സുമയ്യ. ശസ്ത്രക്രിയയിൽ വീഴ്ച വരുത്തിയ ഡോക്ടർക്കെതിരെ നടപടിയെടുക്കാൻ അധികൃതർ തയാറായിട്ടില്ലെന്നും, കുറ്റക്കാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും നേരിൽ കണ്ട് പരാതി നൽകുമെന്നും സുമയ്യ വ്യക്തമാക്കി.
ശാരീരിക ബുദ്ധിമുട്ടുകൾ തുടരുന്നതിനിടയിലും നീതിക്കായി പോരാടുകയാണെന്ന് സുമയ്യ പറഞ്ഞു. “ഗൈഡ് വയർ പുറത്തെടുക്കാൻ കഴിയില്ലെന്ന് മെഡിക്കൽ കോളേജിലെ വിദഗ്ധർ അറിയിച്ചു.
ഇപ്പോഴും വീടും ആശുപത്രിയുമായി ജീവിക്കുന്നു, വീഴ്ച വരുത്തിയ ജനറൽ ആശുപത്രിയിലെ ഡോക്ടർ ഇപ്പോഴും സർവീസിൽ തുടരുന്നു. കുറ്റക്കാർ ആരാണെന്നോ അവർക്കെതിരെ നടപടിയെടുക്കുകയോ കഴിഞ്ഞ സർക്കാർ ചെയ്തില്ല.
വാർത്ത വന്നപ്പോൾ മെഡിക്കൽ ബോർഡ് രൂപീകരിച്ചു കയ്യൊഴിഞ്ഞു. കോടതിയിൽ ഉൾപ്പടെ നിയമപോരാട്ടം നടത്തുകയാണ്.
ചികിത്സയ്ക്കും കേസിനുമായി കടം വാങ്ങി പണം ചിലവഴിച്ചു. പുതിയ സർക്കാരിൽ വിശ്വാസം ഉണ്ടെന്നും സുമയ്യ പറഞ്ഞു.” ശരീരത്തിൽ കുടുങ്ങിയ ഗൈഡ് വയർ നീക്കം ചെയ്യാനായി മെഡിക്കൽ കോളേജിൽ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതായി അവർ വിശദീകരിച്ചു.
“ഗൈഡ് വയർ പുറത്തെടുക്കാൻ മെഡിക്കൽ കോളജിൽ ഒരു ശ്രമം നടത്തിയിരുന്നു. പക്ഷേ പറ്റിയിരുന്നില്ല.
ഇനി സാധിക്കുകയുമില്ല. ശരീരവുമായി ഒട്ടിപ്പോയി അത്.
അതുമായാണ് ഇപ്പോഴും ജീവിക്കുന്നത്. ശ്വാസംമുട്ട് ഒക്കെയുണ്ട്.
ആശുപത്രിയിൽ പോകും, കാണിക്കും. ഇപ്പോഴും മരുന്ന് കഴിക്കുന്നുണ്ട്.
ഒരുപാട് നടക്കാൻ സാധിക്കില്ല. മരുന്ന് വാങ്ങിക്കാൻ പോലും ബുദ്ധിമുട്ടുണ്ട്.” ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ സുമയ്യ ശക്തമായ അതൃപ്തി രേഖപ്പെടുത്തി.
“തനിക്ക് ഇതുവരെ നീതി കിട്ടിയിട്ടില്ലെന്നും സുമയ്യ പറഞ്ഞു. സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഇതുവരെ എടുത്തിട്ടില്ല.
കുറ്റക്കാർക്കെതിരെ നടപടിയെടുത്തിട്ടില്ല. ആ രാജീവ് കുമാർ എന്ന ഡോക്ടർ ഇപ്പോഴും സർവീസിൽ തുടരുകയാണ്.
നാളെ മറ്റൊരാൾക്കും ഇത് സംഭവിക്കാം.” പുതിയ സർക്കാരിലെങ്കിലും തനിക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സുമയ്യ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

