അതിരപ്പിള്ളി – ആനമല പാതയിൽ കുമ്മാട്ടി ഭാഗത്തെ പാലം തകർന്നതിനെത്തുടർന്ന് വാഴച്ചാൽ മുതൽ മലക്കപ്പാറ വരെയുള്ള 55 കിലോമീറ്റർ ദൂരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഞായറാഴ്ച രാത്രിയിൽ അനുഭവപ്പെട്ട
ശക്തമായ മഴയിലാണ് പാലം തകർന്നത്. നിലവിൽ, ചാലക്കുടിയിൽ നിന്നും വാൽപാറയിൽ നിന്നും സർവീസ് നടത്തുന്ന ബസുകൾ പാലം തകർന്ന ഭാഗത്ത് സർവീസ് അവസാനിപ്പിക്കും.
യാത്രക്കാർക്ക് നടന്ന് മറുവശത്തെത്തി തുടർയാത്രയ്ക്കായി ബസ് സൗകര്യം പ്രയോജനപ്പെടുത്താം. എന്നാൽ, വിനോദസഞ്ചാരികളുടെ വാഹനങ്ങളടക്കം മറ്റ് സ്വകാര്യ വാഹനങ്ങൾക്ക് ഈ പാതയിൽ പൂർണ്ണ നിരോധനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
പാലം തകർന്ന വിവരം അറിഞ്ഞ ഉടൻ തന്നെ മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും താൽക്കാലികമായി പാലം പുനർനിർമ്മിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു. ഒരാഴ്ചയ്ക്കുള്ളിൽ ഗതാഗതം പുനഃസ്ഥാപിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
നിലവിലെ സാഹചര്യത്തിൽ, ചാലക്കുടി ഭാഗത്തുനിന്നു വരുന്ന സഞ്ചാരികൾക്ക് വാഴച്ചാൽ ചെക്ക് പോസ്റ്റ് വരെ മാത്രമേ പ്രവേശനമുള്ളൂ. വാൽപാറ ഭാഗത്തുള്ളവർക്ക് അതിരപ്പിള്ളി മേഖലയിലേക്ക് എത്തണമെങ്കിൽ പൊള്ളാച്ചി വഴി സഞ്ചരിച്ച് ചാലക്കുടിയിലെത്തി യാത്ര ചെയ്യേണ്ടി വരും.
ഈ പാലവും കലുങ്കും അപകടാവസ്ഥയിലാണെന്ന് 2025 ഒക്ടോബറിൽ തന്നെ കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്ന് മാസങ്ങളോളം ഭാരവാഹനങ്ങൾക്കും വിനോദസഞ്ചാരികൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
വനഭൂമിയിലൂടെ ബദൽ റോഡ് നിർമ്മിക്കുന്നതിന് അനുമതി ലഭിക്കാനുണ്ടായ കാലതാമസവും, പലതവണ ടെൻഡർ നടപടികൾ പൂർത്തിയാക്കിയിട്ടും കരാറുകാർ ഏറ്റെടുക്കാൻ മടി കാണിച്ചതും പാലം നിർമ്മാണത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

