മുൻ മുഖ്യമന്ത്രിയുടെ 2023-ലെ നവകേരള യാത്രയ്ക്കിടെ കെഎസ്യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ച സംഭവത്തിൽ ഉന്നതതല ഇടപെടൽ നടന്നതായി റിപ്പോർട്ട്. ഈ കേസിൽ പ്രതികളായ ഗൺമാൻ അടക്കമുള്ളവരെ രക്ഷപ്പെടുത്താൻ എഡിജിപി എം.ആർ.അജിത്കുമാർ മുൻകൈയെടുത്ത് കേസ് ഡയറിയിൽ തിരുത്തലുകൾ വരുത്തിയെന്നാണ് പുതിയ വെളിപ്പെടുത്തൽ.
സംഭവത്തിൽ ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി തയാറാക്കിയ യഥാർത്ഥ കേസ് ഡയറിയിൽ കൃത്രിമം കാണിച്ച്, പ്രതികൾക്ക് അനുകൂലമായ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ എഡിജിപിയുടെ ഓഫിസ് നിർദേശം നൽകിയതായാണ് വിവരം. റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചയുടൻ അതിന്റെ ഫയൽ നമ്പർ തങ്ങളെ അറിയിക്കണമെന്ന് എഡിജിപിയുടെ ഓഫിസിലെ ഉദ്യോഗസ്ഥർ കർശനമായി നിർദേശിച്ചിരുന്നു.
2024 ഓഗസ്റ്റ് 16-ന് കോടതിയിൽ റിപ്പോർട്ട് നൽകിയ ദിവസം തന്നെ എഡിജിപിയുടെ ഓഫിസിലേക്ക് വിവരങ്ങൾ കൈമാറിയതായി ഡിവൈഎസ്പി പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) മൊഴി നൽകി. തിരുത്തിയ റിപ്പോർട്ട് ഡിവൈഎസ്പിക്ക് കൈമാറിയ എഡിജിപിയുടെ ഓഫിസിലെ രണ്ട് ഗ്രേഡ് എസ്ഐമാരെക്കുറിച്ചുള്ള വിവരങ്ങൾ എസ്ഐടിക്ക് ലഭിച്ചിട്ടുണ്ട്.
ആലപ്പുഴ എസ്പിയായിരുന്ന കാലത്ത് ചൈത്ര തെരേസ ജോൺ സമർപ്പിച്ച റിപ്പോർട്ട് ആഭ്യന്തര വകുപ്പ് പൂഴ്ത്തിയതിന് പിന്നാലെയായിരുന്നു എഡിജിപിയുടെ ഈ ഇടപെടലുകൾ. ചൈത്ര തെരേസ ജോണിനെതിരെ തിരുത്തിയ റിപ്പോർട്ടിൽ പരാമർശങ്ങൾ ഉൾപ്പെടുത്തിയതും എഡിജിപിയുടെ ഓഫിസിലാണെന്ന് മൊഴിയിലുണ്ട്.
മുൻ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് എം.ആർ.അജിത്കുമാർ ഈ കേസിൽ ഇടപെട്ടതെന്നാണ് സൂചന. ഈ വർഷം ജൂലൈയിൽ ഡിജിപി റാങ്ക് ലഭിക്കാനിരിക്കെയാണ് ഇദ്ദേഹം പ്രതിസന്ധിയിലായിരിക്കുന്നത്.
കേസിൽ പ്രതികളായ ഗൺമാൻ അനിൽകുമാർ അടക്കമുള്ളവർ ഇപ്പോഴും സർവീസിൽ തുടരുന്നത് കോൺഗ്രസിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. എസ്ഐടിയുടെ റിപ്പോർട്ട് ലഭിച്ചാലുടൻ അനിൽകുമാർ ഉൾപ്പെടെയുള്ള അഞ്ച് പേരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തേക്കുമെന്നാണ് വിവരം.
എസ്ഐടിയുടെ റിപ്പോർട്ട് ഡിജിപി ഇന്ന് പരിശോധിക്കും. അതേസമയം, ഗൺമാൻ അനിൽകുമാർ, അകമ്പടി സേനാംഗം എസ്.സന്ദീപ് എന്നിവർ നൽകിയ മുൻകൂർ ജാമ്യഹർജി ആലപ്പുഴ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.
നേരത്തെ ഇവരെ മാത്രമാണ് കേസിൽ പ്രതി ചേർത്തിരുന്നത്. എന്നാൽ, പുതിയ അന്വേഷണ സംഘം ഷൈജു, അരുൺ, വിപിൻ എന്നീ അകമ്പടി സേനാംഗങ്ങളെ കൂടി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി ആലപ്പുഴ മജിസ്ട്രേട്ട് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

