കോഴിക്കോട് മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിനെത്തുടർന്ന് വർഷങ്ങളോളം ദുരിതമനുഭവിച്ച ഹർഷിന ഇന്ന് ഔദ്യോഗികമായി സർക്കാർ ജോലിയിൽ പ്രവേശിക്കുന്നു. മെഡിക്കൽ കോളേജ് മാതൃശിശു കേന്ദ്രത്തിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിലാണ് നിയമനം ലഭിച്ചിരിക്കുന്നത്.
രാവിലെ പത്ത് മണിക്ക് മെഡിക്കൽ കോളേജ് സൂപ്രണ്ടിൽ നിന്ന് നിയമന ഉത്തരവ് സ്വീകരിക്കും. മുഖ്യമന്ത്രിയുമായും ആരോഗ്യ മന്ത്രിയുമായും നടത്തിയ കൂടിക്കാഴ്ചയെത്തുടർന്നാണ് സർക്കാർ ഈ തീരുമാനം കൈക്കൊണ്ടത്.
സംഭവത്തിന്റെ പശ്ചാത്തലം
2017-ൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് അടിവാരം സ്വദേശിയായ ഹർഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത്. തുടർന്ന് നീണ്ട
വർഷങ്ങൾ കടുത്ത ശാരീരിക വേദന അനുഭവിച്ച ഹർഷിന പല ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും ആശ്വാസം ലഭിച്ചില്ല. ഒടുവിൽ 2022-ൽ സ്വകാര്യ ആശുപത്രിയിൽ നടത്തിയ സിടി സ്കാനിംഗിലാണ് മൂത്രസഞ്ചിയിൽ 12 സെന്റിമീറ്റര്‍ നീളവും 6 സെന്റിമീറ്റര്‍ വീതിയുമുള്ള ശസ്ത്രക്രിയ ഉപകരണം തറഞ്ഞുനിൽക്കുന്നതായി കണ്ടെത്തിയത്.
മൂത്രസഞ്ചിയിലുണ്ടായ മുഴയും ഇതിന്റെ ഫലമായിരുന്നു. പിന്നീട് മെഡിക്കൽ കോളേജിൽ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് ഈ കത്രിക പുറത്തെടുത്തത്.
നിയമനടപടികളും സർക്കാർ ഇടപെടലും
തുടക്കത്തിൽ മെഡിക്കൽ കോളേജ് അധികൃതർ സംഭവത്തിൽ അനാസ്ഥ നിഷേധിക്കുകയും മറ്റ് ആശുപത്രികളിലെ പിഴവാകാമെന്ന് വാദിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ഹർഷിന നൽകിയ പരാതിയിൽ മെഡിക്കൽ കോളേജ് പൊലീസ് നടത്തിയ അന്വേഷണത്തിൽ രണ്ട് ഡോക്ടർമാരും രണ്ട് നഴ്സുമാരും പ്രതികളായി.
കുറ്റപത്രം സമർപ്പിച്ചെങ്കിലും ഡോക്ടർമാർ കോടതിയെ സമീപിച്ചതോടെ നിലവിൽ വിചാരണ സ്റ്റേ ചെയ്തിരിക്കുകയാണ്. അതിജീവിതയ്ക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും വീട് അറ്റകുറ്റപ്പണി നടത്താൻ സഹായം നൽകുമെന്നും സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

