തിരുവനന്തപുരം നഗരത്തിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മൂന്ന് ദിവസത്തോളം ക്രൂരമായി മർദ്ദിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് പേരെ മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്തു. മലയിൻകീഴ് വിറകുവെട്ടിക്കോണം സ്വദേശി അഭിലാഷ് (അഭി – 39), മലയിൻകീഴ് അരുവിപ്പാറ സ്വദേശി സുജിത് (ചിക്കു – 32), കായംകുളം വള്ളികുന്നം സ്വദേശി സരിത (37) എന്നിവരാണ് അന്വേഷണ സംഘത്തിന്റെ പിടിയിലായത്.
വെമ്പായം പുത്തൻവിള സ്വദേശിയായ യുവാവിനെയാണ് പ്രതികൾ സംഘം ചേർന്ന് ആക്രമിച്ചത്. മുൻവൈരാഗ്യമാണ് സംഭവത്തിന് ആധാരമെന്ന് പൊലീസ് വ്യക്തമാക്കി.
കേസിലെ ഒന്നാം പ്രതിയായ അഭിലാഷിന്റെ ഭാര്യ മോഷണക്കേസിൽ പെട്ട് ജയിലിലായതിന് പിന്നിൽ പരാതിക്കാരനായ യുവാവാണെന്നാരോപിച്ചായിരുന്നു മർദ്ദനം. ഇതിന്റെ ഭാഗമായി കഴിഞ്ഞ വെള്ളിയാഴ്ച മരുതൂരിലെ ഒരു ഫ്ലാറ്റിലേക്ക് സൗഹൃദം നടിച്ച് യുവാവിനെ പ്രതികൾ വിളിച്ചുവരുത്തി.
ഫ്ലാറ്റിൽ വെച്ച് യുവാവിനെ അസഭ്യം പറയുകയും മഴുവിന്റെ പിൻഭാഗം, ഇടിവള എന്നിവ ഉപയോഗിച്ച് മർദ്ദിക്കുകയുമായിരുന്നു. ഇതിനിടെ മൂന്നാം പ്രതിയായ സരിത യുവാവിന്റെ ശരീരത്തിൽ മുളകുവെള്ളം ഒഴിച്ചതിനെ തുടർന്ന് ഇയാൾ ബോധരഹിതനായി.
യുവാവിനെ ഭീഷണിപ്പെടുത്തി നിർബന്ധപൂർവ്വം രേഖകളിൽ ഒപ്പിടുവിച്ച് സ്കൂട്ടർ കൈക്കലാക്കാനും പ്രതികൾ ശ്രമം നടത്തിയിരുന്നു. ബോധം നഷ്ടപ്പെട്ട
യുവാവിനെ പ്രതികൾ ചെമ്പൂരിലെ മറ്റൊരു ഫ്ലാറ്റിലേക്ക് മാറ്റുകയും മൂന്ന് ദിവസത്തോളം അന്യായമായി തടങ്കലിൽ പാർപ്പിക്കുകയുമായിരുന്നു. തടങ്കലിൽ വെച്ചും മർദ്ദനം തുടർന്ന ശേഷം പ്രതികൾ യുവാവിനെ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

