കൊല്ലം ജില്ലയിലെ അഞ്ചലില്‍ സിവില്‍ പൊലീസ് ഓഫീസറുടെ ബൈക്ക് കത്തിച്ച സംഭവത്തില്‍ വഴിത്തിരിവ്. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് രണ്ട് യുവതികളാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ആറന്മുള പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ വിവേകിന്റെ ബുള്ളറ്റാണ് പ്രതികള്‍ തീവെച്ച് നശിപ്പിച്ചത്. വ്യക്തിവൈരാഗ്യമാണ് കൃത്യത്തിന് പിന്നിലെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
പ്രതികളിലൊരാളും പൊലീസുദ്യോഗസ്ഥനും തമ്മില്‍ വിവാഹ നിശ്ചയം നടന്നിരുന്നു. എന്നാല്‍ പിന്നീട് ഈ ബന്ധത്തില്‍ നിന്ന് ഉദ്യോഗസ്ഥന് പിന്മാറിയതാണ് യുവതികളെ പ്രകോപിപ്പിച്ചത്.
ആസൂത്രിതമായാണ് ഇവര്‍ കുറ്റകൃത്യം നടത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് കൊല്ലം സ്വദേശിനിയെയും വയനാട് സ്വദേശിനിയെയും പൊലീസ് പിടികൂടിയത്.
അതേസമയം, കസ്റ്റഡിയിലുള്ള പ്രതികളില്‍ ഒരാള്‍ വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത് ആശങ്കയ്ക്കിടയാക്കി. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധന പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടെയായിരുന്നു സംഭവം.
ഉടന്‍ തന്നെ യുവതിയെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രതികള്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് പുനലൂര്‍ എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായി പരിശോധിച്ചുവരികയാണ്.
ബൈക്ക് കത്തിച്ചതിന് പുറമെ, വിവേകിന്റെ വീടിന്റെ ഭിത്തിയില്‍ കരിഓയില്‍ ഒഴിക്കുകയും അന്വേഷണം വഴിതിരിച്ചുവിടുന്നതിനായി ഭീഷണിപ്പെടുത്തുന്ന സ്വരത്തിലുള്ള ഊമക്കത്ത് ഉപേക്ഷിക്കുകയും ചെയ്തിരുന്നു. ആ കത്തിലെ വിവരങ്ങള്‍ ഇങ്ങനെ: “നീ സൂക്ഷിച്ചോ, നിൻ്റെ നാറിയ കഥകള്‍ ലോകം അറിയാന്‍ പോകുന്നു.
നിന്റെ മാന്യതയുടെ മുഖംമൂടി വലിച്ചുകീറാന്‍ കുറച്ചു നാളുകള്‍ മാത്രം. ഞങ്ങള്‍ ഭരണത്തില്‍ വരില്ലെന്ന് നീ വിചാരിച്ചോ.
നീ കുറച്ച് നാള് ലീവെടുത്തതുള്‍പ്പെടെ നിന്റെ അടൂര്‍ ക്യാമ്പിലെ ഓരോ ചലനവും ഞങ്ങളറിയും. നീ ആ കോളേജിലിട്ട് ഞങ്ങടെ പിള്ളാരെ തൊട്ടത് ഞങ്ങള്‍ മറക്കില്ല.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

