ആലപ്പുഴ ജില്ലയിലെ ചാരുംമൂട്ടിൽ മരുമകന്റെ കുത്തേറ്റ് ദാരുണമായി കൊല്ലപ്പെട്ട ജയകുമാരിക്ക് നാടിന്റെ കണ്ണീരോടെയുള്ള അന്ത്യാഞ്ജലി.
പറയംകുളത്ത് ജയകുമാറിന്റെ ഭാര്യയായ ജയകുമാരിയുടെ സംസ്കാര ചടങ്ങുകൾ ഞായറാഴ്ച രാവിലെ പത്തോടെയായിരുന്നു നടന്നത്. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇടപ്പോൺ ജോസ്കോ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഭവനത്തിൽ എത്തിച്ചപ്പോഴേക്കും നിരവധി പേരാണ് അന്തിമോപചാരം അർപ്പിക്കാൻ എത്തിയത്.
എം എസ് അരുൺകുമാർ എംഎൽഎ ഉൾപ്പെടെയുള്ള പ്രമുഖരും ജനപ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതും കുടുംബത്തിന്റെ ആശ്രയവുമായ ഗൃഹനാഥ നഷ്ടപ്പെട്ട
ഈ കുടുംബത്തിന് അടിയന്തര സർക്കാർ സഹായം ലഭ്യമാക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മരുമകൻ ജിജോ ജോസഫ് മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്.
ഭാര്യയുമായുള്ള കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഭാര്യാമാതാവിനോട് പ്രതിക്കുണ്ടായ വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുമെന്നും വിശദമായ അന്വേഷണം നടത്തുമെന്നും നൂറനാട് സിഐ പി ശ്രീജിത്ത് വ്യക്തമാക്കി.
അതേസമയം, കൊലപാതകത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്നാരോപിച്ച് കുടുംബം രംശത്തു വന്നു. മരുമകൻ ജിജോയുടെ നിരന്തരമായ ഭീഷണിയും ഉപദ്രവവും ചൂണ്ടിക്കാട്ടി ജയകുമാരിയുടെ മകൾ അർച്ചന രണ്ടുതവണ നൂറനാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് ബന്ധുക്കളുടെ പ്രധാന ആരോപണം.
പൊലീസ് സമയബന്ധിതമായി ഇടപെട്ടിരുന്നെങ്കിൽ ഈ ജീവഹാനി ഒഴിവാക്കാമായിരുന്നു എന്നാണ് കുടുംബത്തിന്റെ പക്ഷം. കഴിഞ്ഞ 19-ാം തീയതി അർച്ചന സ്റ്റേഷനിൽ നേരിട്ടെത്തി ജിജോയ്ക്കെതിരെ രേഖാമൂലം പരാതി നൽകിയിരുന്നു.
ഇതിനുപിന്നാലെ ജയകുമാരിയെ പ്രതി ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് പിറ്റേദിവസം അർച്ചന പിതാവിനൊപ്പമെത്തി വീണ്ടും പൊലീസിൽ വിവരങ്ങൾ ധരിപ്പിച്ചു.
എന്നാൽ പ്രതിയെ ഫോണിൽ ബന്ധപ്പെടുക മാത്രമാണ് പൊലീസ് ചെയ്തത് എന്നും, സ്റ്റേഷനിൽ വിളിച്ചുവരുത്തി ഗൗരവമായ പ്രശ്നപരിഹാരത്തിന് തയ്യാറായില്ലെന്നും ബന്ധുക്കൾ കുറ്റപ്പെടുത്തുന്നു. കേരളത്തെ ഞെട്ടിച്ച ഈ കൊലപാതകത്തിലേക്ക് കാര്യങ്ങളെത്തിച്ച പൊലീസിന്റെ അനാസ്ഥയ്ക്കെതിരെ കടുത്ത പ്രതിഷേധമാണ് ജനങ്ങളുടെ ഭാഗത്തുനിന്നും ഉയരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

