ഫോർട്ട് കൊച്ചിയെക്കുറിച്ചും കേരളത്തിലെ ഒരു പ്രത്യേക സമുദായത്തെക്കുറിച്ചും ഉത്തരേന്ത്യൻ ഇൻഫ്ലുവൻസർ പങ്കുവെച്ച വിവാദ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ വിശദീകരണവും ഖേദപ്രകടനവുമായി ദിയ കൃഷ്ണ രംഗത്ത്. വീഡിയോ മുഴുവനായി കാണാതെയാണ് താൻ കമന്റ് രേഖപ്പെടുത്തിയതെന്നും, തന്റെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധയാണ് എല്ലാത്തിനും കാരണമെന്നും അവർ വ്യക്തമാക്കി.
‘ലിറ്റിചോക്ക് അപ്പ്’ എന്ന അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോയിൽ ഫോർട്ട് കൊച്ചിയിൽ നിറയെ മുസ്ലീങ്ങളാണെന്നും കേരളം അപകടത്തിലാണെന്നുമാണ് ആരോപിച്ചിരുന്നത്. ഈ വീഡിയോയ്ക്ക് താഴെ ‘സാഡ് റിയാലിറ്റി’ എന്ന് ദിയ കൃഷ്ണ കുറിച്ചിരുന്നു.
സംഭവത്തിൽ വിശദീകരണം നൽകിക്കൊണ്ട് ദിയ കൃഷ്ണയുടെ വാക്കുകൾ ഇങ്ങനെ: “അടുത്തിടെ, രണ്ട് വ്യത്യസ്ത വിഷയങ്ങളെക്കുറിച്ചുള്ളൊരു വീഡിയോയ്ക്ക് ഞാൻ കമന്റ് ചെയ്തിരുന്നു. കൊച്ചിയിലെ ഒരു കഫേയിൽ മുഹമ്മദ് അലി ജിന്നയുടെ ചിത്രം പ്രദർശിപ്പിച്ചതിനെക്കുറിച്ചായിരുന്നു ആദ്യത്തേത്.
ഈ വിഷയത്തിൽ എനിക്ക് എന്റേതായ അഭിപ്രായമുണ്ട്, അത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന എന്റെ നിലപാടിൽ ഞാൻ ഇപ്പോഴും ഉറച്ചുനിൽക്കുന്നു. എന്നാൽ, വീഡിയോയുടെ രണ്ടാം ഭാഗത്തിൽ നമ്മുടെ സംസ്ഥാനത്തെ ഒരു പ്രത്യേക സമുദായത്തെക്കുറിച്ചും, കേരളത്തിലെ ബീഫ് കഴിക്കുന്ന ശീലത്തെ ചോദ്യം ചെയ്തുകൊണ്ടുമുള്ള കാര്യങ്ങളാണ് സംസാരിച്ചത്.
ഇവിടെയാണ് വീഡിയോയിൽ പ്രകടിപ്പിച്ച അഭിപ്രായങ്ങളോട് ഞാൻ പൂർണ്ണമായും ഖേദം പ്രകടിപ്പിക്കുന്നത്.” “ആദ്യ പകുതി മാത്രം കണ്ടതുകൊണ്ട്, വീഡിയോ മുഴുവൻ ജിന്നയുടെ ചിത്രത്തെക്കുറിച്ചുള്ളതാകുമെന്ന് ഞാൻ തെറ്റിദ്ധരിച്ചു. ആ ധാരണയിലാണ് ഞാൻ കമന്റ് ചെയ്തതും.
ശേഷം വീഡിയോയുടെ ബാക്കി ഭാഗം കാണാതെ ഞാൻ എന്റെ തിരക്കുകളിലേക്ക് പോയി. പ്രതികരിക്കുന്നതിന് മുൻപ് ആ വീഡിയോ പൂർണമായി മനസിലാക്കാൻ ശ്രമിച്ചില്ല എന്നതാണ് എന്റെ തെറ്റ്.
പ്രത്യേകിച്ച് സെൻസിറ്റീവായ വിഷയം കൈകാര്യം ചെയ്ത വീഡിയോ ആയതുകൊണ്ട് ഞാനത് ശ്രദ്ധിക്കേണ്ടതായിരുന്നു.” “പുറത്തുനിന്നു നോക്കുന്നൊരാൾക്ക്, എന്റെ കമന്റ് ആ വീഡിയോയെ മുഴുവനായി പിന്തുണയ്ക്കുന്ന ഒന്നായി തോന്നുമെന്ന് ഞാൻ മനസിലാക്കുന്നുണ്ട്. എന്തുകൊണ്ടാണ് ഇത് ആളുകളെ വിഷമിപ്പിക്കുകയും ദേഷ്യം പിടിപ്പിക്കുകയും ചെയ്തത് എന്നും എനിക്ക് മനസിലാകുന്നുണ്ട്.
ഏത് കാര്യത്തിന് മറുപടി നൽകാനാണ് ഞാൻ ഉദ്ദേശിച്ചതെന്ന് എനിക്ക് അറിയാമെങ്കിലും, എന്റെ അശ്രദ്ധക്കുറവ് കാരണം ഞാൻ പൂർണ്ണമായും വിയോജിക്കുന്നൊരു കാര്യത്തെയാണ് ഞാൻ പിന്തുണയ്ക്കുന്നത് എന്ന് ആളുകളിൽ തെറ്റിദ്ധാരണയുണ്ടാക്കി എന്ന് ഞാൻ തിരിച്ചറിയുന്നു. അതിൽ ഞാൻ ആത്മാർത്ഥമായി ഖേദം പ്രകടിപ്പിക്കുകയാണ്.” “മതസൗഹാർദ്ദത്തിൽ വിശ്വസിക്കുന്നൊരാളാണ് ഞാൻ.
നമ്മുടെ മതപരവും സാംസ്കാരികവുമായ വ്യത്യാസങ്ങൾ നമ്മുടെ ജീവിതത്തെ കൂടുതൽ മനോഹരമാക്കുകയാണ് വേണ്ടതെന്നും അല്ലാതെ നമ്മളെ ഭിന്നിപ്പിക്കല്ല വേണ്ടതെന്നും ഞാൻ എപ്പോഴും വിശ്വസിക്കുന്നുണ്ട്. ഒരു സമുദായത്തെ അധിക്ഷേപിക്കുന്നതോ നമ്മുടെ സമൂഹത്തിൽ അവരുടെ സ്ഥാനത്തെ ചോദ്യം ചെയ്യുന്നതോ ആയ യാതൊരു കാര്യത്തേയും ഞാൻ മനഃപൂർവ്വം പിന്തുണയ്ക്കില്ല.
വീഡിയോ മുഴുവനായും കണ്ടിരുന്നെങ്കിൽ ഞാൻ ഒരിക്കലും അങ്ങനെയൊരു കമന്റ് ഇടില്ലായിരുന്നു. ഉത്തരവാദിത്തത്തോടെ ഞാൻ പെരുമാറേണ്ടതായിരുന്നു.
എന്റെ ഉദ്ദേശശുദ്ധി എന്റെ പ്രവൃത്തികൾ ഉണ്ടാക്കിയ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നില്ല, അതിന്റെ പൂർണ്ണ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുകയാണ്. എല്ലാവരോടും ഞാൻ ആത്മാർത്ഥമായി ക്ഷമയും ചോദിക്കുകയാണ്.” “ഇൻസ്റ്റാഗ്രാമിൽ നിന്ന് ഒരിടവേള എടുക്കുകയാണെന്ന് ഞാനിന്നലെ പറഞ്ഞിരുന്നു.
എന്നാൽ ഇതിനെക്കുറിച്ച് ചിന്തിച്ചപ്പോൾ, മാറിനിൽക്കുന്നത് ശരിയായ കാര്യമാണെന്ന് എനിക്ക് തോന്നിയില്ല. അശ്രദ്ധമൂലം എനിക്ക് ഒരു തെറ്റ് പറ്റി, എനിക്ക് ഇത്രയധികം സ്നേഹം തന്ന ഒരു പ്ലാറ്റ്ഫോമിൽ നിന്ന് ഒളിച്ചോടുന്നതിനേക്കാൾ, ആ തെറ്റ് അംഗീകരിക്കാനും അതിൽ നിന്ന് പഠിക്കാനും ഇനി മുന്നോട്ട് പോകുമ്പോൾ കൂടുതൽ ശ്രദ്ധാലുവായിരിക്കാനുമാണ് ഞാൻ ആഗ്രഹിക്കുന്നത്.
മുന്നോട്ടുള്ള യാത്രയിൽ എന്റെ ഉദ്ദേശശുദ്ധി മനസ്സിലാക്കപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുകയാണ്. എല്ലാവരോടും ക്ഷമ ചോദിക്കുകയാണ്, ഇനി മുതൽ ഞാൻ കൂടുതൽ ശ്രദ്ധാലുവായിരിക്കും.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

