കണ്ണൂർ ജില്ലയിലെ കോളയാട് പാടിപ്പറമ്പിൽ ഫ്ലോർമില്ലുടമ സ്വയം വെടിയുതിർത്ത് പരിക്കേൽപ്പിച്ചു. പാടിപ്പറമ്പിൽ ഫ്ലോർമിൽ നടത്തിവരുന്ന കെ.ജെ.ജോസഫ് എന്ന ജോസാണ് (65) ആണ് ജീവനൊടുക്കാൻ ശ്രമിച്ചത്.
പരിക്കേറ്റ ഇയാളെ ഉടൻതന്നെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്കായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഫ്ലോർ മിൽ നടത്തുന്ന ജോസും പാർട്ണറായ കല്ലിൽ പുത്തലത്ത് ഷാജിയും (58) തമ്മിൽ സ്ഥാപനത്തിൽ വെച്ച് വാക്കുതർക്കവും കയ്യാങ്കളിയും ഉണ്ടാവുകയും, ഇതിൽ ഷാജിക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
തുടർന്ന് ഷാജി കണ്ണവം പൊലീസ് സ്റ്റേഷനിലെത്തി വിവരം ധരിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ എസ്ഐ അനൂപ് കെ.ഗോവിന്ദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തുകയായിരുന്നു.
പൊലീസ് എത്തുമ്പോൾ ഫ്ലോർമില്ലിലെ ജീവനക്കാരിയായ സ്ത്രീയെ മില്ലിനോട് ചേർന്നുള്ള വീട്ടിൽ ജോസ് ബന്ധിയാക്കിയിരിക്കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ ഇയാളെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
തുടർന്ന് സാഹചര്യം കണക്കിലെടുത്ത് പൊലീസ് വീടിന്റെ പിൻവശത്തെ ഗ്രിൽസിന്റെ പൂട്ട് തകർത്ത് അകത്തുപ്രവേശിച്ച് സ്ത്രീയെ സുരക്ഷിതമായി മോചിപ്പിച്ചു. ഈIതിനിടെ വീടിനകത്തു കയറിയ ജോസ് കയ്യിലുണ്ടായിരുന്ന നാടൻ റിവോൾവർ ഉപയോഗിച്ച് സ്വയം വെടിയുതിർക്കുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി.
നെറ്റിക്കും ചെവിക്കും ഇടയിലുള്ള ഭാഗത്താണു ഇദ്ദേഹത്തിന് വെടിയേറ്റത്. നിലവിൽ ഗുരുതര പരിക്കുകളോടെ ചികിത്സയിൽ കഴിയുന്ന ഇയാളുടെ വീട് പൊലീസ് പൂട്ടി കർശന കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
തോക്ക് എവിടെ1 നിന്ന് ലഭിച്ചു എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇന്ന് കണ്ണൂരിൽ നിന്ന് ഫൊറൻസിക് വിദഗ്ധ സംഘം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തും.
നേരത്തെ മറ്റ് ചില വ്യക്തികളുമായി ചേർന്ന് ‘കലവറ’ എന്ന പേരിൽ വിവിധ ഭക്ഷണസാധനങ്ങളും കറി ഉൽപന്നങ്ങളും ഇയാൾ വിപണനം നടത്തിയിരുന്നു. എന്നാൽ ഈ പാർട്ണർഷിപ് പിരിഞ്ഞതോടെ മില്ലിന്റെ പ്രവർത്തനം മന്ദീഭവിക്കുകയായിരുന്നു.
തുടർന്ന് തലശ്ശേരി സ്വദേശിയായ ഷാജിയോടൊപ്പം ചേർന്നാണ് ഇയാൾ ഫ്ലോർമിൽ നടത്തിവന്നിരുന്നത്. ജ്യോതിഷം അഭ്യസിച്ചിട്ടുള്ള ജോസ് കുറച്ചു കാലം കോളയാട് മെട്ടയിൽ പീടികമാളികയിൽ ജ്യോതിഷാലയവും നടത്തിയിരുന്നു.
ആ കാലഘട്ടത്തിൽ വിദൂര സ്ഥലങ്ങളിൽ നിന്നുള്ളവരുൾപ്പെടെ നിരവധി പേരുമായി ഇദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

