തിരുവനന്തപുരം: വിവാദമായ പിഎസ്സി പരീക്ഷാ തട്ടിപ്പ് കേസിൽ നിർണായക നീക്കവുമായി ക്രൈംബ്രാഞ്ച്. കേസുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്ഥരെ പ്രതി ചേർക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ഇതിന്റെ ഭാഗമായി ചോദ്യം ചെയ്യലിനായി രണ്ട് പിഎസ്സി അംഗങ്ങൾക്ക് വീണ്ടും നോട്ടീസ് നൽകാനും തീരുമാനമായിട്ടുണ്ട്. കഴിഞ്ഞ ദിവസം ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തെ ചോദ്യം ചെയ്ത് പിഎസ്സി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.
ഈ ഹർജി പരിഗണിക്കുന്നതിനിടയിൽ സർക്കാരിന് ഹൈക്കോടതിയുടെ ഭാഗത്തുനിന്നും രൂക്ഷ വിമർശനമാണ് നേരിടേണ്ടി വന്നത്. “പ്രധാന പ്രതിയെ ചോദ്യം ചെയ്യാതെ എന്ത് അന്വേഷണം” എന്ന് സർക്കാരിനോട് ചോദിച്ച ഹൈക്കോടതി, പിഎസ്സിയും സർക്കാരും ഭായ് ഭായ് കളിച്ചാൽ ജനങ്ങൾക്ക് സംശയം തോന്നുമെന്നും ശക്തമായി വിമർശിക്കുകയുണ്ടായി.
എന്നാൽ, കേസിന്റെ അന്വേഷണത്തോട് പിഎസ്സി സഹകരിക്കുന്നില്ലെന്ന നിലപാടാണ് സർക്കാർ കോടതിയിൽ ആവർത്തിച്ചത്. അതേസമയം, നിലവിലെ ക്രൈം ബ്രാഞ്ച് അന്വേഷണം ചട്ടങ്ങൾ പാലിക്കാതെയാണെന്നായിരുന്നു പിഎസ്സിയുടെ വാദം.
ഇരുപക്ഷത്തിന്റെയും വാദങ്ങൾ കേട്ട കോടതി കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചു.
വരുന്ന 27-ാം തീയതി കേസ് വീണ്ടും പരിഗണിക്കും. ഇതിനിടെ, ക്രൈംബ്രാഞ്ച് അന്വേഷണം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പിഎസ്സി നൽകിയ ഹർജിയിൽ, പിഎസ്സിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച ഉദ്യോഗാർത്ഥിയെയും കക്ഷിയായി ചേർത്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

