കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പുതിയ സർജിക്കൽ ബ്ലോക്കിൽ വൈദ്യുതി മുടങ്ങിയതിനെത്തുടർന്ന് ശസ്ത്രക്രിയകൾ തടസ്സപ്പെട്ടു. മൂന്ന് മണിക്കൂറും ഇരുപത് മിനിട്ടുമാണ് വൈദ്യുതി തടസ്സം നേരിട്ടത്.
കെട്ടിടത്തിൽ അടുത്തിടെയുണ്ടായ സീലിങ് തകർച്ചയ്ക്കു പിന്നാലെയാണ് ഈ ഗുരുതര സുരക്ഷാ വീഴ്ചയും പുറത്തുവന്നിരിക്കുന്നത്. സംഭവത്തിൽ സമഗ്രമായ സുരക്ഷാ ഓഡിറ്റ് നടത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
കൂടാതെ, സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് നൽകിയ പരാതിയിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. പുതിയ സർജിക്കൽ ബ്ലോക്കിൽ ഇന്നലെ രാവിലെ 5 മണിക്ക് നിലച്ച വൈദ്യുതി പുനഃസ്ഥാപിച്ചത് 8.20 മണിക്കാണ്.
പുതിയ സർജിക്കൽ ബ്ലോക്കിലെ വൈദ്യുതി വിതരണ കേന്ദ്രത്തിലുണ്ടായ സാങ്കേതിക തകരാറാണ് ഇത്രയും നീണ്ട വൈദ്യുതി മുടക്കത്തിന് കാരണമായത്.
കെട്ടിടത്തിലെ ലിഫ്റ്റുകളുടെയും മറ്റ് അത്യാവശ്യ സംവിധാനങ്ങളുടെയും പ്രവർത്തനം നിലച്ചതോടെ രോഗികളെ ഓപ്പറേഷൻ തിയറ്ററുകളിലേക്ക് മാറ്റുന്നതും ശസ്ത്രക്രിയകളും വൈകുകയായിരുന്നു. അതേസമയം, തീവ്രപരിചരണ വിഭാഗങ്ങളിൽ (ഐസിയു) ഇൻവെർട്ടർ സംവിധാനം ലഭ്യമായിരുന്നതിനാൽ അവിടങ്ങളിലെ പ്രവർത്തനങ്ങളെ തടസ്സങ്ങളില്ലാതെ മുന്നോട്ടു കൊണ്ടുപോകാൻ സാധിച്ചു.
കഴിഞ്ഞ ഫെബ്രുവരിയിൽ ഉദ്ഘാടനം നിർവഹിച്ച ഈ ബ്ലോക്കിൽ തുടർച്ചയായി ഉയരുന്ന നിർമാണ-പരിപാലന പ്രശ്നങ്ങൾക്കിടയിലേക്കാണ് പുതിയ വൈദ്യുതി തകരാറും എത്തിയിരിക്കുന്നത്. നിർമാണത്തിലെ പോരായ്മകൾ പൂർണമായി പരിഹരിച്ചശേഷം മാത്രമേ പുതിയ സർജിക്കൽ ബ്ലോക്ക് ഔദ്യോഗികമായി ഏറ്റെടുക്കൂവെന്നാണ് മെഡിക്കൽ കോളജ് അധികൃതരുടെ നിലപാട്.
കെട്ടിടത്തിന്റെ നിർമാണം നടത്തിയ ഏജൻസിയുമായി വാർഷിക അറ്റകുറ്റപ്പണിയും ജീവനക്കാരുടെ ശമ്പളവും സംബന്ധിച്ച തർക്കങ്ങൾ നിലനിൽക്കുന്നതും കെട്ടിടം പൂർണ്ണതോതിൽ ഏറ്റെടുക്കുന്നതിന് തടസ്സമായി നിൽക്കുന്നുണ്ട്. അതിനിടെ, ബ്ലോക്കിലെ തുടർച്ചയായ പ്രശ്നങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും വിജിലൻസ് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഡിസിസി ജനറൽ സെക്രട്ടറി അധികാരികൾക്ക് പരാതി നൽകിയിരുന്നെങ്കിലും ഇതുവരെയും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

