നവംബർ ഒന്നാം തീയതി നിശ്ചയിച്ചിരിക്കുന്ന മഹാറാലിയിൽ നിന്ന് പിന്മാറില്ലെന്ന നിലപാടിൽ ഉറച്ചുനിന്ന് കോൺഗ്രസ് നേതൃത്വം. ഒക്ടോബർ 30 മുതൽ ദില്ലിയിൽ സന്നിഹിതരായിരിക്കണമെന്ന് ആവശ്യപ്പെട്ട് സഖ്യകക്ഷി നേതാക്കൾക്കും മുതിർന്ന കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ കത്തയച്ചു.
റാലി മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രീസ് നൽകിയ അഭ്യർത്ഥന പാർട്ടി തള്ളിക്കളഞ്ഞു. ഈ റാലിയിലൂടെ ഏകദേശം 10 ലക്ഷം പേരെ പങ്കെടുപ്പിക്കാനാണ് കോൺഗ്രസ് പദ്ധതിയിടുന്നത്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഈ മാസം 30-ന് സംഘടിപ്പിക്കുന്ന പ്രതീകാത്മക വിചാരണയിൽ മുൻ ജഡ്ജിമാർ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കും. കൂടാതെ, വരാനിരിക്കുന്ന ശൈത്യകാല സമ്മേളനത്തിൽ ഇംപീച്ച്മെന്റ് നോട്ടീസ് നൽകാനും തീരുമാനമായിട്ടുണ്ട്.
സിഖ് കലാപത്തിന്റെ വാർഷിക ദിനത്തിൽ തന്നെ മഹാറാലി പ്രഖ്യാപിച്ചത് സിഖ് വിഭാഗത്തോടുള്ള വെല്ലുവിളിയാണെന്നും മുറിവിൽ ഉപ്പ് പുരട്ടുന്നതിന് തുല്യമാണെന്നും ചൂണ്ടിക്കാട്ടി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. പ്രതിപക്ഷത്തിന്റെ പുതിയ സമര പ്രഖ്യാപനം സിഖ് വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന വിമർശനമാണ് ഭരണപക്ഷം കടുപ്പിക്കുന്നത്.
എന്നാൽ ഈ വിമർശനങ്ങളെല്ലാം പൂർണ്ണമായും തള്ളിക്കളഞ്ഞാണ് പ്രതിപക്ഷം മുന്നോട്ടുപോകുന്നത്. ഇടവേളയ്ക്ക് ശേഷം ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങുന്ന പ്രതിപക്ഷം, തങ്ങളുടെ ഐക്യം പ്രകടമാക്കാനാണ് മഹാറാലി ലക്ഷ്യമിടുന്നത്.
വിദേശത്തുപോയിരിക്കുന്ന രാഹുൽ ഗാന്ധി തിരിച്ചെത്തിയ ശേഷം ഭാവി സമരപരിപാടികൾ സംബന്ധിച്ച കൂടുതൽ നിർണായക തീരുമാനങ്ങൾ ഉണ്ടാകും. നഗരത്തിലെ പ്രതിഷേധങ്ങൾ ഉത്സവകാലത്തെ കച്ചവടത്തെ ബാധിക്കുന്നുവെന്ന വ്യാപാരികളുടെ പരാതി നിലനിൽക്കെയാണ് ഗ്യാനേഷ് കുമാറിന്റെ പ്രതീകാത്മക ഇംപീച്ച്മെന്റ് ദില്ലിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ച് നടത്താൻ പ്രതിപക്ഷം ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

