കുമളി: ഗർഭിണികൾക്കായി സമ്മാനങ്ങളും പരമ്പരാഗത സദ്യയും ഒരുക്കി തമിഴ്നാട്ടിലെ കമ്പത്ത് പ്രത്യേക ബേബി ഷവർ ചടങ്ങ് നടന്നു. സംയോജിത ശിശു വികസന പരിപാടിയുടെ ഭാഗമായി തേനി ജില്ലാ കലക്ടറുടെ നേതൃത്വത്തിലാണ് ഈ ഔദ്യോഗിക പരിപാടി സംഘടിപ്പിച്ചത്.
മുന്നൂറിലധികം ഗർഭിണികൾ പങ്കെടുത്ത ഈ കമ്മ്യൂണിറ്റി ബേബി ഷവർ നാട്ടുകാർക്കും ഏറെ കൗതുകകരമായ കാഴ്ചയായി മാറി. കമ്പം നിയമസഭാ മണ്ഡലത്തിന് കീഴിലുള്ള ചിന്നമന്നൂർ, കമ്പം എന്നീ പ്രദേശങ്ങളിൽ നിന്നുള്ള 300-ൽ അധികം ഗർഭിണികളായ സ്ത്രീകളാണ് ചടങ്ങിനായി ഒരു സ്വകാര്യ കല്യാണമണ്ഡപത്തിൽ ഒത്തുകൂടിയത്.
ചടങ്ങിൽ ജില്ലാ കലക്ടർ വൈദ്യനാഥൻ, കമ്പം എംഎൽഎ ജഗന്നാഥ് മിശ്ര എന്നിവർ ചേർന്ന് ഗർഭിണികളായ അമ്മമാരെ ചന്ദനവും കുങ്കുമവും ചാർത്തി ആദരിച്ചു. തുടർന്ന് ഇവർക്ക് 2,000 രൂപ വിലവരുന്ന പോഷകസമൃദ്ധമായ ഭക്ഷ്യവസ്തുക്കളും പഴങ്ങളും സമ്മാനമായി നൽകി.
ഒപ്പം ഏഴ് തരം ഭക്ഷണങ്ങൾ അടങ്ങിയ വിഭവസമൃദ്ധമായ സദ്യയും ചടങ്ങിന്റെ ഭാഗമായി വിളമ്പി. സാമൂഹികക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ, റവന്യൂ ഡിവിഷണൽ ഉദ്യോഗസ്ഥർ, താലൂക്ക് ഉദ്യോഗസ്ഥർ, വിവിധ തദ്ദേശ സ്വയംഭരണ പ്രതിനിധികൾ എന്നിവരുൾപ്പെടെ നിരവധി പ്രമുഖർ പരിപാടിയിൽ സന്നിഹിതരായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

