സംസ്ഥാനത്തെ മുഴുവൻ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുന്ന യുഡിഎഫ് സർക്കാരിന്റെ അഭിമാന പദ്ധതിയായ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി യാഥാർത്ഥ്യത്തിലേക്ക് അടുക്കുന്നു. പദ്ധതിയുടെ വിശദമായ പദ്ധതി രേഖ (ഡി.പി.ആർ) തയ്യാറാക്കുന്നതിന്റെ ഭാഗമായി ഇൻഷുറൻസ് മേഖലയിലെ പ്രമുഖ വിദഗ്ദ്ധരെ ഉൾക്കൊള്ളിച്ചു കൊണ്ട് ഉന്നതതല സാങ്കേതിക സമിതി രൂപീകരിച്ചതായി ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ.
മുരളീധരൻ വ്യക്തമാക്കി. യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ മുൻ ചെയർമാനും മാനേജിംഗ് ഡയറക്ടറും സംസ്ഥാന മുൻ ഇൻഷുറൻസ് ഓംബുഡ്സ്മാനുമായ ഗിരീഷ് രാധാകൃഷ്ണൻ, ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ മുൻ അംഗം പി.ജെ.
ജോസഫ്, നാഷണൽ ഇൻഷുറൻസ് കമ്പനിയുടെ മുൻ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കെ. സനത് കുമാർ എന്നിവരാണ് സമിതിയിലെ പ്രധാന വിദഗ്ദ്ധർ.
ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായി പ്രവർത്തിക്കുന്ന ഈ സമിതിയിൽ ധനകാര്യ, ആസൂത്രണ വകുപ്പ് സെക്രട്ടറിമാരും സ്റ്റേറ്റ് ഹെൽത്ത് ഏജൻസി എക്സിക്യൂട്ടീവ് ഡയറക്ടറും ഔദ്യോഗിക അംഗങ്ങളായിരിക്കും. രൂപീകരണം പൂർത്തിയായ സാങ്കേതിക സമിതി, പദ്ധതിയുടെ വിശദമായ റിപ്പോർട്ട് അടുത്ത നാല് മാസത്തിനകം സർക്കാരിന് സമർപ്പിക്കാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്.
വരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള മുൻകാല നിയന്ത്രണങ്ങൾ പരമാവധി ഒഴിവാക്കിക്കൊണ്ട് കേരളത്തിലെ മുഴുവൻ കുടുംബങ്ങളെയും ഈ സുപ്രധാന പദ്ധതിയുടെ ഗുണഭോക്താക്കളാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. എംപാനൽ ചെയ്യപ്പെടുന്ന സർക്കാർ, സ്വകാര്യ ആശുപത്രികൾ വഴി ക്യാഷ്ലെസ് ചികിത്സാ സൗകര്യം ഉറപ്പാക്കുന്ന രീതിയിൽ കേരള സ്റ്റേറ്റ് ഹെൽത്ത് ഏജൻസി (എസ്.എച്ച്.എ) മുഖേന പദ്ധതി നടപ്പിലാക്കുന്നതും സജീവ പരിഗണനയിലുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫ് പ്രഖ്യാപിച്ച പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ ഇന്ദിരാഗ്യാരന്റിയുടെ ഭാഗമാണ് ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ്. ഇതിന്റെ തുടർച്ചയായി 2026–27 ലെ സംസ്ഥാന ബഡ്ജറ്റിലും സാർവത്രിക ആരോഗ്യ പരിരക്ഷ സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരുന്നു.
നിലവിലുള്ള വിവിധ ആരോഗ്യ ഇൻഷുറൻസ് പദ്ധതികളെയും പൊതുജനാരോഗ്യ ധനസഹായ സംവിധാനങ്ങളെയും പുതിയ പദ്ധതിയുമായി എങ്ങനെ കാര്യക്ഷമമായി സംയോജിപ്പിക്കാമെന്നും സമിതി പരിശോധിക്കും. സംസ്ഥാനത്തെ ജനവിഭാഗങ്ങൾക്ക് സമഗ്രമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനുള്ള അനുയോജ്യമായ സംവിധാനങ്ങൾ, പദ്ധതിയുടെ ധനകാര്യ മാതൃക, ആശുപത്രികളുടെ എംപാനൽമെന്റ് നടപടികൾ, ക്ലെയിം മാനേജ്മെന്റ്, സേവനങ്ങളുടെ ഗുണനിലവാര ഉറപ്പ്, വേഗത്തിലുള്ള പരാതിപരിഹാരം തുടങ്ങിയ സുപ്രധാന കാര്യങ്ങളെല്ലാം സമിതി ആഴത്തിൽ പഠിച്ച് റിപ്പോർട്ട് ചെയ്യും.
ജനലക്ഷങ്ങൾക്ക് ഏറെ പ്രയോജനപ്രദമാകുന്ന ഈ പദ്ധതി സമയബന്ധിതമായി യാഥാർത്ഥ്യമാക്കുന്നതിലൂടെ മറ്റൊരു തിരഞ്ഞെടുപ്പ് വാഗ്ദാനം കൂടി സർക്കാർ പാലിക്കുകയാണെന്ന് മന്ത്രി കെ. മുരളീധരൻ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

