നഗരത്തിലെ ഗതാഗതക്കുരുക്കും നിയമലംഘനങ്ങളും നേരിട്ട് അനുഭവിച്ചറിയാൻ പൊതുജനങ്ങൾക്ക് അവസരമൊരുക്കി ബെംഗളൂരു ട്രാഫിക് പൊലീസ്. ‘കോപ് ഫോർ ദി ഡേ’ (Cop for the Day) എന്ന പേരിൽ പുനരാരംഭിച്ച പദ്ധതിയിലൂടെ നഗരവാസികൾക്ക് ഒരു ദിവസം ട്രാഫിക് പൊലീസിനൊപ്പം പ്രവർത്തിക്കാനാണ് സുവർണാവസരം ലഭിക്കുന്നത്.
ട്രാഫിക് നിയന്ത്രണത്തിലെ യഥാർത്ഥ ബുദ്ധിമുട്ടുകൾ മനസ്സിലാക്കുന്നതിനൊപ്പം, യാത്രക്കാരുടെ അനുഭവങ്ങളും നിർദേശങ്ങളും പൊലീസുമായി പങ്കുവെക്കുകയെന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. “വരൂ, ഒരുനാൾ ട്രാഫിക്ക് നിയന്ത്രിക്കാം” എന്ന് വ്യക്തമാക്കിക്കൊണ്ട് ബെംഗളൂരു ട്രാഫിക് പൊലീസ് ഔദ്യോഗിക എക്സ് (എക്സ്) പേജിലൂടെയാണ് ജനങ്ങളെ പദ്ധതിയിലേക്ക് ക്ഷണിച്ചത്.
“ഒരു ട്രാഫിക് പൊലീസുകാരന്റെ സ്ഥാനത്ത് നിന്ന് കാര്യങ്ങൾ അനുഭവിച്ചറിയൂ” എന്ന ആശയമാണ് ഇതിലൂടെ മുന്നോട്ടുവെക്കുന്നത്. പദ്ധതിയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ BTP ASTraM ആപ്പ് വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്.
അപേക്ഷകൾ സൂക്ഷ്മമായി പരിശോധിച്ച ശേഷമായിരിക്കും അന്തിമ തെരഞ്ഞെടുപ്പ് നടത്തുക. തെരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്ക് വിദഗ്ദ്ധരായ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് ആവശ്യമായ പരിശീലനവും ലഭ്യമാക്കും.
പരിശീലനത്തിന് ശേഷം നഗരത്തിലെ തിരക്കേറിയ ജംഗ്ഷനുകളിൽ ഉദ്യോഗസ്ഥർക്കൊപ്പം സേവനം അനുഷ്ഠിക്കാൻ ഇവർക്ക് അവസരം ലഭിക്കും. വാഹനങ്ങളുടെ തിരക്ക് നിയന്ത്രിക്കുക, നിയമലംഘനങ്ങൾ നിരീക്ഷിക്കുക തുടങ്ങിയ ചുമതലകൾക്കൊപ്പം റോഡിലെ യാഥാർത്ഥ്യങ്ങൾ അടുത്തറിയാനും ഇത് സഹായിക്കും.
പൊലീസിന്റെ ദൈനംദിന ഉത്തരവാദിത്തങ്ങളും സേന നേരിടുന്ന വെല്ലുവിളികളും പൊതുജനങ്ങൾ കൂടി തിരിച്ചറിയാൻ ഈ ഇടപെടൽ ഉപകരിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. കൂടാതെ, ജനങ്ങളുടെ കാഴ്ചപ്പാടുകൾ സ്വീകരിച്ച് നഗരത്തിലെ ഗതാഗത നിയന്ത്രണം കൂടുതൽ കാര്യക്ഷമമാക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.
അതേസമയം, സമൂഹ മാധ്യമങ്ങളിൽ ഈ പദ്ധതിക്ക് അനുകൂലമായും പ്രതികൂലമായും നിരവധി പ്രതികരണങ്ങളാണ് ലഭിക്കുന്നത്. മുംബൈ, പൂനെ തുടങ്ങിയ രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളിലും സമാനമായ പരിപാടികൾ നടപ്പാക്കണമെന്ന് ചിലർ ആവശ്യപ്പെട്ടു.
ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവരെ നേരിട്ട് ബോധ്യപ്പെടുത്താനും ഈ ജോലിയിലെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കാനും ഇത്തരം മാതൃകകൾ ഉപകരിക്കുമെന്നാണ് പലരുടെയും അഭിപ്രായം. എന്നാൽ, എല്ലാ ജോലികൾക്കും അതിന്റേതായ പ്രയാസങ്ങളുണ്ടെന്നും പൊലീസ് സാധാരണക്കാരുടെ പ്രശ്നങ്ങൾ കൂടുതൽ അനുഭാവപൂർവ്വം മനസിലാക്കണമെന്നും ചിലർ ചൂണ്ടിക്കാണിച്ചു.
പൗരന്മാരോട് സൗമ്യമായി പെരുമാറുന്നതിനാണ് ആദ്യം മുൻഗണന നൽകേണ്ടതെന്നും, റോഡിലെ കുഴികൾ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ നന്നാക്കിയ ശേഷം ഇത്തരം പരീക്ഷണങ്ങൾക്ക് മുതിരണമെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

