ശബരിമല ദർശനത്തിനെത്തിയപ്പോൾ താൻ ഒരു ട്രാൻസ്ജെൻഡർ വ്യക്തിയാണെന്ന കാരണത്താൽ പൊലീസ് പ്രവേശനം തടഞ്ഞുവെന്ന് കാണിച്ച് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. തമിഴ്നാട് ചെങ്കൽപട്ട് സ്വദേശിയും അഭിഭാഷകയുമായ സത്യശ്രീ ശർമിള റെഹമത്തലിയാണ് ഈ നിയമപോരാട്ടവുമായി കോടതിയെ സമീപിച്ചിരിക്കുന്നത്.
41 ദിവസത്തെ വ്രതാനുഷ്ഠാനങ്ങൾ പൂർത്തിയാക്കി ഇരുമുടിക്കെട്ടുമായി ഓഗസ്റ്റ് 20 ഉച്ചയ്ക്ക് മൂന്നരയോടെ പമ്പയിലെത്തിയ തന്നെ, ദേവസ്വം ബോർഡിന്റെ നിർദേശമുണ്ടെന്ന് അറിയിച്ച് പൊലീസ് മലകയറാൻ അനുവദിക്കാതെ മടക്കി അയയ്ക്കുകയായിരുന്നുവെന്ന് ഹർജിക്കാരി വ്യക്തമാക്കുന്നു. തിരുവോണ ദിവസമായ നാളെ ക്ഷേത്രത്തിൽ പ്രവേശിച്ച് വഴിപാടുകൾ നടത്തുന്നതിന് അനുമതി നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ കേസ് പരിഗണിക്കുന്നത് കോടതി സെപ്റ്റംബർ മൂന്നിലേക്ക് മാറ്റുകയായിരുന്നു. ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിനും ബന്ധപ്പെട്ട
മറ്റു കക്ഷികൾക്കും നോട്ടീസ് അയയ്ക്കാനും കോടതി ഇന്നലെ നിർദേശം നൽകിയിട്ടുണ്ട്. മുൻകാലങ്ങളിൽ അതായത് 2026 ജനുവരി 3നും ഏപ്രിൽ 15നും വ്രതമെടുത്ത് ഇരുമുടിക്കെട്ടുമായി താൻ ശബരിമലയിൽ ദർശനം നടത്തിയിട്ടുണ്ടെന്ന് സത്യശ്രീ ചൂണ്ടിക്കാണിക്കുന്നു.
എന്നാൽ ഇത്തവണ ട്രാൻസ്ജെൻഡർ വ്യക്തിയാണെന്ന ഒറ്റ കാരണത്താൽ പ്രവേശനം നിഷേധിച്ചത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും, പ്രവേശനത്തിന് തടസം നിൽക്കുന്നതിന്റെ ഔദ്യോഗിക ഉത്തരവുകളോ സർക്കുലറുകളോ കാണിച്ചുതരാൻ പൊലീസ് തയ്യാറായില്ലെന്നും ഹർജിയിൽ പറയുന്നു. ഈ നടപടി മൂലം കടുത്ത മാനസിക ബുദ്ധിമുട്ടുകളും അപമാനവുമാണ് നേരിടേണ്ടി വന്നതെന്നും അവർ വ്യക്തമാക്കി.
പമ്പ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറുടെ ഈ നടപടിക്കെതിരെ പമ്പ ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്കും സംസ്ഥാന ചീഫ് സെക്രട്ടറിക്കും പരാതി നൽകിയിട്ടും യാതൊരുവിധ ഫലവുമുണ്ടായില്ല. ട്രാൻസ്ജെൻഡർ വ്യക്തികളുടെ അവകാശ സംരക്ഷണ നിയമം അനുസരിച്ച് ഭക്തരെ മെഡിക്കൽ സർട്ടിഫിക്കറ്റുകളുടെ പേരിൽ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്നും, മറ്റെല്ലാ ഭക്തരെയും പോലെ തുല്യ പരിഗണനയോടെ പെരുമാറാൻ പൊലീസിനും അധികാരികൾക്കും നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

