നഗരവാസികളുടെ ഏറെ നാളത്തെ ആവശ്യത്തിന് സാക്ഷാത്കാരമായി പാലക്കാട് പുതിയ കെഎസ്ആർടിസി സിറ്റി ബസ് സർവീസ് ആരംഭിച്ചു. ആദ്യ സർവീസിന്റെ ഫ്ലാഗ് ഓഫ് കർമ്മം രമേഷ് പിഷാരടി എംഎൽഎ നിർവഹിച്ചു.
പദ്ധതി വിജയം കാണുന്ന പക്ഷം നഗരത്തിൽ കൂടുതൽ സിറ്റി സർവീസുകൾ വ്യാപിപ്പിക്കുമെന്ന് അദ്ദേഹം ചടങ്ങിൽ വ്യക്തമാക്കി. പ്രിയദർശിനി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വനിതകൾക്കായി ഈ സർവീസിൽ സൗജന്യ യാത്രാസൗകര്യം ഒരുക്കിയിട്ടുള്ളത്.
രമേഷ് പിഷാരടി എംഎൽഎയുടെ പ്രത്യേക താൽപ്പര്യപ്രകാരം മന്ത്രി സി.പി.ജോൺ ഈ പദ്ധതിക്ക് അനുമതി നൽകിയതോടെയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിച്ചുള്ള യാത്രാസൗകര്യം യാഥാർത്ഥ്യമായത്. ചടങ്ങിൽ വാർഡ് കൗൺസിലർ എം.എം.അഷ്കർ അധ്യക്ഷത വഹിച്ചു.
വർഷങ്ങളായുള്ള നാട്ടുകാരുടെയും സ്കൂൾ അധികൃതരുടെയും ആവശ്യപ്രകാരം ഗവ.ബിഗ്ബസാർ സ്കൂളിനു സമീപത്തു കൂടിയും പുതിയ ബസ് സർവീസ് ക്രമീകരിച്ചിട്ടുണ്ട്. ഇതിനായി നഗരസഭാംഗങ്ങളും സ്കൂൾ പിടിഎ ഭാരവാഹികളും കെഎസ്ആർടിസിക്ക് നിവേദനം നൽകിയിരുന്നു.
ചടങ്ങിൽ ജില്ലാ ട്രാൻസ്പോർട്ട് ഓഫിസർ ജോഷി ജോൺ, ഡിപ്പോ എൻജിനീയർ വി.റെജിമോൻ, ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ വി.സഞ്ജീവ്കുമാർ, വിവിധ സംഘടന പ്രതിനിധികളായ പി.എസ്.മഹേഷ്, ടി.സന്തോഷ്കുമാർ, സിഎംപി ജില്ലാ സെക്രട്ടറി പി.കലാധരൻ, നഗരസഭാംഗങ്ങളായ എം.മോഹൻബാബു, കെ.പ്രതിഭ, മുൻ കൗൺസിലർ എ.കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ബസ് സർവീസ് സമയം (തിങ്കൾ മുതൽ): ∙ രാവിലെ 8.10നു പാലക്കാട് സ്റ്റാൻഡിൽ നിന്നു പുറപ്പെട്ട് മണപ്പുള്ളിക്കാവ് വഴി 8.20നു പാലക്കാട് ഗവ.മെഡിക്കൽ കോളജിലെത്തും.
∙ 8.30നു മെഡിക്കൽ കോളജിൽ നിന്നു പുറപ്പെട്ട് യാക്കര, ചടനാംകുറുശ്ശി, നൂറണി, ബിഗ്ബസാർ സ്കൂൾ വഴി 9.20നു മേലാമുറിയിലെത്തും. ∙ 9.30നു മേലാമുറിയിൽ നിന്നു പുറപ്പെട്ട് മേഴ്സി കോളജ്, സ്റ്റേഡിയം ബസ് സ്റ്റാൻഡ്– മണപ്പുള്ളിക്കാവ് വഴി 10.10നു മെഡിക്കൽ കോളജിലെത്തും.
∙ 10.20നു മെഡിക്കൽ കോളജിൽ നിന്നു പുറപ്പെട്ട് പുതിയപാലം വഴി 10.50ന് ഒലവക്കോട്ടെത്തും. ∙ 11.10 മുതൽ വൈകിട്ട് 3 വരെ ഒലവക്കോട് – പാലക്കാട് മെഡിക്കൽ കോളജ് റൂട്ടിൽ സർവീസ് നടത്തും.
∙ 3.10ന് മെഡിക്കൽ കോളജിൽ നിന്നു പുറപ്പെട്ട് സിവിൽ സ്റ്റേഷൻ– മേഴ്സി കോളജ് വഴി 3.50നു മേലാമുറിയിലെത്തും. ∙ 4നു മേലാമുറിയിൽ നിന്നു പുറപ്പെട്ട് ബിഗ്ബസാർ സ്കൂൾ, നൂറണി, ചടനാംകുറുശ്ശി, യാക്കര വഴി 4.50നു മെഡിക്കൽ കോളജിലെത്തും.
∙ 5.10നു മെഡിക്കൽ കോളജിൽ നിന്നു പുറപ്പെട്ട് ഒലവക്കോട്– മുണ്ടൂർ വഴി 6നു കോങ്ങാട് എത്തും. ∙ 6.10നു കോങ്ങാട്ടു നിന്നു പുറപ്പെട്ട് മുണ്ടൂർ, ഒലവക്കോട് വഴി 7നു പാലക്കാട്ടെത്തും.
(പരീക്ഷണാടിസ്ഥാനത്തിലാണ് ഈ റൂട്ടുകൾ നിശ്ചയിച്ചിട്ടുള്ളത്. യാത്രക്കാരുടെ ആവശ്യം, വരുമാനം എന്നീ ഘടകങ്ങൾകൂടി പരിഗണിച്ച് ആവശ്യമെങ്കിൽ റൂട്ടിൽ ക്രമീകരണം വരുത്തുന്നതാണ്).
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

