നവീകരണ പ്രവൃത്തികൾ നടക്കുന്ന താമരശ്ശേരി ചുരത്തിൽ വീണ്ടും ഗതാഗതസ്തംഭനം. ചുരം എട്ടാം വളവിൽ കഴിഞ്ഞ ദിവസം രാത്രിയോടെ ചരക്കുലോറി തകരാറിലായി കുടുങ്ങിയതിനെത്തുടർന്ന് മണിക്കൂറുകളോളമാണ് യാത്രക്കാർ ദുരിതത്തിലായത്.
കനത്ത പെരുമഴയെത്തുടർന്നുണ്ടായ ഗതാഗതക്കുരുക്ക് എട്ടു മണിക്കൂറിലധികം നീണ്ടുനിന്നു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ഇതിന് താൽക്കാലിക ആശ്വാസമായത്.
വ്യാഴാഴ്ച രാത്രിയാണ് ചുരത്തിൽ കനത്ത മഴ പെയ്തത്. ഇതിനിടയിലാണ് എട്ടാം വളവിൽ ലോറി പണിമുടക്കിയത്.
ചുരത്തിലെ ആറ്, എട്ട് വളവുകളിൽ ഏതാനും മാസങ്ങളായി വീതികൂട്ടൽ പ്രവൃത്തികൾ നടന്നു വരികയാണ്. എന്നാൽ ആവശ്യത്തിന് തൊഴിലാളികളോ യന്ത്രസാമഗ്രികളോ ഇല്ലാത്തതിനാൽ നിർമാണ ജോലികൾ ഇഴഞ്ഞുനീങ്ങുന്നതായാണ് ആക്ഷേപം.
അതിരാവിലെ മുതൽ പൊലീസും സന്നദ്ധപ്രവർത്തകരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചെങ്കിലും രാവിലെ 10 മണിയോടെയാണ് ഗതാഗതം ഭാഗികമായെങ്കിലും പുനഃസ്ഥാപിക്കാൻ സാധിച്ചത്. തുടർന്ന് രണ്ടു മണിക്കൂറോളമെടുത്താണ് വാഹനങ്ങൾ ചുരം കയറിപ്പോയത്.
ലോറി നീക്കം ചെയ്ത് ഇരുവശത്തേക്കുമുള്ള ഗതാഗതം സാധ്യമാക്കിയതിനെത്തുടർന്ന് ഉച്ചയോടെയാണ് സ്ഥിതിഗതികൾ സാധാരണ നിലയിലായത്. എങ്കിലും ഒൻപതാം വളവിനു സമീപം കുരുക്ക് തുടരുകയുണ്ടായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

