ഫുട്ബോൾ ഇതിഹാസം ലയണൽ മെസി നായകനായുള്ള അർജന്റീന ദേശീയ ടീമിനെ കേരളത്തിൽ എത്തിക്കുമെന്ന് പ്രഖ്യാപിച്ച സ്പോൺസർമാർക്കെതിരെയുള്ള ജി.എസ്.ടി നികുതി വെട്ടിപ്പ് സംബന്ധിച്ച അന്വേഷണം നാളെ മുതൽ ആരംഭിക്കും. സ്പോൺസർമാരായ പ്രമുഖ കമ്പനി 22.68 കോടി രൂപയുടെ നികുതി അടയ്ക്കാത്തതുമായി ബന്ധപ്പെട്ടാണ് നടപടി.
കേസിന്റെ അന്വേഷണത്തിനായി ജി.എസ്.ടി വകുപ്പ് രൂപീകരിച്ച അഞ്ചംഗ പ്രത്യേക അന്വേഷണ സംഘം നാളെ കാഞ്ഞങ്ങാട് നേരിട്ടെത്തി പരിശോധന നടത്തും. കാഞ്ഞങ്ങാട് ജി.എസ്.ടി ഓഫീസിലെ ഉദ്യോഗസ്ഥരാണ് പ്രാഥമികമായി നികുതി വെട്ടിപ്പ് കണ്ടെത്തിയത്.
കേസിന്റെ ഭാഗമായി കാഞ്ഞങ്ങാട് ഇന്റലിജൻസ് ഓഫീസറുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. കമ്പനിക്ക് നോട്ടീസ് അയച്ചിട്ടും തുടർനടപടികൾ സ്വീകരിക്കുന്നതിൽ വീഴ്ചയുണ്ടായതിന്റെ കാരണം ഉദ്യോഗസ്ഥരിൽ നിന്ന് തേടും.
അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ട് ഈ വരുന്ന ബുധനാഴ്ചയോടെ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരും ദിവസങ്ങളിൽ മറ്റ് സാമ്പത്തിക ഇടപാടുകളെക്കുറിച്ചും സർക്കാർതല അന്വേഷണം ഉണ്ടാകുമെന്നാണ് സൂചന.
ലയണൽ മെസിയെ കേരളത്തിലേക്ക് കൊണ്ടുവരുമെന്ന വാഗ്ദാനവുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള തട്ടിപ്പുകൾ നടന്നിട്ടുണ്ടെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രത്യേക അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകിയത്. ഡെപ്യൂട്ടി കമ്മീഷണർ സി ബ്രിജേഷിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ഈ നിർണായക അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്.
സ്പോൺസർമാർ ജി.എസ്.ടി ഇനത്തിൽ 22.68 കോടി രൂപ അടയ്ക്കാനുണ്ടെന്ന് 2025 ജൂൺ മാസത്തിലാണ് കണ്ടെത്തുന്നത്. കാഞ്ഞങ്ങാട് ജി.എസ്.ടി ഇന്റലിജൻസ് ഓഫീസ് അഞ്ച് തവണ നോട്ടീസ് അയച്ചെങ്കിലും കമ്പനി ഇത് അവഗണിക്കുകയാണുണ്ടായത്.
എന്നിട്ടും സമയബന്ധിതമായി തുടർനടപടികൾ ഉണ്ടായില്ല. തുടർന്നാണ് കഴിഞ്ഞ ജൂലൈയിൽ വീണ്ടും സമൻസ് അയച്ചത്.
എന്നാൽ നികുതി അടച്ചിട്ടില്ലെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥനെ ഇതിനിടെ സ്ഥലംമാറ്റുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് നോട്ടീസ് നൽകിയിട്ടും തുടർനടപടികൾ വൈകിയതിൽ കാഞ്ഞങ്ങാട് ഇന്റലിജൻസ് ഓഫീസറോട് അന്വേഷണ സംഘം വിശദീകരണം ആവശ്യപ്പെടുന്നത്.
ഇതിന്റെ ഭാഗമായി വിവിധ ഫയലുകൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഇ-വേ ബില്ലുകൾ എന്നിവ സംഘം വിശദമായി പരിശോധിക്കും. ബുധനാഴ്ചയോടെ സർക്കാരിന് പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാനാണ് സാധ്യത.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

