അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ സൂചിപ്പിച്ചതിന് പിന്നാലെ, പുതിയ നിബന്ധനകളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. ഇറാൻ ഉൾപ്പെടെയുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ ‘എബ്രഹാം ഉടമ്പടി’യുടെ (Abraham Accords) ഭാഗമാകണമെന്നതാണ് ട്രംപിന്റെ പുതിയ നിർദേശം.
ഹോർമുസ് കടലിടുക്ക് തുറന്നുനൽകുക, യുറേനിയം സമ്പുഷ്ടീകരണം പൂർണമായി അവസാനിപ്പിക്കുക, ഇറാന് നഷ്ടപരിഹാരം നൽകില്ല തുടങ്ങിയ കർശന നിലപാടുകൾക്ക് പുറമെയാണ് ഈ പുതിയ ആവശ്യം അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. 2020-ൽ ട്രംപ് അമേരിക്കയുടെ പ്രസിഡന്റായിരിക്കെ ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം സാധാരണ നിലയിലാക്കാൻ രൂപം നൽകിയ യുഎസ് മധ്യസ്ഥതയിലുള്ള കരാറാണ് എബ്രഹാം ഉടമ്പടി.
യുഎഇ, ബഹ്റൈൻ, മൊറോക്കോ, സുഡാൻ, കസാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ ഇതിനകം കരാറിന്റെ ഭാഗമായിട്ടുണ്ട്. സൗദി അറേബ്യ, യുഎഇ, ഖത്തർ, പാകിസ്ഥാൻ, തുർക്കി, ഈജിപ്ത്, ജോർദാൻ, ബഹ്റൈൻ എന്നീ രാജ്യങ്ങളിലെ ഭരണ നേതൃത്വവുമായി ചർച്ച നടത്തിയതായി തിങ്കളാഴ്ച ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിൽ ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.
മേഖലയിലെ സമാധാനത്തിനായി ഈ രാജ്യങ്ങളെല്ലാം ഒരേസമയം ഉടമ്പടിയിൽ ഒപ്പുവെക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. കരാർ ഒപ്പിട്ട
രാജ്യങ്ങൾക്ക് വൻ സാമ്പത്തിക-സാമൂഹിക പുരോഗതിയുണ്ടായെന്ന് അവകാശപ്പെട്ട ട്രംപ്, സൗദിയും ഖത്തറും ഉടൻ ഇതിന് തുടക്കം കുറിക്കണമെന്നും ആവശ്യപ്പെട്ടു.
എന്നാൽ, പലസ്തീൻ വിഷയത്തിൽ വ്യക്തമായ ‘ദ്വിരാഷ്ട്ര പരിഹാരം’ ഉണ്ടാകണമെന്ന നിബന്ധന നേരത്തെ സൗദി മുന്നോട്ടുവെച്ചിരുന്നു. അതേസമയം, യുഎസ്-ഇറാൻ സമാധാന കരാർ സംബന്ധിച്ച് മാർക്കോ റൂബിയോ ശുഭപ്രതീക്ഷ പ്രകടിപ്പിച്ചെങ്കിലും, ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മാഈൽ ബഗായി ഈ വാർത്തകളെ തള്ളി.
കരാർ ഉടൻ യാഥാർത്ഥ്യമാകുമെന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. വെടിനിർത്തൽ നിലനിൽക്കുമ്പോഴും ഹോർമുസ് കടലിടുക്കിലെ നിയന്ത്രണം സംബന്ധിച്ച തർക്കങ്ങൾ തുടരുകയാണ്.
“ഒന്നുകിൽ എല്ലാവർക്കും ലാഭകരമായ വലിയൊരു കരാർ, അല്ലെങ്കിൽ വീണ്ടും ശക്തമായ യുദ്ധമുഖത്തേക്ക്” എന്ന മുന്നറിയിപ്പാണ് ട്രംപ് ഇപ്പോൾ നൽകുന്നത്. ഈ പുതിയ നീക്കങ്ങൾ ആഗോളതലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

